Wednesday 28 May 2008

ഒന്നാം പിറന്നാള്‍

കേരളാ സര്‍ക്കാര്‍ രണ്ടാം വര്‍ഷം ആഘോഷിക്കുന്നു. യു.പി.എ സര്‍ക്കാര്‍ നാലാം വാര്‍ഷികം ആഘോഷിക്കുന്നു. അതിനിടയില്‍ നമ്മുടെ ഒക്കെ കാര്യം നമ്മള്‍ അല്ലാതെ മറ്റാരോര്‍ക്കാന്‍.

ജൂണില്‍ പഴമ്പുരാണത്തിനു 1 വയസ്സ്‌. ഇത്‌ അടിപൊളിയായി ആഘോഷിക്കാന്‍ പറ്റിയ സമയം കുറിപ്പിക്കാന്‍ നാട്ടില്‍ ഒറ്റ 'ആള്‍ ദൈവങ്ങളും' ഇല്ല. ദൈവത്തിന്റെ സ്വന്തം നാട്ടില്‍ ഒരു ദൈവത്തെ കാണാന്‍ മഷിയിട്ട്‌ നോക്കിയാലും സ്വാഹഃ.



അവസാനം ഞാനും മോഹന്‍ലാലിനെ അനുകരിക്കാന്‍ തീരുമാനിച്ചു. അങ്ങനെ ഞാനും മോഹന്‍ലാലിനെ പോലെ അല്‍പം ചരിഞ്ഞ്‌ നിന്നു [അതെ കാലു വയ്യാത്തതു കൊണ്ടാണു അത്രയും ചരിഞ്ഞത്‌, കേട്ടോ?] അങ്ങോട്ട്‌ ചോദിക്കുകയാ: - നിങ്ങളില്ലാതെ എനിക്ക്‌ എന്ത്‌ ആഘോഷം?

എന്റെ ഈ ചെറിയ ബ്ലോഗിന്റെ ആരംഭത്തില്‍ പല ടെക്ക്നിക്ക്സ്സും പറഞ്ഞ്‌ തന്ന ശ്രീജിത്തേട്ടന്‍ [U.S.A], വിപിന്‍ [K.S.E.B], പിന്നെ ഇതിനേക്കാള്‍ ഉപരി എന്നെ മലയാളം എഴുതാന്‍ പഠിപ്പിച്ച എന്റെ സ്വന്തം ജാനമ്മ റ്റീച്ചര്‍, കമന്റുകള്‍ സ്ഥിരം എഴുതി എന്നെ പ്രോത്സാഹിപ്പിക്കുകയും, എന്നെ വിമര്‍ശിക്കുകയും ചെയ്യുന്ന നല്ലവരായ വായനക്കാര്‍, എന്റെ പഴയ ചരിത്രങ്ങള്‍ വായിച്ച്‌ മൗനം വിദ്വാനു ഭൂഷണം എന്ന മട്ടില്‍ ഇരിക്കുന്ന എന്റെ മാതാപിതാക്കള്‍, എന്നെ സഹിക്കുന്ന എന്റെ ഭാര്യ, മക്കള്‍ എന്നിവരോടുള്ള എന്റെ നന്ദി ഇത്തരുണത്തില്‍ അറിയിച്ചു കൊള്ളട്ടെ.

പഴമ്പുരാണത്തിനു കഴിഞ്ഞ കൊല്ലം തന്ന പ്രോത്സാഹനം അതിനെ ഒരു ദ്വൈവാരികയാക്കി മാറ്റാന്‍ എന്നെ പ്രേരിപ്പിച്ചു [എല്ലാ മാസവും ഒന്നിനും പതിനഞ്ചിനും ഇറങ്ങുന്ന ഒരു 'പ' പ്രസിദ്ധീകരണം ആയി അതു മാറി കഴിഞ്ഞു,['മ' അല്ല].


തുടര്‍ന്നും നിങ്ങളുടെ വിലയേറിയ നിര്‍ദ്ദേശങ്ങളും, അഭിപ്രായങ്ങളും, വിമര്‍ശനങ്ങളും പ്രതീക്ഷിച്ചു കൊണ്ട്‌...

നിങ്ങളുടെ സ്വന്തം,
പഴമ്പുരാണംസ്‌.

Wednesday 14 May 2008

'ഞൊണ്ടി തമാശകള്‍'

വൈകി വന്ന ഏപ്രില്‍ ഫൂള്‍ എന്ന പോസ്റ്റ്‌ മാര്‍ച്ച്‌ 24നു തന്നെ തയ്യാറായി. മാര്‍ച്ച്‌ 25നു വീണ്ടും ചില വെട്ടി തിരുത്തലുകള്‍ ഒക്കെ നടത്തി. അവസാനം ഇങ്ങനെ ഒരു വാചകം കൂടി കൂട്ടി ചേര്‍ത്തു. 'ഇതൊക്കെയാണെങ്കിലും അടുത്ത പോസ്റ്റ്‌ ഇറങ്ങാന്‍ താമസിച്ചാല്‍!!! ദേ !!! നിങ്ങള്‍ എന്നെ ഒന്ന് അന്വേഷിച്ചേക്കണേ!!! അതു ഏതാണ്ട്‌ അറം പറ്റിയതു പോലെയായി.

