Tuesday 18 March 2008

കഷ്ടാനുഭവ കഥയുടെ ക്ലൈമാക്സ്‌.

["ഒരു 'കഷ്ടാ'നുഭവ ആഴ്ച്ചയുടെ ഓര്‍മ്മയ്ക്ക്‌" എന്ന കഴിഞ്ഞ പോസ്റ്റ്‌ വായിച്ചവര്‍ മാത്രം ക്ലൈമാക്സ്‌ വായിയ്ക്കുക. ]

ഒരു കഷ്ടാനുഭവ കാലത്തിന്റെ ഓര്‍മ്മകള്‍ പഴമ്പുരാണത്തില്‍ വന്നത്‌ 18 വര്‍ഷങ്ങള്‍ക്കു ശേഷമാണു. എന്നാല്‍ ഈ പോസ്റ്റ്‌ കാരണം ചുരുളഴിയാതെ കിടന്ന ഒരു പ്രേത കഥയുടെ ക്ലൈമാക്സ്‌ രംഗങ്ങള്‍ എനിക്ക്‌ ഒരു സാക്ഷി അയയ്ച്ചു തന്നു. അപ്പോള്‍ ചിലപ്പോള്‍ നിങ്ങള്‍ ചോദിച്ചേക്കും, ' സാക്ഷിക്കെന്താ കൊമ്പുണ്ടോയെന്ന്?' ഈ സാക്ഷിക്കു കൊമ്പുണ്ട്‌...അപ്രിയ സത്യത്തിന്റെ കൊമ്പ്‌.. [ദയവായി ഇനി സി.ബി.ഐ ഡയറിക്കുറിപ്പില്‍, സേതുരാമയ്യരും, സംഘവും വരുമ്പോഴത്തെ റ്റ്യൂണിടുക...എന്നിട്ട്‌ വായിക്കുക]

ഇനി നമ്മള്‍ക്ക്‌ ഫ്ലാഷ്‌ ബാക്കിലേക്ക്‌ മടങ്ങി പോകാം.

സുഹൃത്ത്‌ ഡൗണ്‍ലോഡ്‌ ചെയ്യാനായി ഓടുന്നു. കക്കൂസ്സ്‌ ശവക്കോട്ടയുടെ നടുവില്‍ ആയതിനാല്‍ ഓടുന്ന വഴിക്ക്‌, അവിടെ സിഗററ്റ്‌ വലിച്ച്‌ കൊണ്ടിരുന്ന ഒരു കൂട്ടുകാരനെയും കാവലിനായി കൂട്ടി. സുഹൃത്ത്‌ കക്കൂസ്സില്‍ കയറി വാതിലടച്ചു...എങ്ങും നല്ല ഇരുട്ട്‌. കാവല്‍ നിന്ന് കൂട്ടുകാരന്‍ അങ്ങോട്ടോ ഇങ്ങൊട്ടോ കാലനക്കിയപ്പോള്‍ എന്തിലോ തട്ടി. അന്വേഷണത്തില്‍ തന്റെ കാലു തട്ടിയത്‌ ഒരു ടിന്നില്‍ ആണെന്ന് ബോദ്ധ്യമായി. പിന്നെ തന്റെ പേടിയകറ്റാനെന്നോണം ആ പാട്ടയില്‍ പുള്ളി തട്ടി കളിച്ച്‌ തന്റെ പേടി ടിന്നില്‍ തീര്‍ത്തു കൊണ്ടിരുന്നു. പക്ഷെ ഇവന്റെ ഈ ടിന്നില്‍ കളി അറിയാതെ അകത്തിരുന്ന സുഹൃത്തിന്റെ ആധി ധോം ധോം ധോം..ഒരു മുറയില്‍ വന്ത്‌ പാര്‍ത്തായായുടെ രീതിയില്‍ ധ്വനിച്ചു. കാവല്‍ നിന്ന സുഹൃത്തിന്റെ ഒരു വീക്ക്‌ പോയിന്റായിരുന്നു 'എത്തി നോട്ടം'. അങ്ങനെ ഏതോ ഒരു ദുര്‍ബല നിമിഷത്തില്‍ കക്കൂസ്സിന്റെ മുന്‍പില്‍ താന്‍ കൂട്ടുകാരനു കാവല്‍ നില്‍ക്കുകയാണെന്ന വലിയ സത്യം മറന്ന് പുള്ളി കക്കൂസ്സിന്റെ വെന്റിലേഷനില്‍ കൂടി എത്തി നോക്കി. വെട്ടവും വെളിച്ചവും ഇല്ലാത്തതിനാലും, ഹണി ബീയുടെ റിയാക്ഷനിലും, പിടിവിട്ട്‌ നിലത്ത്‌ വീണു. വീഴ്ച്ചയുടെ സ്പീഡില്‍ ഒരു കൈ തട്ടിയത്‌ കക്കൂസ്സിന്റെ ഇരുമ്പ്‌ വാതിലില്‍ തട്ടി. അപ്പോള്‍ ഉണ്ടായ 'ഠോ' ശബ്ദം...പിന്നെ എല്ലാം വളരെ പെട്ടന്നായിരുന്നു. കക്കൂസ്സില്‍ ഇരുന്ന സുഹൃത്ത്‌ ഇനി സര്‍വ്വീസ്‌ നടത്താതെ പാന്റും വലിച്ച്‌ കയറ്റി ഓടിയില്ലായെങ്കിലേ അത്ഭുതമുള്ളു.

ചിലങ്കയുടെ ശബ്ദം കേട്ടു..പിന്നെ ഠോ ശബ്ദം കേട്ടു എന്നൊക്കെ പിച്ചും പേയും പറഞ്ഞതോടെ എല്ലാവരും പ്രേതത്തെ പറ്റി മാത്രം ചിന്തിച്ചു. ഞങ്ങളുടെ പള്ളിയില്‍ കലാതിലകം കിട്ടി മരിച്ചവര്‍ ആരും ഇല്ലാതിരുന്നിട്ടും ആ രാത്രിയില്‍ എങ്ങനെ, ആരു ചിലങ്ക കെട്ടി നൃത്തം ചവിട്ടി എന്ന് പലര്‍ക്കും സംശയവും ഉണ്ടായി. പിന്നെ പനി കൂടി അവനു ടൈഫോയിഡായി. അങ്ങനെ കാര്യങ്ങള്‍ വഷളായതു കൊണ്ട്‌ കാവല്‍ക്കാരന്‍ കാര്യങ്ങള്‍ പ്രേതത്തിന്റെ തലയില്‍ തന്നെ ഫിറ്റ്‌ ചെയ്ത്‌ തടിയൂരി.

