Sunday 20 January 2008

ഇങ്ങനെയും ഒരു അവധിക്കാലം.

അങ്ങനെ ഞങ്ങളും നാട്ടില്‍ പോയി കിറുകൃത്യമായി തന്നെ തിരിച്ചെത്തി. ദൈവത്തിന്റെ കരുണയാല്‍ ഞങ്ങള്‍ നാട്ടില്‍ ഉണ്ടായിരുന്ന സമയത്ത്‌ ഒരു പാര്‍ട്ടിക്കാരും ഹര്‍ത്താലോ മറ്റ്‌ കുണ്ടാമണ്ടികളോ ഉണ്ടാക്കിയുമില്ല.

വീട്ടില്‍ ചെന്ന ആദ്യത്തെ 1-2 ദിവസങ്ങള്‍ സംഭവബഹുലങ്ങള്‍ ആയിരുന്നു. പിന്നെ ഞങ്ങള്‍ സ്വസ്ഥരായി.

വന്നതല്ലേ, പൊടിയാടി സിറ്റി വരെ നടന്ന് പോയാല്‍ 4 പീപ്പിള്‍സിനെയും കാണാം, അല്‍പം നാട്ട്‌ വിശേഷങ്ങള്‍ ലൈവായി കേള്‍ക്കുകയും ചെയ്യാം എന്ന ഒറ്റ ഉദ്ദേശ്യത്തില്‍ പൊടിയാടിക്ക്‌ വെച്ചു പിടിച്ചു. വീടിന്റെ ഗേറ്റ്‌ കടന്നതും, സാക്ഷാല്‍ വാറ്റ്‌ അടിക്കാന്‍ വരുന്ന പാവം ജനങ്ങള്‍ ഈ ഉള്ളവന്റെ അടുത്ത്‌ പറ്റി അല്‍പം ചുവന്ന വെള്ളം എന്റെ കയറൊഫില്‍ അടിക്കാമെന്ന് കരുതി എന്നെ വാനോളം സ്തുതിച്ചു. സ്തുതികള്‍ കൈപറ്റി ഈ നല്ലവനായ ചെറുപ്പക്കാരന്‍ അടുത്ത പോയിന്റ്‌ ലക്ഷ്യമാക്കി നീങ്ങി. നമ്മുടെ വീടിന്റെ തൊട്ട്‌ അടുത്തുള്ള അമ്മച്ചി പല്ലില്ലാ മോണ കാട്ടി ചിരിച്ച്‌ കൊണ്ട്‌ പടിയിറങ്ങി വന്ന്, മോനെ എന്ന് വിളിച്ച്‌, എന്നെ കെട്ടി പിടിച്ച്‌ ഉമ്മകള്‍ തന്നു. എന്റെ കവിളിലും, കൈയിലും തലോടി, കുശലാന്വേഷണങ്ങള്‍ തുടങ്ങി. അമ്മച്ചി എനിക്ക്‌ ഉമ്മ തന്നത്‌ വീട്ടില്‍ പൂട്ടി ഇട്ടിരുന്ന നായ്ക്ക്‌ അത്ര സുഖിച്ചില്ല. അമ്മച്ചി തന്നെയായ കാരണം വീട്ടില്‍ ഉള്ള ഹോം നേഴ്സ്‌ കൂടി ഈ നായുടെ കുര കേട്ട്‌ ഇറങ്ങി വന്നു. പെട്ടെന്ന് അമ്മച്ചിയുടെ അടുത്ത ചോദ്യം വന്നു-മോനെ, നീ ഏതാ? എന്റെ പടച്ചോനെ, എന്നെ കെട്ടി പിടിച്ച്‌ ഉമ്മ തന്ന്, ഞാനും തിരിച്ച്‌ കൊടുത്ത ആ സമയത്താണു അമ്മച്ചി ഈ ചോദ്യം ചോദിച്ചതെങ്കില്‍ ...... വൃദ്ധയെ പീഡിപ്പിക്കാന്‍ ശ്രമിച്ച അയല്‍ക്കാരനെ ഹോം നേഴ്സ്‌ പിടികൂടി എന്ന തലകെട്ടോടെ വാര്‍ത്തകളില്‍ ഞാന്‍ നിറഞ്ഞ്‌ നിന്നേനെ. ഏതായാലും ചോദ്യം വന്നതോടെ അതിനു ഉത്തരം പോലും നല്‍കാതെ ഹോം നേഴ്സിനെ നോക്കി ഒരു വളിച്ച ചിരി പാസ്സാക്കി ഞാന്‍ പര്യടനം മതിയാക്കി വീട്ടില്‍ തിരിച്ചു പോയി. പിന്നീട്‌ പോരുന്ന ദിവസം വരെയും അമ്മച്ചിയുടെ വീടിന്റെ 4 അതിരില്‍ പോലും എന്റെ കണ്ണ്‍ പതിച്ചില്ല.