മാര്‍ച്ച്‌ 26നു ഞങ്ങളുടെ റസിഡ്ന്റ്സ്‌ അസ്സോസിയേഷന്റെ ഗെറ്റ്‌ റ്റുഗദെര്‍.അതിന്റെ കാര്യങ്ങള്‍ക്ക്‌ വേണ്ടി നമ്മള്‍ ഓടി ചാടി നടന്നു. കുട്ടികള്‍ക്കുള്ള കളികളുടെ ചുമതലക്കാരന്‍ ഞാനായിരുന്നു. കുട്ടികളുടെ പാട്ടും കൂത്തും നടക്കുന്നതിനിടെ ഒരു സീനിയര്‍ കുട്ടി, വടംവലി വേണമെന്ന ആവശ്യവുമായി എന്റെ അടുക്കല്‍ വന്നു. വടംവലിക്ക്‌ വടം വേണ്ടെ.... ഈ അവസാന നിമിഷത്തില്‍ വടം നമ്മള്‍ എവിടുന്ന് സംഘടിപ്പിക്കുമെന്ന ചോദ്യത്തിനു ഉത്തരമെന്നോണം അവന്‍ വീട്ടിലേക്ക്‌ ഓടി. തിരികെ വന്നപ്പ്പോള്‍ അവന്റെ കൈയ്യില്‍ സാമാന്യം വണ്ണമുള്ള പ്ലാസ്റ്റിക്‌ കയര്‍. പ്ലാസ്റ്റിക്‌ കയര്‍ വെച്ച്‌ വടം വലിച്ചാല്‍ കൈ കീറുമെന്നതിനാല്‍ ടി കയറിനെ മാസ്കിംഗ്‌ റ്റെയിപ്പ്‌ വെച്ച്‌ നന്നായി ചുറ്റി സാമാന്യം ഭേദപ്പെട്ട സംരക്ഷണം നടത്തി. ഏതായാലും കുട്ടികള്‍ക്ക്‌ ഈ വടംവലി മാമാങ്കം നന്നായി ബോധിച്ചു. ആയതിനാല്‍ അവരുടെ മത്സരത്തിനു ശേഷം അവര്‍ തങ്ങളുടെ അമ്മമാരെ കൂടി കളത്തിലിറക്കി വടം വലിപ്പിച്ചു. അതിനു ശേഷം ഈ കയറില്‍ ആണുങ്ങളും മാറ്റുരയ്ക്കാന്‍ തീരുമാനിച്ചു. മത്സരം മുറുകി. ഒരു വശത്ത്‌ കല്യാണം കഴിച്ചവരും, മറു വശത്ത്‌ ക്രോണിക്ക്‌ ബാച്ചിലേഴ്സും. ഇന്ന് വരെ ഇങ്ങനെ ഒരു മത്സരത്തില്‍ പങ്കെടുത്ത്‌ പരിചയമില്ലാത്തതിനാല്‍, പല പല ഉപദേശങ്ങള്‍ കേട്ട്‌, പലരും അങ്ങോട്ടും ഇങ്ങോട്ടും മാറി, ഈ 56 കിലോ മാത്രം തൂക്കമുള്ള ഞാന്‍ കല്യാണം കഴിച്ചവരുടെ ഭാഗത്തുള്ള വടത്തിന്റെ ഏറ്റവും പിന്നില്‍ സ്ഥാനം പിടിച്ചു. പക്ഷെ എന്റെ മുന്‍പില്‍ നില്‍ക്കുന്നവരൊക്കെ ഒരു ക്വിന്‍റ്റലിനു ഒന്നോ രണ്ടോ കുറവുള്ളവരും. ഏതായാലും ഈ ക്വിന്‍റ്റല്‍സ്‌ ഉള്ള കാരണം വിജയം ഞങ്ങള്‍ക്ക്‌ തന്നെയെന്ന ആത്മവിശ്വാസത്തോടെ ഞാന്‍ ഏറ്റവും പിന്നില്‍ നിന്ന് ജയ ജയ മുഴക്കി.1..2...3...മത്സരം ആരംഭിച്ചു. മൂര്‍ദ്ധന്യാവസ്ഥയില്‍ ഞങ്ങളുടെ അടിത്തറയിളകുന്നതു പോലെ എനിക്ക്‌ തോന്നി. അണ്ണാന്‍ കുഞ്ഞിനും തന്നാലായതെന്ന കണക്കെ ഞാനും ഊന്നി വലിച്ചു. ഇട്ട പൊധിനോ!!! ഡീം!!! ദേ കിടക്കുന്നു എല്ലാം കൂടെ താഴെ!!!. ഈ ഉള്ളവന്റെ പുറത്ത്‌ എന്റെ ടീമിലെ മുഴുവന്‍ പേരും കിടക്കുന്നു. വീഴ്ച്ചയില്‍ ഞാന്‍ വലിയ വായില്‍ കാറി-എന്റെ കാലൊടിഞ്ഞേയെന്ന്. പക്ഷെ എന്റെ സ്വന്തം കാലിന്റെ പുറത്ത്‌ ഒരു 5-6 ക്വിന്റല്‍ ചാക്ക്‌, റ്റിപ്പര്‍ ലോറിയില്‍ നിന്ന് മറിച്ചിട്ട കണക്കെ കിടക്കുന്നു. കൂടല്‍മാണിക്ക്യ ക്ഷേത്രത്തിലെ ഗജകേസരിയുടെ ചവിട്ട്‌ കൊണ്ട്‌ അനുഭവം. പിന്നെ സാവകാശം ഒരോ ക്വിന്‍റ്റല്‍ ചാക്കുകള്‍ എഴുന്നേറ്റു, ചിലരെ എഴുന്നേല്‍പ്പിച്ചു. ഏറ്റവും ഒടുവില്‍ ഉള്ള ചാക്കും പൊങ്ങിയപ്പോള്‍ ഞാന്‍ എന്റെ സ്വന്തം കാലു കണ്ടു. എന്റെ വലതു കാലു ഒടിഞ്ഞു.സൂക്ഷമ പരിശോധനയില്‍ എന്റെ വലതു കാല്‍പത്തി നേരേ തിരിഞ്ഞിരിക്കുന്ന കാഴ്ച കണ്ടതും അവിടെ കരച്ചിലും ബഹളവും തുടങ്ങി. ഡോക്ടറന്മാരും, നേഴ്സന്മാരും, ലാബുകാരും ഒക്കെ അവിടെ ഉണ്ടായിരുന്നതിനാല്‍ പെട്ടന്നു തന്നെ എന്നെ പൊക്കി ആശുപത്രിയില്‍ എത്തിച്ചു. എന്നെ ലോഡ്‌ ചെയ്യുന്നതിനിടയില്‍ 2 ലാബ്‌ തൊഴിലാളികള്‍ക്ക്‌ തല കറങ്ങി. അവരെ കുറ്റം പറഞ്ഞിട്ട്‌ ഒരു കാര്യവുമില്ല. കാരണം അവര്‍ക്ക്‌ അവരുടെ 'നിത്യോപയോഗ സാധനങ്ങള്‍ക്ക്‌' ['മ"മൂ"ക'-ഇതു നമ്മുടെ മെഗാ സ്റ്റാര്‍ മമ്മൂക്ക അല്ല കേട്ടോ] അപ്പുറം ഒരു ലോകമില്ലല്ലോ. അങ്ങനെ ഞാന്‍ ആശുപത്രിയില്‍ ക്യാഷ്വാലിറ്റിയില്‍ എത്തി. ഒരു 5 മിനിട്ട്‌ കഴിഞ്ഞപ്പോള്‍ ഓര്‍ത്തോ ഡോക്ടര്‍ എത്തി. പിന്നെ ഡോക്ടര്‍ വന്ന് എന്റെ കാലില്‍ ഒന്ന് തൊട്ട്‌ വണങ്ങി. എന്നിട്ട്‌ കാറിന്റെ ഗിയര്‍ ഒക്കെ മാറ്റുന്ന ലാഘവത്തോടെ കാല്‍പത്തി പിടിച്ച്‌ നേരെയിട്ടു. ഹെന്റെമ്മോ!!! മയിലെണ്ണക്കാരന്‍ ഈര്‍ക്കിലിയില്‍ മയിലെണ്ണ പുരട്ടി വളയ്ക്കുന്നത്‌ പല തവണ കണ്ടിട്ടുള്ള ഈ ഞാന്‍ ഡോക്ടറുടെ ഈ പ്രയോഗത്തില്‍ ഒരു മയിലെണ്ണയും പുരട്ടാതെ തന്നെ കാവടി പോലേ വളഞ്ഞ്‌ കുത്തി. ഏതായാലും എന്റെ നേരെയായ കാല്‍ കണ്ടപ്പോള്‍ തന്നെ എന്റെ വേദന പകുതിയും പോയി.