ഓഹ്‌ അങ്ങനെ ആ രഹസ്യവും ഞാന്‍ തന്നെ തേടി പിടിക്കേണ്ടി വന്നു. പക്ഷെ എനിക്ക്‌ അതിന്റെ ഒരു അഹങ്കാരവും ഇല്ല. ഇനി കേരളത്തിലെ കുരുക്കഴിയാത്ത കേസുകള്‍ എന്റെ തലയില്‍ കെട്ടി വെയ്ക്കുമോ എന്ന ഒരു ചെറിയ സംശയവും ഇല്ലാതില്ല..ഇപ്പോള്‍ സത്യം പറ നിങ്ങളുടെ ചെവിയില്‍ ആ സി.ബി.ഐ റ്റ്യൂണ്‍ കേള്‍ക്കുന്നില്ലേ....

Saturday 15 March 2008

ഒരു 'കഷ്ട'അനുഭവ കാലത്തിന്റെ ഓര്‍മ്മയ്ക്ക്‌

പള്ളി വേറെ, പള്ളിക്കൂടം വേറെ എന്നൊരു പറച്ചിലുണ്ടെങ്കിലും പള്ളിക്കൂടം കഴിഞ്ഞാല്‍ പിന്നെ അടിപൊളി സംഭവങ്ങള്‍ അരങ്ങേറുന്നത്‌ പള്ളിയില്‍ തന്നെ. ഓര്‍ത്തഡോക്സ്‌ പള്ളിയില്‍ ഞങ്ങള്‍ ചെറു സെറ്റുകള്‍ക്ക്‌ ഒത്തുക്കൂടാന്‍, പള്ളിയിലെ സഹോദരികളുടെ മുന്‍പില്‍ ചെത്താന്‍ ഒക്കെയുള്ള ഒരു കൂട്ടായ്മയായിരുന്നു യൂത്ത്‌ ലീഗ്‌. മറ്റ്‌ പള്ളിയിലെ യൂത്തന്മാര്‍ രക്ത ദാനം, പാവപ്പെട്ട ആള്‍ക്കാര്‍ക്ക്‌ പാര്‍പ്പിട പദ്ധതികള്‍ മുതലായവ നടത്തുമ്പോള്‍, ഞങ്ങള്‍ ക്രിസ്തുമസ്സ്‌ കരോളിനിറങ്ങിയും, പള്ളി പെരുനാളിനു ചില്ലറ സഹായങ്ങള്‍ ചെയ്തും, കഷ്ടാനുഭവ ആഴ്ച്ചകളില്‍ പള്ളിയിലും പരിസരങ്ങളിലും, ഞങ്ങള്‍ കഷ്ടങ്ങള്‍ അനുഭവിച്ചും ഒക്കെ കഴിഞ്ഞു കൂടിയിരുന്നു. കരോളുകള്‍ക്ക്‌ പോയാല്‍ വയറു നിറച്ച്‌ പല വീടുകളില്‍ നിന്നും ഭക്ഷണം കിട്ടും. പെരുന്നാളിന്റെ റാസ ഞങ്ങളുടെ വീട്ടില്‍ നിന്നുമായിരുന്നു തുടങ്ങിയിരുന്നത്‌. ആയതിനാല്‍ പെരുന്നാളിന്റെ അന്ന് വീട്ടില്‍ തന്നെയുണ്ടാകണമെന്ന് അപ്പയ്ക്കും, അമ്മയ്ക്കും നിര്‍ബന്ധമുണ്ടായിരുന്നു. പിന്നെ കഷ്ടാനുഭവയാഴ്ച്ച. മീന്‍, ഇറച്ചി ഇല്ലായെങ്കില്‍ തന്നെ അച്ചായന്മാര്‍ക്ക്‌ കഷ്ടാനുഭവം തന്നെയാണു. പിന്നെ ആ ആഴ്ച്ചയെ പറ്റി ഞാന്‍ എടുത്ത്‌ പറയണോ?