2-3 ദിവസങ്ങള്‍ കഴിഞ്ഞപ്പോള്‍ നമ്മുടെ ഒരു കുടുംബ സുഹ്രുത്ത്‌ വീട്ടില്‍ വന്നു,കൂടെ ലാപ്പ്‌ റ്റോപ്പ്‌ തോളിലേന്തിയ ഒരു പയ്യനും. വന്നപ്പോള്‍ ഞാന്‍ കാട്ടിയ സന്തോഷം 5 മിനിറ്റ്‌ കൊണ്ട്‌ ഇല്ലാതായി.അവര്‍ വന്നത്‌ 'മെറ്റ്‌ ലൈഫില്‍ 'എന്നെ ചേര്‍ക്കാനാണു. വന്ന സുഹ്രുത്തിനെ മാനിച്ച്‌, ലാപ്പ്‌ റ്റോപ്പ്‌ തുറന്ന് വെച്ച്‌ മെറ്റ്‌ ലൈഫിന്റെ കണക്കുകള്‍ കാണിച്ച്‌ തന്നത്‌ പൊട്ടന്‍ ആട്ടം കാണുന്ന കണക്കെ ഞാന്‍ നോക്കി കണ്ടു. ഏതായാലും ഞാന്‍ മറ്റൊരു തീയതിയില്‍ വരാന്‍ പറഞ്ഞ്‌ ഈ കുരുക്കില്‍ നിന്നും താത്ക്കലികമായി തലയൂരി.

പിറ്റേന്ന് ഞങ്ങളുടെ ബന്ധത്തില്‍ ഉള്ള ഒരു അമ്മാമ്മ ഫോണ്‍ വിളിച്ചു. അമ്മാമ്മ ഞങ്ങളെ കാണാന്‍ വരുന്നു. അമ്മാമ്മയും ഒരു ലാപ്പ്‌ റ്റോപ്പ്‌ പയ്യനുമായി വന്നപ്പോള്‍ എന്റെ മുഖം കടന്നല്‍ കുത്തിയ കണക്കായി. അമ്മാമ്മ റിലയന്‍സുമായിട്ടാണു വന്നത്‌. തലേ ദിവസം വന്ന മെറ്റ്‌ ലൈഫുകാരെ മനസ്സില്‍ ധ്യാനിച്ച്‌ അതിന്റെ പേപ്പറുകളും മറ്റും അമ്മാമ്മയെ കാണിച്ച്‌ താന്‍ ഇന്നലെ അതില്‍ ഒരു ലക്ഷം രൂപാ നിക്ഷേപിച്ചുവെന്ന് ഒരു വലിയ കള്ളം പറഞ്ഞ്‌ അമ്മാമ്മയുടെ മുന്‍പില്‍ ഞാന്‍ ഒരു ലക്ഷാധിപതി ചമഞ്ഞു. എന്റെ കുഞ്ഞേ, നീ അല്ലാതെ ആരെങ്കിലും മെറ്റ്‌ ലൈഫില്‍ ചേരുമോ??? എന്നിട്ട്‌ ലാപ്പ്‌ റ്റോപ്പ്‌ പയ്യന്‍ മെറ്റ്‌ ലൈഫിന്റെ കുറെ കുറ്റങ്ങള്‍ നിരത്തി. അത്‌ ഞാന്‍ എല്ലാം എന്റെ മെമ്മറിയില്‍ സ്റ്റോര്‍ ചെയ്യുകയും ചെയ്തു. അടുത്ത തവണത്തെ ലീവിനു വരുമ്പോള്‍ റിലയന്‍സില്‍ ഒരു തുക നിക്ഷേപിക്കാം എന്ന് അമ്മാമ്മയ്ക്ക്‌ വാക്ക്‌ കൊടുത്തു. എന്നെ കാണാന്‍ 'അംബാനി' വരെ വീട്ടില്‍ ആളിനെ വിട്ടലോ എന്ന് ചുമ്മാതെ ഒന്ന് ഓര്‍ത്തപ്പോള്‍ തന്നെ എനിക്ക്‌ എന്നോട്‌ ഒരു ബഹുമാനം തോന്നി. അങ്ങനെ റിലയന്‍സും എന്റെ മുന്‍പില്‍ നിന്നും ഒഴിഞ്ഞു പോയി.