കാലില്‍ സ്പ്‌ലിന്റും കെട്ടി എന്നെ മുറിയിലേക്ക്‌ മാറ്റി. പിറ്റേന്ന് ഓപ്പറേഷനും ഫിക്സ്‌ ചെയ്തു. ഓപ്പറേഷനു മുന്‍പായി എനിക്കു വിശാലമായ ഒരു ഗൗണ്‍ നേഴ്സ്‌ കൊണ്ടു തന്നു. വസ്ത്രങ്ങള്‍ മുഴുവനും ഊരി അവര്‍ തന്ന ഗൗണ്‍ ധരിച്ചപ്പോഴാണതിന്റെ പ്രശ്നം മനസ്സിലായത്‌. പുറകില്‍ ഒരു ചെറിയ കെട്ടു മാത്രം. ഞാന്‍ സൂക്ഷിച്ച്‌ കിടന്നില്ലായെങ്കില്‍ തന്റെ ‘പുറലോകം’ നാട്ടുകാരും, സഹപ്രവര്‍ത്തകരും കാണും. നശിച്ച ഗൗണിനെ മനസ്സില്‍ പ്രാകി, റെയമണ്ട്‌ സ്യൂട്ടിങ്ങില്‍ വരുന്ന അമിതാഭ്‌ ബച്ചനെ മനസ്സില്‍ ധ്യാനിച്ച്‌, ബോധം പോകുവോളം ആ പോസില്‍ കിടന്നു. ബോധം പോയ ശേഷം ഞാന്‍ ഏതു കിടപ്പിലായിരുന്നുവെന്ന് ഇതു വരെ അന്വേഷിച്ചതുമില്ല.