കഷ്ടാനുഭവ ആഴ്ച്ചകളിലെ സന്ധ്യാ നമസ്ക്കാരം കഴിഞ്ഞാല്‍ പിന്നെ വേദപുസ്തക വായന, പ്രാര്‍ത്ഥന, പിന്നെ കൊച്ചു വര്‍ത്തമാനം എന്നിവകളുമായി പള്ളി പരിസരത്തു തന്നെ ഞങ്ങള്‍ കൂടുമായിരുന്നു. അങ്ങനെ പതിവു പോലെ ഒരു പെസഹാ വ്യാഴാഴ്ച്ച രാത്രിയില്‍ ഞങ്ങള്‍ സന്ധ്യാ നമസ്ക്കാരത്തിനു ഒത്തുക്കൂടി. സന്ധ്യാ നമസ്ക്കാരം കഴിഞ്ഞ്‌ അച്ചനോട്‌ ദുഖവെള്ളിയാഴ്ചത്തേക്ക്‌ ഞങ്ങളായി എന്തെങ്കിലും സഹായം ചെയ്യണോ എന്ന് വെറുതെ കുശലം തിരക്കി പള്ളിയും പരിസരവും വൃത്തിയാക്കുന്നതു പോലെയൊക്കെ കാട്ടി അച്ചനെ യാത്രയാക്കി. ‘ജെറി’യില്ലാത്തപ്പോള്‍ ‘റ്റോം’ സ്മാര്‍ട്ടാകുമെന്ന് പറഞ്ഞതു പോലെ, അച്ചന്‍ പോയ പാടെ ഞങ്ങള്‍ വീണ്ടും കളത്തിലിറങ്ങി. ഞങ്ങളുടെ കൂട്ടത്തിലെ മൂപ്പന്‍ വേഗം ചെന്ന് തന്റെ സൈക്കിളിന്റെ ബോക്സ്‌ തുറന്ന് അതില്‍ നിന്നും ഒരു ഫുള്‍ ബോട്ടില്‍ ‘ഹണി ബീയെ’ പുറത്തെടുത്തു. അതു കണ്ടതും കൂട്ടത്തില്‍ ഉണ്ടായിരുന്ന പലരുടെയും വായില്‍ നിന്ന് കൊക്കകോളായുടെ അടപ്പ്‌ പൊട്ടിക്കുമ്പോള്‍ ഉണ്ടാകുന്നത്‌ പൊലെയുള്ള ശബ്ദം ഉണ്ടായി. മറ്റു ചിലരുടെ വായില്‍ നിന്നും കൊക്കകോളായില്‍ നിന്നും നുരയും പതയും വരുന്നത്‌ പോലെ ഈത്ത ഒലിച്ചിറങ്ങി. പക്ഷെ നമ്മള്‍ ഈ ഹണി ബീയില്‍ അത്ര ആകൃഷ്ടനായില്ല. ആയതിനാല്‍ ഞാനും മറ്റൊരു സത്യസന്ധനും അല്‍പം അകലം പാലിച്ചു. പെട്ടെന്ന് ഒരുത്തന്‍ ഞാന്‍ ഇപ്പോള്‍ വീട്ടില്‍ പോയി വരാം; വന്നിട്ടെ തുടങ്ങാവു, ഗ്ലാസ്സ്‌ സംഘടിപ്പിക്ക്‌..ബാക്കി ഞാന്‍ കൊണ്ട്‌ വരാമേയെന്ന് പറഞ്ഞ്‌ തന്റെ ഉടങ്കൊല്ലി സൈക്കിളില്‍ യാത്രയായി. സൈക്കിളില്‍ പോയവന്‍ തിരിച്ചു വന്നത്‌ വലിയ നോമ്പിനു വേണ്ടി എല്ലാ അച്ചായന്‍സിന്റെയും വീട്ടില്‍ കരുതുന്ന കടുമാങ്ങായുമായിട്ടാണു. റ്റച്ചിങ്ങെ...റ്റച്ചിംഗ്‌. അതു കൊണ്ടു തന്നിട്ട്‌ ടെലഗ്രാം കൊണ്ട്‌ കൊടുക്കാന്‍ പോകുന്ന ആളിനെ പോലെ തന്റെ സൈക്കിളുമായി വീണ്ടും പാഞ്ഞു. ഓഹ്‌ ഈ സാധനത്തിനു ഇത്ര സ്പിരിറ്റോ? കുപ്പി കണ്ടപ്പോള്‍ ഇതാണു സ്ഥിതിയെങ്കില്‍ ഇനി അടിച്ച്‌ കഴിഞ്ഞാല്‍ എന്തായിരിക്കും സ്ഥിതി. ഇത്തവണ കക്ഷി മടങ്ങി വന്നത്‌ 5 കുപ്പി ഗ്ലാസ്സും, 2 സ്റ്റീല്‍ ഗ്ലാസ്സുകളുമായിട്ടാണു. അതും എടുത്ത്‌ പുള്ളി പറഞ്ഞു, ബാ...എണ്ണീരു...ആരെ നോക്കി നില്ല്ക്കുവാ...അടി തൊടങ്ങാം..ബാ ബാ. അപ്പോള്‍ ഹണി ബീയുടെ സ്പോണ്‍സര്‍ പറഞ്ഞു, സമയം ഒന്നും ആയില്ല. നമ്മള്‍ക്ക്‌ പതിവു പോലെ വേദപുസ്തകം ഒക്കെ വായിച്ച്‌, ഒരു 10.00, 10.30 ഒക്കെയായിട്ട്‌ അടി തുടങ്ങിയാല്‍ മതി. അതല്ലാതെ ഇപ്പോഴെ തുടങ്ങി, അച്ചായന്‍ സെറ്റ്‌ വല്ലതും വന്നാല്‍ പിന്നെ ഹണി ബീ പോയ വഴി കാണില്ല. സ്പോണ്‍സറിന്റെ വാക്കിനു ആരും അന്ന് എതിരു പറഞ്ഞില്ല. അതു കേട്ടപ്പോള്‍, കടുമാങ്ങാ സ്പോണ്‍സറിനു സഹിച്ചില്ല. രണ്ടെണ്ണം വിട്ടിട്ട്‌ വേദപുസ്തകം ഒക്കെ വായിച്ചാല്‍ പോരെയെന്ന് കക്ഷി വീണ്ടും ചോദിച്ച്‌ തനിയെ അകത്ത്‌ പോയി..ചിറിയും തുടച്ച്‌ ഇറങ്ങി വന്ന് ഞങ്ങളെ എല്ലാവരെയും പ്രാര്‍ത്ഥിക്കാന്‍ വിളിച്ച്‌ കൊണ്ട്‌ പള്ളിക്കകത്ത്‌ കയറി. എന്റെ കൂടെ ഉള്ള സത്യസന്ധന്‍ ആദ്യം പ്രാര്‍ത്ഥിച്ചു. പിന്നെ സന്ധ്യാ പ്രാര്‍ത്ഥന...അടുത്തത്‌ കഷ്ടാനുഭവ ഗീതങ്ങള്‍...ഇത്രയും ഒക്കെയായപ്പോള്‍ നമ്മുടെ ഹണി ബീ ചേട്ടനു വേദപുസ്തകം വായിച്ചെ തീരു. അങ്ങനെ പുള്ളി വേദപുസ്തക വായന ആരംഭിച്ചു. ഒന്നും കേള്‍ക്കാന്‍ വയ്യാ.. ഉറക്കെ വായിക്ക്‌ എന്ന് പറഞ്ഞപ്പോള്‍, അവിടെയുണ്ടായിരുന്ന് മൈക്കിന്റെ മണ്ടയില്‍ നിര്‍ദ്ദാക്ഷണ്യം പിടിച്ച്‌ തിരിച്ച്‌ ഒരു ടെസ്റ്റിംഗ്‌ അങ്ങു നടത്തി വീണ്ടും വായന തുടര്‍ന്നു. വായനയില്‍ പല അക്ഷരങ്ങളും കൂട്ടി വായിക്കാന്‍ പറ്റാതെ കക്ഷി നന്നേ ബുദ്ധിമുട്ടി. ദൈവമേ എന്നെ വിടുവിപ്പാന്‍ വേഗം വരേണമേയെന്നുള്ള വാക്യം ദൈവമേ എന്നെ വിടുവിപ്പാന്‍ വേഗം വരേണമേയെന്നുള്ള വാക്യം ദൈവമേ എന്നെ വെടി വെയ്ക്കാന്‍ വേഗം വരണേയെന്നാണു കക്ഷി വായിച്ചത്‌. കൂട്ട ചിരി ഉയര്‍ന്നപ്പോള്‍, വീണ്ടും ആ വാക്യം അങ്ങനെ തന്നെ വായിച്ച്‌ രണ്ടാമതും ഒരു വെടിവെയ്പ്പിനു ഉത്തരവ്‌ കൊടുത്തു. അങ്ങനെ ഒരു പരുവത്തില്‍ ഞങ്ങളുടെ വക 'നമസ്ക്കാരം' കഴിഞ്ഞ്‌ എല്ലാവരും ഹണീ ബീയുടെ സമീപത്തേക്ക്‌ ഓടി. അപ്പോള്‍ മറ്റൊരാള്‍ ഒരു ഐഡിയ മുന്‍പോട്ട്‌ വെച്ചു. ചുമ്മാതെ ഹണി ബീ അടിച്ച്‌ കയറ്റിയാല്‍ വയറു കാളും. അതു കൊണ്ട്‌ തിന്നാനും എന്തെങ്കിലും വേണം. അടുത്ത പറമ്പിലെ കപ്പ തോട്ടത്തിലേക്ക്‌ ഒരുത്തന്‍ പാഞ്ഞു, മറ്റൊരുത്തന്‍ പള്ളി പറമ്പിലെ തന്നെ തെങ്ങില്‍ വലിഞ്ഞ്‌ കയറി. 10 മിനിറ്റിനുള്ളില്‍ 2 മൂട്‌ കപ്പയും ഒരു കുല തേങ്ങായും റെഡി. കപ്പ ചുട്ടെടുക്കാനുള്ള ചുമതല ഞങ്ങള്‍ ഏറ്റെടുത്തു. ഗ്ലാസ്സുകള്‍ കൂട്ടി മുട്ടി, അടി തുടങ്ങി...സംസാരം, ചിരി, അട്ടഹാസം, ഭീഭത്സം മുതലായ വിവിധ വികാരങ്ങള്‍ ഭക്തരില്‍ മാറി മാറി പ്രതിഫലിച്ച്‌ തുടങ്ങി. ഒരുത്തന്‍ കര്‍ത്താവ്‌ നമ്മളുടെ പാപങ്ങള്‍ക്ക്‌ വേണ്ടിയാണു മരിച്ചതെന്ന ബോധം ഉണ്ടായിട്ട്‌ അവന്‍ കരയാന്‍ തുടങ്ങി. ചുട്ട കപ്പയുടെ മണം വന്ന് തുടങ്ങിയതോടെ ചിലര്‍ ഞങ്ങളുടെ അടുത്തേക്ക്‌ വന്നു. അങ്ങനെ ചുട്ട കപ്പയും, ചുട്ട തേങ്ങയും സൊമാലിയായില്‍ നിന്നും വന്ന പട്ടിണി പാവങ്ങളുടെ ആക്രാന്തത്തോടെ തിന്നു തീര്‍ത്തു. കൈ കഴുകി വന്നപ്പോള്‍, പള്ളി മുറ്റത്ത്‌ രണ്ടെണ്ണം ഓഫായി കിടക്കുന്നു. ഞങ്ങള്‍ എഴുന്നേല്‍പ്പിക്കാന്‍ അല്‍പം സമയം പരിശ്രമിച്ചു. അവസാനം എന്റെ കൂട്ടാളിയുടെ നിര്‍ദ്ദേശ പ്രകാരം, പള്ളിയുടെ ഉദ്ദേശ്യം 1960 മോഡല്‍ വണ്ടിയില്‍ ചുമന്ന് കൊണ്ടു പോയി കിടത്തി. രണ്ട്‌ പേരെയും കിടത്തിയ ശേഷം കൊതുക്‌ കടിക്കാതെ കിടക്കട്ടെയെന്ന് കരുതി ഗ്ലാസ്സും അടച്ചു. അല്‍പം കഴിഞ്ഞപ്പോള്‍ നമ്മുടെ സ്പോണ്‍സര്‍ സഹപ്രവര്‍ത്തകരെ എണ്ണി നോക്കിയപ്പോള്‍ രണ്ടെണ്ണം മിസ്സിംഗ്‌. ബോധത്തോടെ നില്‍ക്കുന്ന ഞങ്ങളോട്‌ കാര്യം തിരക്കി. സുരക്ഷിതമായ അവരുടെ കിടപ്പ്‌ കണ്ടപ്പോള്‍ എല്ലാവരും ഞെട്ടി പോയി. "ഇന്ന് ഞാന്‍, നാളെ നീ" എന്നെഴുതിയ പള്ളിയുടെ ശവമഞ്ചത്തില്‍ ദേ കിടക്കുന്നു പാമ്പായ രണ്ട്‌ ശവങ്ങള്‍.