2 ഞായറാഴ്ച്ചകള്‍ എന്റെ മുന്‍പില്‍ കൂടി കടന്ന് പോയി. സത്യ ക്രിസ്ത്യാനികള്‍ 3 തവണയാണു പള്ളിയില്‍ പോകുന്നത്‌ [ മാമ്മോദീസ, വിവാഹം, ശവസംസ്ക്കാരം]. ഞാന്‍ ഇതില്‍ 2 തവണ പോയി കഴിഞ്ഞു. ആയതിനാല്‍ ഞാന്‍ ഞായറാഴ്ച്ച ബന്ധു ഭവനങ്ങള്‍ സന്ദര്‍ശിക്കാന്‍ ഉപയോഗിച്ചു. തിങ്കളാഴ്ച്ച ഒരു പത്ത്‌ മണിയോടെ ഞങ്ങളുടെ പള്ളിയിലെ അച്ചനും, കൊച്ചമ്മയും വീട്ടില്‍ വന്നു. അച്ചന്‍ പറഞ്ഞു- എന്താ വന്ന് രണ്ടാഴ്ച്ച്‌ കഴിഞ്ഞിട്ടും പള്ളിയില്ലേക്ക്‌ ഒന്നും വരാഞ്ഞതു കൊണ്ട്‌ ഞങ്ങള്‍ ഒന്ന് കാണാന്‍ വന്നതാ...എന്താ പള്ളിയും, പട്ടക്കാരനും ഒന്നും വേണ്ടേ? അച്ചന്റെ ചോദ്യം കേട്ട്‌ ഞാന്‍ പരുങ്ങി. 2 ആഴ്ച്ചയും പള്ളിയില്‍ പോയ എന്റെ ഭാര്യയും, അമ്മയും എന്നെ നോക്കി ഊറി ചിരിച്ചു. അച്ചന്റെ ഈ ആത്മാര്‍ത്ഥയില്‍ എനിക്ക്‌ സന്തോഷം തോന്നി ഒപ്പം ചമ്മലും. ഏതായാലും പള്ളിയില്‍ കാണാഞ്ഞതിന്റെ പേരില്‍ വീട്ടില്‍ തിരക്കി വന്ന അച്ചനെ ഞാന്‍ പുകഴ്ത്തി. പലഹാരങ്ങള്‍ ഒക്കെ കഴിച്ചു കൊണ്ടിരുന്നപ്പോള്‍, കൊച്ചമ്മ ഐ.സി.ഐ.സി.ഐയുടെ കുറേ കടലാസുകളുമായി രംഗത്തു വന്നതോടെ എന്റെ വായില്‍ കിടന്ന മുറുക്ക്‌ തൊണ്ടയില്‍ കുടുങ്ങി. ദൈവമേ!!! ഇതു എന്തൊരു പരീക്ഷണം. റിലയന്‍സിന്റെ പേരു പറഞ്ഞു കൊച്ചമ്മയുടെ അടുത്ത്‌ നിന്നും ഞാന്‍ രക്ഷ നേടി. ഒപ്പം അടുത്ത പ്രാവശ്യം തീര്‍ച്ചയായും ചേരാമെന്നും ഒരു മോഹന സുന്ദര വാഗ്ദാനവും കൊടുത്തു. അങ്ങനെ ആ കുരിശും ഒഴിഞ്ഞ്‌ പോയി.

ഇതിനിടയില്‍ നമ്മുടെ മെറ്റ്‌ ലൈഫ്‌ ചങ്ങാതി ലാപ്പ്‌ റ്റോപ്പും തൂക്കി കൃത്യമായി വീട്ടില്‍ എത്തി. റിലയന്‍സ്‌ അമ്മാമ്മ പറഞ്ഞ കുറച്ച്‌ കുറ്റങ്ങള്‍ ചങ്ങാതിയെ പറഞ്ഞു കേള്‍പ്പിച്ചു. ആയതിനാല്‍ ഞാന്‍ 'ആലോചിച്ച്‌' മറുപടി പറയാമെന്ന് പറഞ്ഞ്‌ ആ പെട്ടി മടക്കി.