ഓപ്പറേഷന്‍ കഴിഞ്ഞ്‌ പിറ്റേന്ന് രാവിലെ എനിക്ക്‌ ഒരു മുള്ളാന്‍ മുട്ടല്‍. അങ്ങനെ ഭാര്യയുടെ സഹായത്തോടെ ഞാന്‍ റ്റോയ്‌ലെറ്റില്‍ പോയി. മൂത്രം ഒരു തുള്ളി വരുന്നില്ല. കൂനിന്മേല്‍ കുരു എന്നതു പോലെ ദൈവമേ...ഇനി വല്ല കിഡ്‌നി സ്റ്റോണോ മറ്റോ ആണോ...ഏതായാലും 4 മണിക്കൂറത്തെ അശ്രാന്ത പരിശ്രമത്തിനു ശേഷം ഞാന്‍ മൂത്രം ഒഴിച്ച്‌ പുറത്ത്‌ വന്നു. ഇതിനിടയില്‍ ഒരു 20 പ്രാവശ്യമെങ്കിലും എന്റെ ഭാര്യ കതകില്‍ തട്ടി എന്റെ സുരക്ഷ ഉറപ്പ്‌ വരുത്തി. വൈകിട്ട്‌ 5 മണിയായപ്പോള്‍ വീണ്ടും ഒരു മൂത്ര ശങ്ക. അന്നേരം മുറിയില്‍ ഡോക്ടേഴ്സും ഉണ്ട്‌. അവരോടു തന്റെ പ്രശനം അവതരിപ്പിച്ചപ്പോള്‍ അതും അനസ്തീഷ്യായുടെ സൈഡ്‌ എഫെക്റ്റാണെന്ന മറുപടി കിട്ടി. പിന്നെ അവിടെ ഉണ്ടായിരുന്ന ഒരു ഡോക്ടര്‍ എന്നെ താങ്ങി പിടിച്ച്‌ റ്റോയ്‌ലെറ്റില്‍ കൊണ്ട്‌ പോയി. ഡോക്ടര്‍ എന്റെ പുറകില്‍ നിന്നും മാറാതെ എന്നെ പിടിച്ച്‌ കൊണ്ട്‌ നിന്നപ്പോള്‍ ഞാന്‍ ഡോക്ടറോട്‌ എനിക്ക്‌ ഇങ്ങനെ നിന്ന് മൂത്രം ഒഴിക്കാന്‍ പറ്റില്ലായെന്ന് പറഞ്ഞപ്പോള്‍, ഡോക്ടര്‍ എന്റെ ചെവിയുടെ പുറകില്‍ ശൂ, ശൂൂൂൂ എന്ന് ശബ്ദം വെച്ച്‌ തന്നപ്പോള്‍ എന്റെ മൂത്രം എസ്‌.എസ്‌.എല്‍.സി പേപ്പര്‍ ചോര്‍ന്നതു പോലെ അറിയാതെ അങ്ങ്‌ ‘ചോര്‍ന്നു’ പോയി. കുറച്ച്‌ കഴിഞ്ഞ്‌ അനസ്തീഷ്യാ ഡോക്ടര്‍ വന്നു. ഡോക്ടര്‍ പറഞ്ഞു, “സെനു....സെനുവിന്റെ നാക്ക്‌ അനസ്തീഷ്യാ തന്നാലും അടങ്ങി കിടക്കില്ലായെന്ന സത്യം ഇന്നലെ മാത്രമാണെനിക്ക്‌ മനസ്സിലായത്‌”. ആ പ്രസ്താവന കേട്ട്‌ മുറിയില്ലുള്ള സുഹൃത്തുക്കള്‍ ചിരിച്ചുവെങ്കിലും എന്റെ ഉള്ളം കാളി. അബോധാവസ്ഥയില്‍ ഞാന്‍ വേണ്ടാത്തതെന്തെങ്കിലും വിളിച്ച്‌ പറഞ്ഞോ എന്ന് ചോദിച്ചപ്പോള്‍, എന്തൊക്കെയോ പറഞ്ഞു...നാക്ക്‌ കുഴഞ്ഞ കാരണം ഞങ്ങള്‍ക്ക്‌ ഒന്നും മനസ്സിലായില്ലയെന്ന് പറഞ്ഞപ്പോഴാണു എന്റെ അനസ്തീഷ്യയുടെ കെട്ട്‌ വിട്ടതു.