പെട്ടെന്ന് ഒരാള്‍ക്ക്‌ ഡൗണ്‍ ലോഡ്‌ ചെയ്യാന്‍ ഒരു വിളി. പള്ളി പരിസരത്ത്‌ ഉള്ള കക്കൂസ്സാകട്ടെ, ശവക്കോട്ടയിലും. പിന്നെ പ്രേതങ്ങള്‍ക്കും ഡീസെന്റായി ഡൗണ്‍ ലോഡ്‌ ചെയ്യേണ്ടേ??? ഹണി ബീയുടെ ബലത്തില്‍, ഡൗണ്‍ ലോഡിന്റെ സ്പീഡില്‍ കക്ഷി ഓടി കക്കൂസ്സില്‍ കയറി. ഡൗണ്‍ ലോഡിന്റെ ഏതോ യാമത്തില്‍ കക്ഷി എന്തോ ഒരു ശബ്ദം കേട്ടു. ചെവി കൂര്‍പ്പിച്ചപ്പോള്‍ ചിലങ്കയുടെ ശബ്ദം. ഒന്ന് കൂടി കൂര്‍പ്പിച്ചു. ഇപ്പോള്‍ ശബ്ദം തന്റെ കക്കൂസ്സിന്റെ വാതിലിന്റെ മുന്‍പില്‍; അതും 'ധോം, ധോം, ധോം...ഒരു മുറയില്‍ വന്ത്‌ പാര്‍ത്തായാ ' എന്ന സ്റ്റയിലില്‍ ഉള്ള ശബ്ദം. പിന്നെ എല്ലാം വളരെ പെട്ടെന്നായിരുന്നു. ‘സര്‍വ്വീസ്‌ പോലും നടത്താതെ’, പാന്റും വലിച്ച്‌ കയറ്റി, അലറി കൊണ്ട്‌ ഒറ്റ ഓട്ടം. ഓട്ടം എന്ന് പറഞ്ഞാല്‍ ഒരു ഒന്ന് ഒന്നര ഓട്ടം. കാര്യം അറിയാതെ അലര്‍ച്ചയും, ഇവന്റെ ഓട്ടവും കണ്ട്‌ ഞങ്ങളും പുറകെ വെച്ച്‌ പിടിച്ചു. പുറകെ ആളുകള്‍ വരുന്നതു കണ്ട്‌ അവന്റെ ഓട്ടത്തിന്റെ സ്പീഡ്‌ കൂടി. അവസാനം കല്ലില്‍ തട്ടി എടുത്തടിച്ചത്‌ പോലെ കക്ഷി ഉരുണ്ട്‌ വീണു. അതോടെ ബോധവും പോയി. ബോധമുള്ള ഞങ്ങളും, ബോധമില്ലാത്തവന്മാരും ഒക്കെ മാറി മാറി വിളിച്ചിട്ടും കക്ഷിക്കു ബോധം വീണില്ല. പിന്നെ അതു വഴി വന്ന ഒരു ഓട്ടോയില്‍ അവനെ പുഷ്പഗിരി ആശുപത്രിയില്‍ കൊണ്ട്‌ പോയി. [കഥയുടെ ഈ ഭാഗം വരെ മാത്രമാണു ഞങ്ങളുടെ റോള്‍].