23.12.2007 ഉച്ചക്ക്‌ ഊണും കഴിഞ്ഞ്‌ ഇരിക്കുമ്പോള്‍ ഒരു ഫോണ്‍. ഫോണില്‍ സ്ത്രീ ശബ്ദം. എന്റെ ഭാര്യയെ തിരക്കി. കാര്യം തിരക്കിയപ്പോള്‍ അവര്‍ പറഞ്ഞു- ഗ്രാന്‍ഡ്‌ കേരളാ ഷോപ്പിംഗ്‌ ഫെസ്റ്റിവലില്‍ എന്റെ ഭാര്യയ്ക്ക്‌ ഒരു ഹ്യുന്‍ഡായി സാന്റ്രോ കാര്‍ സമ്മാനമായി ലഭിച്ചുവത്രേ. കിലുക്കം സിനിമയില്‍ ഇന്നസെന്റ്‌, ലോട്ടറി ഫലം രേവതി വായിച്ച്‌ കേള്‍പ്പിക്കുമ്പോള്‍ ഒത്തിരി ആറു കണ്ടിട്ടുണ്ട്‌, ആഹ്‌ ഒത്തിരി എട്ട്‌ കണ്ടിട്ടുണ്ട്‌ എന്ന് പറഞ്ഞതു പോലെ, ആഹ്‌ ഒത്തിരി സാന്റ്രോ കാര്‍ കണ്ടിട്ടുണ്ട്‌ എന്ന് പറഞ്ഞു ഞാന്‍ ഫോണ്‍ താത്തു വെച്ചു. പണ്ട്‌ താന്‍ പലരെയും വിളിച്ച്‌ ഇതിലും വലുത്‌ പറഞ്ഞ്‌ പറ്റിച്ചിട്ടുണ്ട്‌. കാലം മാറിയപ്പോള്‍ തനിക്കും പണി തരാന്‍ ആളായി എന്ന് മനസ്സില്‍ പറഞ്ഞ്‌ വന്ന ഫോണിനെ പറ്റി ആരോടും പറയാതെ അങ്ങനെ ഇരുന്നു. അല്‍പ സമയം കഴിഞ്ഞപ്പോള്‍ ഒരു സന്ദേഹം.. ഇനി അതു സത്യമായിരിക്കുമോ?? ഭാര്യയുടെ കൈയില്‍ നിന്നും കൂപ്പണുകള്‍ വാങ്ങി അതു സുരക്ഷിതമായി തന്റെ പേഴ്സിനുള്ളിലേക്ക്‌ തിരുകി. എന്തിനേറെ പറയുന്നു.. ആ വാര്‍ത്ത സത്യം തന്നെയായിരുന്നു. പത്രത്തില്‍ വാര്‍ത്ത വന്നു. പിന്നെ ഞങ്ങള്‍ വണ്ടിക്ക്‌ പുറകേ ഓടി. ഒരു ലക്ഷത്തിയാറായിരത്തിനാല്‍പത്‌ രൂപാ ഗിഫ്റ്റ്‌ റ്റാക്സായി അടച്ചു. പതിനായിരം രൂപാ ഇന്‍ഷ്വറന്‍സിനത്തില്‍ അടച്ചു. പതിനെണ്ണായിരം രൂപാ റോഡ്‌ റ്റാക്സ്‌ അടച്ചു. രണ്ടായിരം രൂപാ മുടക്കി ഫാന്‍സി നമ്പറും വാങ്ങി-കെ എല്‍ 27/ 6969. അങ്ങനെ കളസറത്തിന്റെ ചുവട്‌ മൊത്തത്തില്‍ കീറി വെള്ളി നിറത്തില്‍ ഉള്ള സാന്റ്രോ കാര്‍ വീടിന്റെ മുറ്റത്ത്‌ എത്തി. 10 ദിവസം കാറില്‍ തന്നെയാക്കി യാത്ര. പെട്രോള്‍ അടിച്ച്‌ കളസറം പിന്നെയും കീറി. എ.റ്റി.എം കൗണ്ടറില്‍ അവസാനം കാര്‍ഡ്‌ ഇട്ടപ്പോള്‍, ഇതിനകത്ത്‌ എന്തോ ______ ഇരുന്നിട്ടാ ഇടുന്നത്‌ എന്ന് ചോദിച്ചത്‌ പോലെ തോന്നി. ഈ പരുവത്തില്‍ നിന്ന എന്നോട്‌ യാതൊരു ദാക്ഷണ്യവുമില്ലാതെ, കാര്‍ കിട്ടിയതിനു ചിലവ്‌ ചെയ്യണേ എന്ന് പറഞ്ഞ കശ്മലന്മാര്‍ ഇതെങ്കിലും വായിച്ച്‌ എന്റെ അവസ്ഥ മനസ്സിലാക്കിയാല്‍, അത്രയ്ക്ക്‌ ഒരു ആശ്വാസം എനിക്ക്‌ കിട്ടിയേനേ.