ആശുപത്രിയില്‍ നിന്നും വീട്ടിലേക്കുള്ള രംഗപ്രവേശം എന്റെ മക്കള്‍ക്ക്‌ നന്നേ രസിച്ചു. മോന്‍ വന്ന പാടേ എന്റെ വോക്കറുമെടുത്ത്‌ വീഡീയോ ഷൂട്ടിംഗ്‌ തുടങ്ങി. അവന്‍ ഷൂട്ടിംഗ്‌ എപ്പോഴോ നിര്‍ത്തിയപ്പോള്‍, വോക്കറുമെടുത്ത്‌ മോള്‍ എന്റെ കട്ടിലിന്റെ അടുത്ത്‌ തന്നെ സ്ഥാപിച്ചു. അതിനു ശേഷം അവള്‍ വോക്കറിനകത്ത്‌ കയറി നിന്ന്, ഒരു കൈ മുന്‍പിലേക്ക്‌ നീട്ടി എന്നോടായി പറഞ്ഞു, ഈ കോടതി മുന്‍പാകെ സത്യം മാത്രമേ ബോധിപ്പിക്കൂ..... ഈ പ്രകടനം അല്‍പ സമയത്തേക്ക്‌ എന്റെ വേദന ശമിപ്പിച്ചു.



സംഭവ ബഹുലമായ 40 ദിവസങ്ങള്‍ക്ക്‌ ശേഷം എന്റെ പ്ലാസ്റ്റര്‍ പൊട്ടിച്ചു. കഷ്ടം..പണ്ട്‌ ക്രിക്കറ്റ്‌ സ്റ്റംബ്സിന്റെ വണ്ണം ഉണ്ടായിരുന്ന എന്റെ കാല്‍ പ്ലാസ്റ്റര്‍ പൊട്ടിച്ചപ്പോള്‍, കേവലം ഓടക്കുഴലിന്റെ അത്രയും ആയിരിക്കുന്നു. ആ ഇനി വരുന്നതു പോലെ വരട്ടെ. ഏതായാലും ഇപ്പോള്‍ പിച്ച വെച്ച്‌ സ്വന്തം കാലില്‍ നില്‍ക്കാന്‍ പഠിച്ചു കൊണ്ടിരിക്കുന്നു. എന്റെ നടപ്പ്‌ കണ്ട്‌ കണ്ണില്‍ ചോരയില്ലാത്ത ഒരു സുഹൃത്തു ചോദിച്ചു- പണ്ടേ നിന്റെ നടപ്പ്‌ ശരിയല്ല. ഇനിയെങ്കിലും നിന്റെ ദുര്‍നടപ്പൊക്കെ മാറ്റി നന്നാവാന്‍ നോക്കടായെന്ന്....ആഹ!!! കളിയാക്കിക്കോ...അടി തെറ്റിയാല്‍ സെനുവും വീഴും മക്കളേ!!!

വടംവലി എന്ന ഒറ്റ ‘ഐഡിയ’ കാരണം മമ്മൂട്ടി, സുരേഷ്‌ ഗോപി എന്നിവരുടെ ഗ്ലാമര്‍ ഉണ്ടായിരുന്ന ഞാന്‍ ഇന്ന് ഏന്തിയും വലിഞ്ഞും നടക്കുന്നു. ആദിത്യാ ബിര്‍ല പറയുന്നത്‌ എത്ര സത്യമാ........An ‘ഐഡിയ’ can change your life….പിന്നെ എന്റെ ഈ ഏന്തലും, വലിച്ചിലും ‘നടക്കുമ്പോള്‍ മാത്രമേയുള്ളു’ എന്ന ഒറ്റ ആശ്വാസത്തിലാണു ഞാനിപ്പോള്‍.

Thursday 1 May 2008

പത്തൊന്‍പതാം അടവ്‌:- “കത്രിക പൂട്ട്‌ അഥവാ സിസ്സര്‍ ലോക്ക്‌.”

10 തട്ട്‌ തടുക്കാം, പക്ഷെ ഒരു മുട്ട്‌ തടുക്കാമോ???