പോകാന്‍ നേരം ഓട്ടോക്കാരന്‍ പറഞ്ഞത്രേ കര്‍ത്താവ്‌ എടുത്തത്‌ എത്രയോ ഡിസെന്റ്‌ കുരിശായിരുന്നു.ഓഹ്‌ ഇത്‌ ഒരു 'നാറിയ കുരിശ്‌' ആയി പോയി. തൂറിയവനെ ചുമന്നാല്‍, ചുമന്നവനെയും നാറും എന്ന പഴഞ്ചൊല്ല് അക്ഷരാര്‍ത്ഥത്തില്‍ സത്യമാണെന്ന് ആ ഓട്ടോക്കാരനും സമ്മതിച്ചു. പഴഞ്ചൊല്ലില്‍ പതിരില്ലെന്ന മഹാസത്യവും ഒരു പൊടിയാടിക്കാരന്‍ തന്നെ PROVE ചെയ്യേണ്ടി വന്നു. ഏതായാലും അവനു പനി കൂടി, പിച്ചും പേയും ഒക്കെ പറഞ്ഞ്‌ ടൈഫോയിഡായി കുറച്ച്‌ നാള്‍ ആശുപത്രിയില്‍ തന്നെ കിടന്നു. ഹണി ബീയാണു കുഴപ്പങ്ങള്‍ സൃഷ്ടിച്ചതെന്ന വാര്‍ത്തയും നാട്ടില്‍ പരന്നു. അത്‌ ഞങ്ങള്‍ ആണു പരത്തിയതെന്ന ദുഷ്‌ പ്രചരണവും നാട്ടില്‍ ഉണ്ടായി. അതോടെ യൂത്ത്‌ ലീഗും കട്ട പുകയായി. ഇപ്പോഴും കഷ്ടാനുഭവ ആഴ്ച്ച വരുമ്പോള്‍ ഞങ്ങള്‍ അനുഭവിച്ച കഷ്ടാനുഭവങ്ങളാണു ആദ്യം മനസ്സിലോടിയെത്തുക. ഓഹ്‌!!! അതൊക്കെ ഒരോ കാലമേ........