അങ്ങനെയും, ഇങ്ങനെയും ഞാന്‍ ഒരു പരുവത്തില്‍ വീണ്ടും മസ്കറ്റില്‍ ലാന്‍ഡ്‌ ചെയ്തു.

ഇനി അവധിക്കു നാട്ടില്‍ പോകുന്നവര്‍ ദയവായി ലാപ്പ്‌ റ്റോപ്പ്‌ കാരുടെ അടുത്ത്‌ നിന്ന് അല്‍പം അകലം പാലിക്കുന്നത്‌ നല്ലതായിരിക്കും. ഇനി അത്‌ അല്ല അവരെ ഓടിക്കാന്‍ പറ്റിയ തന്ത്രങ്ങള്‍ മൊത്തമായോ, ചില്ലറയായോ വേണമെങ്കില്‍, ധൈര്യമായി എന്നെ വിളിച്ചോ..ഞാന്‍ ഇവിടെ തന്നെ ഉണ്ട്‌.

Friday 18 January 2008

ഹെല്‍പ്പ്‌ മീ !!!

സ്കൂള് ആനിവേഴ്സറി. എന്റെ മോള് അതു അങ്ങു മൊത്തത്തില് ഏറ്റെടുത്തു. ഡാന്‍സ് അമ്മ പഠിപ്പിക്കും. പാട്ടിന്റെ കാര്യം അവള് സ്വയം ഏറ്റെടുത്തു. റ്റാബ്ലോ, ഫാന്‍സി ഡ്രസ്സ് ഇവകളുടെ ചുമതല എന്റെ തലയിലുമായി.

അരങ്ങില് കയറി ഞാന് ഇതു വരെ അരങ്ങ് തകര്ത്തിട്ടില്ല. ആയതിനാല് അപ്പന് ചെയ്യാത്തത് മകള് ചെയ്യട്ടേയെന്ന് കരുതി ഞാന് ആത്മാര്ത്ഥമായി അവളെ പ്രോത്സാഹിപ്പിച്ചു.

ഭ്രാന്തി, ഭിക്ഷക്കാരി, മാജിക്കുകാരന് ഇങ്ങനെ ഒട്ടു മിക്കതും മത്സരത്തില് സ്ഥിര ഇനങ്ങളായതിനാല് അവ ഒന്നും പറ്റില്ലയെന്ന് പറഞ്ഞ് എന്റെ ഓരോ ഐഡിയായെയും ഭാര്യ എതിര്ത്ത് കൊണ്ടേയിരുന്നു. കഴിഞ്ഞ തവണ മോള് പാമ്പാട്ടിയുടെ വേഷം ചെയ്ത് ഒന്നാം സ്ഥാനം കരസ്ഥമാക്കി. ആയതിനാല് ഇക്കൊല്ലവും അവള്ക്ക് ആ സ്ഥാനം കൈവിട്ട് പോകാന് പാടില്ല. ഞാന് ഐഡിയായ്ക്കായി വല വിരിച്ച് കാത്തിരുന്നു. 1-2 ദിവസങ്ങള് കഴിഞ്ഞിട്ടും എന്റെ തലയില് ഐഡിയാ ഒന്നും ഉദിച്ചില്ല. അങ്ങനെ രാവിലെ 'കക്കൂസ്സില് ഇരുന്നപ്പോള്' എനിക്ക് ഐഡിയാ കിട്ടി. വീടുകളില് തുണി തേക്കാന് വരുന്ന ആള്. ഉഗ്രന് ഐഡിയ. അങ്ങനെ വണ്ടിയും, തേപ്പു പെട്ടിയും ഉണ്ടാക്കാന് ഉള്ള ഏര്പ്പാടുകളും ചെയ്തു.