പ്രശസ്ത കളരി അഭ്യാസി പൊടിയാടി ഗുരുക്കള്‍ ചോദിച്ചതാണത്രേ ഈ ചോദ്യം. 18 അടവും പഠിച്ചവര്‍ക്കു പോലും ഇവനെ തടുക്കാന്‍ പറ്റില്ലത്രേ. പിന്നെയാണോ ഒരു അടവു പോലും അറിയാന്‍ വയ്യാത്ത നമ്മള്‍.

പ്രീഡിഗ്രി സമയം. എന്റെ കസ്സിന്റെ വീട്‌ പീരുമേട്ടിലുള്ളതിനാല്‍ അവധി സമയം മിക്കവാറും ഞങ്ങള്‍ പീരുമേടിനാണു പോകുന്നത്‌. പുല്ലുപാറ, കുട്ടിക്കാനം, വാഗമണ്‍, തേക്കടി, മൂന്നാര്‍ ഇവകള്‍ ഇന്നും എന്റെ പ്രിയപ്പെട്ട ഒഴിവുകാല സങ്കേതങ്ങള്‍ തന്നെ. അങ്ങനെ പതിവു പോലെ ഞാനും എന്റെ കസ്സിനും കൂടി പീരുമേടില്‍ നിന്നും അവധിയൊക്കെ അടിച്ച്‌ പൊളിച്ചിട്ട്‌ തിരിച്ച്‌ വരികയാണു. പൊന്‍കുന്നം തൊട്ട്‌ എനിക്ക്‌ ദാഹിക്കാന്‍ തുടങ്ങിയതാണു, പക്ഷെ കസ്സിന്‍ അവിടെയെങ്ങും വണ്ടി നിര്‍ത്താന്‍ കൂട്ടാക്കിയില്ല. അങ്ങനെ ഞങ്ങള്‍ ചങ്ങനാശ്ശേരി കഴിഞ്ഞ്‌, പെരുന്തുരുത്തിയും കഴിഞ്ഞ്‌ ഒരു ചെറിയ പെട്ടികടയുടെ മുന്‍പില്‍ വണ്ടി നിര്‍ത്തി. ആ കടയുടെ മുന്‍പില്‍ ഒരു കാര്‍ഡ്ബോര്‍ഡില്‍, ചുണ്ണാമ്പ്‌ കൊണ്ട്‌ വളരെ പൈശാചികവും, മൃഗീയവുമായ കൈയക്ഷരത്തില്‍ 'മോരും വെള്ളം വില്‍ക്കപ്പെടും' എന്ന് എഴുതി തൂക്കിയിട്ടതിലേക്ക്‌ കൈ ചൂണ്ടി അചാച്ചന്‍ പറഞ്ഞു-ഇവിടുത്തെ മോരും വെള്ളം കുടിച്ചാല്‍ പിന്നെ നമ്മള്‍ വേറെ ഒന്നും കുടിക്കില്ല. അത്രയ്ക്ക്‌ റ്റേസ്റ്റ്‌ ആണു. അങ്ങനെ അചാച്ചന്റെ താത്പര്യപ്രകാരം ഞാനും ആ മൊരും വെള്ളം കുടിക്കാന്‍ തീരുമാനിച്ചു. കുടിച്ചപ്പോള്‍ ആഹഹ.. അചാച്ചന്‍ പറഞ്ഞത്‌ സത്യം തന്നെ. എന്തൊരു രുചി. ഇഞ്ചിയും, പച്ചമുളകും ഒക്കെ പാകത്തിനിട്ട്‌, പരുവത്തിനു തണുപ്പുമുള്ള മോരും വെള്ളം.. രുചി കാരണം വീണ്ടും ഒരു ഗ്ലാസ്സ്‌ കൂടി കുടിച്ച്‌, നീട്ടി ഒരു ഏമ്പക്കവും വിട്ട്‌, അല്‍പം മാറി അവിടുത്തെ കണ്ടത്തിലേക്ക്‌ നോക്കി, തികച്ചും കേരളീയ സ്റ്റയിലില്‍ മൂത്രവുമൊഴിച്ച്‌ വീണ്ടും യാത്ര തിരിച്ചു. 4 ഗ്ലാസ്സ്‌ മോരും വെള്ളത്തിനു 4 രൂപാ മാത്രം. വണ്ടിയില്‍ കയറിയിട്ടും ഞങ്ങള്‍ അതിന്റെ രുചിയെ പറ്റി വാഴ്ത്തി സ്തുതിച്ചു കൊണ്ടിരുന്നു.