Saturday 1 March 2008

വീരപ്പന്മാരും, മാര്‍ത്തോമാ കോളെജും

മാര്‍ത്തോമാ കോളെജില്‍ റാഗിംഗുണ്ടോ? ഏതായാലും എന്റെ കൂട്ടുക്കാര്‍ക്ക്‌ സഹിക്കമ്പിള്‍ ആയ രീതിയില്‍ റാഗിംഗ്‌ കിട്ടിയിട്ടുണ്ട്‌. ചിലര്‍ ടൈഗര്‍ ബാം തിന്നു, മറ്റൊരുത്തന്റെ ഷൂ കഴുത്തില്‍ കെട്ടി തൂക്കി, വേറൊരുത്തന്‍ സീനിയറിന്റെ കാലു തിരുമ്മി....അങ്ങനെ സഹിക്കമ്പിള്‍ റാഗിംഗ്‌. എനിക്ക്‌ ഒറ്റ മാസത്തേക്ക്‌ പെണ്‍ക്കുട്ടികളോട്‌ മിണ്ടരുതെന്നൊരു അണ്‍സഹിക്കമ്പിള്‍ റാഗിംഗ്‌. പണ്ട്‌ ഒന്നാം ക്ലാസ്സ്‌ മുതല്‍ നാലാം ക്ലാസ്സ്‌ വരെ ഈയുള്ളവന്‍ സെന്റ്‌ മേരീസ്‌ റെസിഡന്‍ഷ്യല്‍ സ്ക്കൂളിലാണു പഠിച്ചത്‌. അന്ന് ക്ലാസ്സില്‍ സംസാരിക്കുന്ന ആണ്‍ക്കുട്ടിയെ പിടിച്ച്‌ പെണ്‍ക്കുട്ടികളുടെ അടുത്തിരുത്തുമായിരുന്നു. അങ്ങനെ പെണ്‍കുട്ടികളുടെയടുത്തിരിക്കാന്‍ വേണ്ടി മാത്രം സംസാരിച്ച്‌ റ്റീച്ചറന്മാരുടെ അനുവാദത്തോടെ തന്നെ പോയി പെണ്‍ക്കുട്ടികളുടെ അടുത്തിരുന്ന എന്നോടാ....തീയില്‍ കുരുത്തത്‌ വെയില്‍ കൊണ്ടാല്‍ വാടുമോ? ഏതായാലും ഞാന്‍ സീനീയേഴ്സിന്റെ മുന്‍പില്‍ വെച്ച്‌ പെണ്‍കുട്ടികളോട്‌ മിണ്ടിയില്ല. അതും കുറച്ച്‌ ദിവസത്തേക്ക്‌ മാത്രം. എം.ജി.എമ്മില്‍ നിന്നും മാര്‍ത്തോമാ കോളെജിലേക്ക്‌ ചേക്കേറിയപ്പോള്‍ ആണു സ്വാതന്ത്ര്യത്തിന്റെ സുഖം മനസ്സിലായത്‌. കോളെജില്‍ പെണ്‍കുട്ടികളോട്‌ എപ്പോള്‍ വേണമെങ്കിലും സംസാരിക്കാം, ക്ലാസ്സില്‍ കയറാതെ സംസാരിക്കാം, ക്ലാസ്സില്‍ കയറിയില്ലെങ്കില്‍ ലീവ്‌ ലെറ്റര്‍ പോലും കൊടുക്കേണ്ട. നീ ഇന്നലെ എവിടെയായിരുന്നുവെന്ന് പോലും ഒരു സാറും, റ്റീച്ചറും ചോദിക്കില്ല. ഇതൊക്കെയാണു സ്വാതന്ത്ര്യമെന്ന് ഞാന്‍ പറഞ്ഞത്‌. മാര്‍ത്തോമാ കോളെജില്‍, കമിതാക്കള്‍ക്ക്‌ സ്വകാര്യമായി ഇരുന്ന് സൊള്ളാന്‍ ഒരു പ്രത്യേക സ്ഥലം ഇല്ലായിരുന്നു. എന്നാല്‍ അതിന്റെ കുറവ്‌ ഇടനാഴികകള്‍, ജനാലകള്‍, ചാപ്പലിന്റെ സ്റ്റെപ്പുകള്‍ [വിശുദ്ധ പ്രേമം], ഓഡിറ്റോറിയത്തിന്റെ പുറകു വശങ്ങള്‍ [അവിശുദ്ധ പ്രേമം] എന്നിവ നികത്തിയിരുന്നു.

കോളെജില്‍ പിന്നെ കാണേണ്ട ഒരു സ്ഥലം ആണ്‍കുട്ടികളുടെ മൂത്രപ്പുരയാണു. സുവോളജി, പൊളിറ്റികസ്‌ എന്നീ ക്ലാസ്സുകള്‍ താണ്ടി, ഈ മൂത്രപ്പുരയില്‍ ആദ്യമായി ചെല്ലുന്ന ആരും ഒന്ന് അമ്പരന്ന് പോകും. മൂത്രപ്പുരയോ, കോളെജോ...ഏതാണു ആദ്യം ഉണ്ടായത്‌? മൂത്രപ്പുരയില്‍ ആദ്യമായി ഞങ്ങള്‍ ചെന്നപ്പോള്‍ അജന്താ എല്ലോറാ ഗുഹയില്‍ കയറിയതു പോലെ തോന്നി പോയി. ശരിക്കും ഒരു രാജാവിന്റെ മൂത്രപ്പുരയാണോയെന്ന് പോലും ആര്‍ക്കും സംശയം തോന്നി പോകും, തീര്‍ച്ച. മൂത്രപ്പുര നിറച്ചും 'ഗജുരാഹോ' ചിത്രങ്ങളെ വെല്ലുന്ന ചിത്രങ്ങള്‍....അവിടെയും ഇവിടെയും മഹത്‌ വചനങ്ങള്‍...അങ്ങനെ പലതും. എക്സിബിഷന്‍ കാണുന്ന ആവേശത്തോടെ, നാറ്റം മുഴുവന്‍ സഹിച്ച്‌ ആ ചിത്രങ്ങള്‍, ഞങ്ങള്‍ നോക്കി കണ്ടു. അവസാനം മൂത്രം ഒഴിക്കാനായി, പാന്റിന്റെ സിപ്പ്‌ ഊരിയപ്പോള്‍ അവിടെ എഴുതിയിരിക്കുന്ന് വാചകം കണ്ട്‌ അത്ഭുതപ്പെട്ടു പോയി. ദൈവമേ, ഈ കോളെജില്‍ ഏതോ വലിയ മാന്ത്രികന്‍ പഠിച്ചിരുന്നു. തീര്‍ച്ച. നമ്മുടെ മനസ്സും, ചലനവും ഒക്കെ മനസ്സിലാക്കുന്ന മാന്ത്രികന്‍. ചോദ്യം ഇതായിരുന്നു... “ഇപ്പോള്‍ നിങ്ങളുടെ കൈയില്ലിരിക്കുന്നത്‌ എന്താണെന്ന് എനിക്കറിയാം”. അതിന്റെ തൊട്ട്‌ താഴെ, അല്‍പം വലുതായി അതിന്റെ ഉത്തരവും എഴുതിയിട്ടുണ്ട്‌. അതിങ്ങനെ; “ഇന്ത്യയുടെ ഇരുണ്ട ഭാവിയാണു ഇപ്പോള്‍ നിന്റെ കൈയില്‍ ഇരിക്കുന്നത്‌”. അത്‌ വായിച്ചപ്പോള്‍ ഞാന്‍ അറിയാതെ ഒന്ന് ‘കുനിഞ്ഞ്‌ നോക്കി.’ ഇത്രയും എഴുതിയപ്പോളാണു ഞാന്‍ ഒരു കാര്യം ഓര്‍ത്തത്‌. പറഞ്ഞു കേട്ട കഥ:-

