Friday 14 January 2011

തലമുടി പുരാണം

“ഒമാനിൽ വന്നത് പനങ്കുല പോലെ മുടിയുമായിട്ടാണു”. ഇത് പറയുന്നത് ഞാനല്ല, പിന്നെ ഇത് ഒരു പരസ്യ വാചകവുമല്ല. . എന്റെ ഭാര്യ തലമുടി, ചീകുമ്പോൾ, മുറി തൂക്കുമ്പോൾ ഒക്കെ പൊഴിഞ്ഞു വീണ മുടി വാരിയെടുത്തിട്ട് പറയുന്ന ആത്മഗതമാണു. സംഗതി സത്യമാണു. ഞാൻ കല്യാണം കഴിക്കുന്ന സമയം അവൾക്ക്, കവികൾ കേരളാ മങ്കമാരുടെ മുടികളെ പറ്റി വർണ്ണിക്കുന്നത് പോലെയുള്ള മുടിയുണ്ടായിരുന്നു. അതാണു എന്റെ ഭാര്യ, ഇപ്പോൾ എപ്പോഴും പറയുന്ന “പനങ്കുല”. അങ്ങനെയുണ്ടായിരുന്ന മുടിയാണു ഇപ്പോൾ കൊഴിഞ്ഞ്, കൊഴിഞ്ഞ് പോകുന്നത്. . ഇന്ന് നടി സംയുക്താ വർമ്മയും, സംവ്രതാ സുനിലും ഒക്കെ എന്റെ മുടി കണ്ടോ, അതിന്റെ ഭംഗി കണ്ടോയെന്നൊക്കെ ജാഡയോടെ പറയുന്നത് കാണുമ്പോൾ, അവർ എന്റെ ഭാര്യയെ പണ്ട് കണ്ടിരുന്നെങ്കിൽ അഹങ്കാരമൊക്കെ എന്നേ കുറഞ്ഞേനെ... (അപ്പോൾ പിന്നെ എന്റെ ഭാര്യയുടെ അഹങ്കാരം ഞാൻ തന്നെ താങ്ങേണ്ടെ.? ദൈവം എല്ലാം നമ്മളെക്കാളും മുൻപെ മനസ്സിലാക്കുമെന്നതിന്റെ തെളിവ് കൂടിയാണിത്...

വനിതയിലും, റ്റിവിയിലും വന്ന പരസ്യത്തിൽ നിന്നും കറ്റാർ വാഴയുടെ 106 ഗുണങ്ങൾ കുപ്പിയിലാക്കിയ എണ്ണ, നീല അമരിയുടെ അത്ഭുത സിദ്ധിയുമായി വന്ന എണ്ണ അങ്ങനെ പലതും മേടിച്ച് പൈസ കളഞ്ഞുവെന്നല്ലാതെ ഒന്നും തലമുടി കൊഴിച്ചിലിനു പരിഹാരം തന്നില്ല. ഈ അടുത്തയിട ഹിമാലയ കമ്പനിയുടെ ഹെയർ ക്രീമും, ഷാമ്പുവും (ക്രീം വാങ്ങിയപ്പോൾ ഷാമ്പു ഫ്രീ) വാങ്ങി ഉപയോഗിക്കാൻ തുടങ്ങിയതോടെ എന്റെ ഭാര്യയുടെ തലമുടി കൊഴിച്ചിൽ ഒരു പരിധി വരെ കുറഞ്ഞു. അപ്പോഴാണു അത് എന്തൊക്കെ ചേർത്താണു ഉണ്ടാക്കിയതെന്നറിയാൻ മനസ്സിൽ ഒരു തോന്നൽ. അങ്ങനെ ആ ഘടകങ്ങൾ ഞാൻ വായിച്ചു.... (Chick Pea, Amla, Black My.... & Licorice) ആദ്യത്തെ രണ്ട് സംഭവവും നമ്മൾക്കറിയാം. പക്ഷെ ഈ ബ്ലാക്ക് മയി....... അത് എന്താണെന്ന് ഇതു വരെയും എനിക്ക് മനസ്സിലായിട്ടില്ല.



ചിന്ന ഒരു സംശയം കൂടി.... ഇനി തമിഴന്മാരാണോ ഈ ഹിമാലയ കമ്പനിയുടെ ഉടമസ്ഥർ. കാരണം “തലമുടിക്കു ബലം” കൂട്ടുന്ന സാധനമെന്നർത്ഥം വരുന്ന ഈ സംഭവം കൂടി കിട്ടിയിട്ട് വേണം എനിക്കും ഈ കൂട്ടുകൾ ഒക്കെ വെച്ച് ഒരു എണ്ണ കാച്ചി പത്ത് ചക്രം ഉണ്ടാക്കാൻ.

ആർക്കെങ്കിലും ഈ ബ്ലാക്ക് മയിയുടെ മലയാളം അറിയാമെങ്കിൽ, പ്ലീസ്....എന്നെ ഒന്ന് അറിയിച്ചേക്കണെ..!!!