അല്‍പം കഴിഞ്ഞ്‌ മുത്തൂര്‍ എന്ന സ്ഥലം കഴിഞ്ഞപ്പോള്‍, എന്റെ വയറ്റില്‍ ഒരു ഉരുണ്ട്‌ കയറ്റം, ഒരു കൊള്ളിയാന്‍ മിന്നല്‍... ദൈവമേ!!! മുത്തൂര്‍ എന്ന പേരു ഇവിടെ യാത്ഥാര്‍ത്ഥ്യമാകാന്‍ പോവുകയാണോ? ഞാന്‍ ഒരല്‍പ്പം ബലം പിടിച്ചിരുന്നു. എന്റെ വയറ്റിലെ ഓര്‍ക്കസ്റ്റ്രയുടെ ശബ്ദം വെളിയില്‍ കേട്ട്‌ തുടങ്ങി. ഇനി പിടിച്ചു നില്‍ക്കാന്‍ പറ്റുമെന്ന് തോന്നുന്നില്ല. എന്റെ അവസ്ത്ഥ മനസ്സിലാക്കിയിട്ടെന്നോണം അചാച്ചന്‍ വണ്ടിയ്ക്ക്‌ വേഗം കൂട്ടിയത്‌ ഞാനറിഞ്ഞു. ഞാന്‍ എന്റെ സങ്കടാവസ്ത്ഥ തുറന്ന് പറഞ്ഞു.. അപ്പ്പ്പോളാണു ഞാന്‍ ആ ഞെട്ടിക്കുന്ന വാര്‍ത്ത അറിഞ്ഞത്‌.. അചാച്ചനും അതേ അവസ്ത്ഥയില്‍ തന്നെ.. അതാണു വണ്ടിയുടെ സ്പീഡ്‌ എഴുപതില്‍ നിന്നും തൊണ്ണൂറിലേക്ക്‌ കുതിച്ചത്‌. പിന്നെ ഞങ്ങള്‍ രണ്ടാളും ഒന്നും മിണ്ടാതെ നമ്മുടെ പഴയ പ്രധാന്മന്ത്രി ശ്രീ. നരസിംഹറാവുവിനെ പോലെ ഇരുന്നു.

വണ്ടിയ്ക്കു സ്പീഡ്‌ പോരാ.. സകല ദൈവങ്ങളെയും വിളിച്ചു. ഏതായാലും അചാച്ചന്‍ വണ്ടി നേരെ കൊണ്ടു ഒരു ഹോട്ടലിന്റെ മുന്‍പില്‍ ചവട്ടി നിര്‍ത്തിയതും ഞങ്ങള്‍ രണ്ടാളും ചാടിയിറങ്ങിയതും ഒപ്പം ആയിരുന്നു. അപ്പോള്‍ അവിടുത്തെ കൊമ്പന്‍ മീശക്കാരന്‍ സെക്യുരിറ്റി, കാര്‍ പാര്‍ക്ക്‌ ചെയ്തത്‌ ശരിയായില്ലായെന്ന് പറഞ്ഞ്‌ വന്നപ്പോള്‍ , അചാച്ചന്‍ കാറിന്റെ താക്കോല്‍ പുള്ളിയെ തന്നെയേല്‍പ്പിച്ച്‌, ചേട്ടന്‍ തന്നെ അങ്ങു പാര്‍ക്കു ചെയ്യെന്ന് പറഞ്ഞ്‌ ഹോട്ടലിനുള്ളിലേക്ക്‌ ഓടി കയറി.

കഷ്ടകാലം പിടിച്ചവനു കക്കൂസില്‍ പോകാന്‍ മുട്ടുമ്പോള്‍ അണ്ടര്‍വെയറിന്റെ പീത്തയ്ക്ക്‌ കടുംക്കെട്ട്‌ വീണുയെന്ന് പറഞ്ഞതു പോലെ ഞങ്ങളെയ്ക്കാട്ടിലും മുന്‍പേ ഒരുത്തന്‍ അതില്‍ ഉണ്ട്‌. മുട്ടുവീന്‍ തുറക്കപ്പെടും എന്ന ആപ്ത വാക്യം മനസ്സില്‍ വെച്ച്‌ മുട്ടി... അവന്‍ തുറന്നില്ല. പക്ഷെ പെണ്ണുങ്ങളുടെ റ്റോയിലറ്റ്‌ ഒഴിഞ്ഞു കിടക്കുന്നു. അചാച്ചന്‍ അതിനെ ലക്ഷ്യമാക്കിയപ്പോള്‍ ഞാന്‍ പറഞ്ഞു അത്‌ ഷീ ആണു കേട്ടോ [ആണുങ്ങളുടെ റ്റോയിലറ്റിന്റെ അവിടെ ഹീയെന്നും പെണ്ണുങ്ങളുടെ റ്റോയിലെറ്റിന്റെ അവിടെ ഷീ എന്നുമാണു അവിടെ നാമകരണം ചെയ്തിരിക്കുന്നത്‌]ഓഹ്‌, പോയി പണി നോക്കാന്‍ പറ.. കക്കൂസില്‍ പോകാന്‍ മുട്ടി നില്‍ക്കുമ്പോഴാ ഹീയും ഷീയും.. അചാച്ചന്‍ അകത്തു കയറി കതകടച്ചു.