നമ്മുടെ സഖാവ്‌ പന്ന്യന്‍ രവീന്ദ്രന്‍ എം.പി ആദ്യമായി പാര്‍ലമെന്റില്‍ ചെന്ന കഥ. ആദ്യമായി പാര്‍ലമെന്റ്‌ കണ്ടു നമ്മുടെ എം.പി, വെളിയിലിറങ്ങി ഒന്ന് ഉലാത്തിയപ്പോള്‍ ഒരു ചെറിയ മൂത്ര ശങ്ക. തനി കേരളാ സ്റ്റയിലില്‍, മുണ്ടും മടക്കി കുത്തി, ഭംഗിയായി വെട്ടി നിര്‍ത്തിയിരുന്ന ചെടികളുടെ അടുത്ത്‌ ഒതുങ്ങി നിന്നു മൂത്രം ഒഴിച്ചു കൊണ്ടിരുന്നത്‌ ഒരു സെക്യുരിറ്റി കണ്ട്‌ എം.പിയുടെ അടുത്തേക്ക്‌ ഓടി വന്ന്, ഹിന്ദിയില്‍ ചോദിച്ചു:- ഏയ്‌ ഭായി; ആപ്പ്‌ ക്യാ കര്‍ത്താ ഹെ! ഇത്‌ കേട്ടതും നമ്മുടെ എം.പി ഉടനെ സെക്യുരിറ്റിയോട്‌ തിരിച്ച്‌ പറഞ്ഞു:- ഓഹ്‌ പിന്നെ 'തന്റെ കുറച്ചങ്ങ്‌ വെളുത്തതാ'...അമ്മച്ചിയാണെ ഈ വാര്‍ത്ത ഇതു വരെ ഞാന്‍ വിശ്വസിച്ചിട്ടില്ല. കാരണം ഈ വാര്‍ത്ത ദില്ലിയില്‍ നിന്നും നമ്മുടെ ഏഷ്യാനെറ്റിലെ പ്രശാന്ത്‌ രഘുവംശം ഇതു വരെ റിപ്പോര്‍ട്ട്‌ ചെയ്തിട്ടില്ല.

അതു പോട്ടെ. നമ്മള്‍ക്ക്‌ മാര്‍ത്തോമാ കോളെജിലെ മൂത്രപ്പുരയിലേക്ക്‌ തന്നെ വീണ്ടും വരാം. മൂത്രം ഒഴിച്ചിട്ട്‌ നോക്കിയപ്പോള്‍, അടുത്ത ഒരു പുതിയ ഉപദേശത്തില്‍ എന്റെ കണ്ണുടക്കി. സാധാരണ മരുന്ന് കുപ്പികളില്‍, സ്പ്രേകള്‍ എന്നിവയില്‍ ‘SHAKE WELL BEFORE USE എന്നാണെങ്കില്‍, ഇവിടെ എഴുതിയിരിക്കുന്നത്‌ SHAKE WELL AFTER USE എന്നാണു - അനുഭവമാണു ഗുരു എന്ന് പണ്ടാരോ പറഞ്ഞതെത്ര ശരി. അങ്ങനെ അനുഭവസ്ഥര്‍ പറഞ്ഞത്‌ അനുസരിച്ച്‌ പ്രവര്‍ത്തിച്ച്‌ ഞങ്ങള്‍ 100% സുരക്ഷിതരായി, സന്തുഷ്ടരായി പുറത്തിറങ്ങി.

കോളെജിനു ഒരു കാന്റീന്‍ ഉണ്ടായിരുന്നെങ്കിലും, അവിടെ ഒന്ന് കയറുന്നവര്‍ പിന്നീട്‌ അവിടെ കയറുകയേയില്ലായിരുന്നു. ഉഴുന്ന് വട കിഴുത്ത കൊണ്ട്‌ ഉഴുന്ന് വടയും, പരിപ്പ്‌ കൊണ്ട്‌ പരിപ്പ്‌ വടയുമാണെന്ന് തിരിച്ചറിയാം. പോരാത്തതിനു പെണ്‍കുട്ടികള്‍ക്ക്‌ ഇരിക്കാന്‍ വേര്‍തിരിവും. ഇനിയും ഇതില്‍ കൂടുതല്‍ എന്ത്‌ വേണമിവിടുത്തെ കച്ചവടം കുറയാന്‍....ആയതിനാല്‍ കോളെജിലെ ആണ്‍കുട്ടികള്‍ പിന്നെ കൂട്ടം കൂടുന്നത്‌ തങ്കച്ചായന്റെ ഹോട്ടലിലാണു. രണ്ടാം നിലയിലെ ഞങ്ങളുടെ ക്ലാസ്സിലെ ബഞ്ചും, ഡെസ്ക്കും ഒടിച്ചു, അവിടുന്ന് അത്‌ തങ്കച്ചായനു തീ കത്തിക്കാന്‍ കൊടുത്ത്‌ മുടക്കം കൂടാതെ തീറ്റ കഴിച്ച്‌ കൊഴുത്തവര്‍ ഞങ്ങളുടെ ക്ലാസ്സില്‍ ഉണ്ടായിരുന്നു. പക്ഷെ കോഷ്യന്‍ ഡിപ്പോസ്സിറ്റില്‍ പ്രിന്‍സി പിടി മുറുക്കിയപ്പോള്‍ മാത്രമാണു തങ്ങള്‍ ഇത്രയും നാള്‍ തങ്ങളുടെ മുതല്‍ തന്നെ വെച്ചാണു ഭക്ഷണം കഴിച്ചതെന്ന സത്യം മനസ്സിലായത്‌. അതോടെ വെളിയിലേക്ക്‌ ചാടി വന്ന കുട വയറും അതിന്റെ വഴിക്കു പോയി.


കോളെജ്‌ തുറന്ന ആറു മാസം കഴിഞ്ഞപ്പോഴെയ്ക്കും ഞാനും പാവാട കെ.എസ്‌.യുവില്‍ അംഗമായി. അതോടെ ഞാന്‍ ജീന്‍സും, ഷര്‍ട്ടും, ഷൂസും ഒക്കെ മാറ്റി ഖദര്‍ ഷര്‍ട്ടും മുണ്ടും അണിഞ്ഞു. [പക്ഷെ വെള്ളിയാഴ്ച്ച ഞാന്‍ പാന്റും ഷര്‍ട്ടും ഉപയോഗിച്ച്‌ പോന്നു. കാരണം റിലീസിന്റെ അന്ന് ഞാന്‍ മുണ്ടും ഉടുത്ത്‌ പോയാല്‍ പിന്നെ ഞാന്‍ എങ്ങനെ വീട്ടില്‍ തിരിച്ചു വരും? ] കോളെജില്‍ കെ.എസ്‌.യു സമരം നടത്തുമ്പോള്‍, മുദ്രാവാക്യം വിളിയ്ക്കുന്ന ചുമതല ഞാനേറ്റെടുത്തു. അങ്ങനെ പുതിയ പുതിയ മുദ്രാവാക്യങ്ങള്‍ ചികയലായി എന്റെ പരിപാടി. അങ്ങനെ ഒരു മുദ്രാവാക്യം എനിക്ക്‌ കിട്ടി:- പന്തളത്ത്‌ ഒരു പട്ടി ചത്താല്‍ രക്തസാക്ഷിയാകുമോ? ഓതറയില്‍ ഒരു ഓന്ത്‌ ചത്താല്‍ രക്തസാക്ഷിയാകുമോ? ഇത്‌ എസ്‌.എഫ്‌.ഐക്കാര്‍ക്ക്‌ നന്നായി കൊണ്ടു. അങ്ങനെ പതിവു പോലെ ഈ മുദ്രാവാക്യം മുഴക്കി വിജയശ്രീലാളിതനായി പുറത്തേക്കിറങ്ങിയപ്പോള്‍ ഒരു കൈലിക്കാരന്‍ എന്നെ മാടി വിളിച്ചു. എന്നെ മാറ്റി നിര്‍ത്തിയിട്ട്‌ എന്നോട്‌ പറഞ്ഞു, ഇനി നീ ഈ മുദ്രാവാക്യം വിളിച്ചാല്‍ ഇടിച്ച്‌... !!! സത്യം. അതില്‍ പിന്നെ ഞാന്‍ ഇന്നേ വരെ ആ മുദ്രാവാക്യം വിളിച്ചിട്ടില്ല. എന്റെ അപ്പയും, അമ്മയും പറഞ്ഞാല്‍ പല കാര്യങ്ങളും അനുസരിക്കാന്‍ പ്രയാസമായിരുന്നു എനിക്ക്‌. പക്ഷെ ഈ കൈലിക്കാരനോട്‌ ഞാന്‍ ഒന്നും മറുത്ത്‌ പറഞ്ഞതേയില്ല. ഇതാണു ഗാന്ധിജി പഠിപ്പിച്ച സഹിഷ്ണത. അതാണു ഒരു കെ.എസ്‌,യുക്കാരന്റെ ഏറ്റവും വലിയ ഗുണവും [അടി പേടിച്ചിട്ടാണെന്ന് വെളിയില്‍ പറയത്തേയില്ല]. അടിയുടെ, ഇടിയുടെ, വെടിയുടെ മുന്‍പില്‍ അടിപതറാതെ മുന്‍പോട്ട്‌ എന്നൊക്കെ മുദ്രാവാക്യം വിളിക്കുമെങ്കിലും, 'അടി' വന്നാല്‍, അടിപതറാതെ പറക്കുന്നവരാണു കെ.എസ്‌.യുക്കാര്‍. പിന്നെ ഇടിയുടെയും, വെടിയുടെയും കാര്യം എടുത്ത്‌ പറയണോ....

ഞാന്‍ മാര്‍ത്തോമാ കോളെജില്‍ കേവലം രണ്ടു വര്‍ഷമാണു പയറ്റിയത്‌. എന്നിട്ട്‌ തന്നെ മാര്‍ത്തോമാ കോളെജിനെ പറ്റി എഴുതാന്‍ ഇനിയും ഉണ്ട്‌ കാര്യങ്ങള്‍. ഞങ്ങള്‍ പഠിക്കുമ്പോള്‍ അവിടെ ബി.കോം ഇല്ല. ഞങ്ങള്‍ ഇറങ്ങി ഒന്ന് രണ്ട്‌ വര്‍ഷങ്ങള്‍ കഴിഞ്ഞപ്പോള്‍, തേര്‍ഡ്‌ ഗ്രൂപ്പും, ഫോര്‍ത്ത്‌ ഗ്രൂപ്പും, പഴയ ലേഡീസ്‌ ഹോസ്റ്റലിന്റെ മുന്‍പിലേക്ക്‌ മാറ്റി. ആ ബ്ലോക്കിനു പേരുമായി:- "വീരപ്പന്‍ ബ്ലോക്ക്‌". എന്തേ അങ്ങനെ ഒരു പേരു ആ ബ്ലോക്കിനു വരാന്‍ കാരണം...ഞങ്ങളും അതിനു കാരണമാണോ??? ആത്മാര്‍ത്ഥമായി അടങ്ങി ഒതുങ്ങി പഠിച്ചതിനു കിട്ടിയ പേരെ...

ഒരു സാക്ഷ്യപത്രം ചുവടെ ചേര്‍ക്കുന്നു

ഓര്‍ക്കുട്ടിലേക്ക്‌ എന്റെ മാര്‍ത്തോമാ കോളെജിലെ ഇംഗ്ലീഷ്‌ റ്റീച്ചര്‍ ഒരു സ്ക്രാപ്പിട്ടു. സ്ക്രാപ്പിങ്ങനെ:-

i do remember the hyperactive, highly volatile batch. u were so mischievous i still remember u . it's the mischievous students who remain in our memory. what about your friends. best wishes 2 u all. u'r english is gud. u should b grateful 2 me.

-ഇനി അധികം സ്ക്രാപ്പുകള്‍ വരുന്നതിനു മുന്‍പെ..മാ...സലാമാ!!!

മാര്‍ത്തോമാ കോളെജിനെ പറ്റിയുള്ള എന്റെ പഴമ്പുരാണങ്ങള്‍:

http://pazhamburanams.blogspot.com/2007/07/blog-post_07.html
http://pazhamburanams.blogspot.com/2007/07/2_31.html
http://pazhamburanams.blogspot.com/2007/11/blog-post_15.html