ഞാന്‍ പിന്നെയും വെളിയില്‍ തന്നെ. നട തുറക്കുന്നതും കാത്ത്‌ നില്‍ക്കുന്ന ഭക്തനെ പോലെ ഞാന്‍ വിറച്ചു നിന്നു. നക്ഷത്ര ഹോട്ടലാ... 2 റ്റോയിലറ്റ്‌ മാത്രം. ഇവിടെ ഈ അവസ്തയില്‍ നില്‍ക്കുമ്പോഴായിരിക്കും നക്ഷത്രം കാണുന്നത്‌...പിന്നെ ബില്ല് കിട്ടുമ്പോഴും...ഞാന്‍ പിറുപിറുത്ത്‌ കൊണ്ടിരുന്നു. അവസാനം സഹിക്കാതെ ഞാന്‍ അചാച്ചന്റെ റ്റോയിലറ്റിന്റെ കതകിനു മുട്ടിയിട്ട്‌ പറഞ്ഞു-ഒന്ന് വേഗം ഇറങ്ങ്‌...എനിക്ക്‌ ഇനിയും പിടിച്ചു നില്‍ക്കാന്‍ വയ്യ.
അപ്പോള്‍ അചാച്ചന്റെ വക പുതിയ റ്റെക്നിക്ക്‌... എടാ.. നീ കത്രിക പൂട്ട്‌ ഇട്ടു നില്‍ക്കാന്‍... [കാല്‍ കത്രിക പോലെ വെച്ച്‌ നില്‍ക്കാന്‍] ഓഹ്ഹൊ.. വലിയ കാര്യമായി പോയി.. ഈ റ്റെക്നിക്ക്‌ അറിയാമാഞ്ഞിട്ടാണോ...ഷീയില്‍ ഓടി കയറിയത്‌... എന്നിട്ട്‌ അകത്തിരുന്ന് എന്നോട്‌ ഉപദേശിക്കുന്നു...കത്രിക പൂട്ട്‌ ഇടാന്‍... ദൈവമേ.. നീ ഇതു ഒന്നും കാണുന്നില്ലേ...???

എന്റെ ആ പ്രാര്‍ത്ഥന ദൈവം കേട്ടു. അതാ നട തുറന്നു... അയാള്‍ പുറത്തിറങ്ങുന്നതിനു മുന്‍പേ ഞാന്‍ അകത്തു കയറി. സത്യം പറയാമല്ലോ...മുട്ട്‌ മടക്കിയതു പോലും എനിക്ക്‌ ഓര്‍മ്മയില്ല. എല്ലാം വളരെ പെട്ടന്നായിരുന്നു. Sprinkle ഉപ്പിന്റെ പരസ്യം പോലെ, എക്സ്റ്റ്രാ ഫ്രീ ഫ്ലോ!!! മകളെ കെട്ടിച്ചു വിട്ട അപ്പന്റെ കണക്കെ ഞാന്‍ തളര്‍ന്നിരുന്നു. അല്‍പം കഴിഞ്ഞപ്പോഴാണു എനിക്ക്‌ സ്ഥലകാല ബോധം ഉണ്ടായത്‌. ദൈവമേ... ഞാന്‍ ആ ആവേശത്തില്‍ പാന്റ്‌ ഊരിയായിരുന്നോ?? ഓഹ്ഹ്‌ ഊരി...ഊരി...പക്ഷെ ഞാന്‍ ഒരു ഹൃദ്രോഗിയെ പോലെ വിയര്‍ത്ത്‌ കുളിച്ചിരുന്നു.

ഞാന്‍ കതക്‌ തുറന്ന് പുറത്തു വന്ന് അല്‍പം കഴിഞ്ഞാണു അചാച്ചന്‍ പുറത്തു വന്നത്‌ തന്നെ..

4 രൂപാ മുടക്കി മോരും വെള്ളം കുടിച്ചു കുടലു കൂടി പുറത്ത്‌ കളഞ്ഞ 2 ആത്മാക്കള്‍.. വേച്ചു വേച്ചു ആ റെസ്റ്റോറന്റ്‌ കം ബാര്‍ ഹോട്ടലിന്റെ വെളിയിലേക്കു ഇറങ്ങി വരുന്നതു കണ്ട്‌ ആള്‍ക്കാര്‍ പറഞ്ഞു….ഹും പെരുപ്പാ… സത്യത്തില്‍, എവിടെയാണു പെരുത്തതെന്ന് ഞങ്ങള്‍ക്കേ അറിയൂ...

ഇനി എന്റെ പൊടിയാടി ഗുരുക്കളേ, അങ്ങ്‌ പറഞ്ഞത്‌ എത്രയോ സത്യം- 10 തട്ട്‌ തടുക്കാം.. പക്ഷെ “ഒരു മുട്ട്‌ “ തടുക്കാന്‍ പറ്റില്ല. [അതു ഏത്‌ മുട്ട്‌ എന്ന് ഇനിയും ചോദിക്കരുതേ. ] ഇതു സത്യം, സത്യം, സത്യം.