അങ്ങനെ ഞാന് ഒന്ന് റിലാക്സ് ചെയ്തപ്പോള് അടുത്ത കുരിശ് മുന്പില് വന്നു. മോളുടെ തേപ്പുകാരന്റെ വേഷം ഇംഗ്ലീഷില് എങ്ങനെ അവതരിപ്പിക്കും? വണ്ടിയുമായി തേയ്ക്കാന് വരുന്നവനെ ഇംഗ്ലീഷില് എന്താണു വിളിക്കുന്നത്? ഭാര്യയോട് തിരക്കിയപ്പോള്, ഉത്തരവും വന്നു. 'അയണ് മാന്'. മോള്‍ക്ക്‌ സര്ദാര് വല്ലഭായി പട്ടേലിന്റെ യാതൊരു ഛായയും ഇല്ലാത്തതിനാല് ഞാന് അതിനെ പുച്ഛിച്ച് തള്ളി. ഒപ്പം കിട്ടിയ അവസരം പാഴാക്കാതെ അവളെ ആവശ്യത്തിനു കളിയാക്കുകയും ചെയ്തു- അയണ് മാനേ!!!.

My grand father is still walking like beans [എന്റെ വല്യപ്പച്ചന്‍ ഇപ്പോഴും പയറു പോലെ നടക്കുന്നു], Why lot of kisses are standing there? [എന്താ അവിടെ കുറേ ‘ഉമ്മമ്മാര്‍’ നില്‍ക്കുന്നത്‌?], Don’t take play with me [എന്നോട്‌ കളിയെടുക്കരുത്‌], Yesterday my neighbour become stick [ഇന്നലെ എന്റെ അയല്‍ക്കാരന്‍ വടിയായി] എന്നൊക്കെ ആരേയും ഞെട്ടിയ്ക്കുന്ന ഇംഗ്ലീഷ്‌ ഉപയോഗിച്ചിരുന്ന, മാര്‍ത്തോമാ കോളേജിലെ ബി.എ ലിറ്ററേച്ചറുകാരെ ഊടും പാവും ചൊറിഞ്ഞിരുന്ന ഞങ്ങളുടെ അഭിമാനമായിരുന്ന ‘ഷിബു ബുഷും’ ഈ തേപ്പുകാരനു, അയണിംഗ്‌ മാന്‍ എന്ന് തന്നെ നാമകരണം ചെയ്തപ്പോള്‍ , ഞാന്‍ “എന്റെ ദൈവമേ, കഴിയുമെങ്കില്‍ ഈ പാനപാത്രം എന്നില്‍ നിന്ന് അകറ്റേണമേ”യെന്ന് ആരും അറിയാതെ ഒന്ന് പ്രാര്‍ത്ഥിച്ചു പോയി.

തന്ത പടിക്ക് സ്റ്റെപ്പ് ഫാദറെന്നും, വീട്ടില് ജോലി ഒന്നും ഇല്ലാതിരിക്കുന്ന ഭാര്യയെ ഹൗസ് വൈഫ് എന്നും ഇംഗ്ലീഷില് പദങ്ങള് ഉണ്ടാക്കിയ ഒരു മനുഷ്യനും എന്നെ സഹായിക്കാന് വരാഞ്ഞ കാരണം ഞാന് എന്റെ സുഹ്രുത്തുക്കള്ക്ക് മൊത്തമായും ചില്ലറയായും ഇ-മെയില് ചെയ്തു. 20% ആള്ക്കാര് മറുപടി തന്നതില്, ഭൂരിപക്ഷം അയണ് മാനു തന്നെയായിരുന്നു. അതില് ഒരാള് മാത്രം 'മൊബയില് അയണിംഗ് മാന്'' എന്ന പുതിയ പദം സൃഷ്ടിച്ചു. കൊള്ളാം. ബാക്കി 80%ത്തില് 50% ആലോചിച്ച് മറുപടി പറയാമെന്ന് പറഞ്ഞ് തടി തപ്പി. ബാക്കി 30% അങ്ങനെ ഒരു എഴുത്ത് കിട്ടിയതേയില്ലയെന്ന ഭാവത്തില് ഇരുന്നു. അന്വേഷണത്തിന്റെ ഒരു ഘട്ടത്തില് എന്റെ ഒരു സുഹ്രുത്ത് പറഞ്ഞു, എടാ-ഇംഗ്ലീഷുകാരന് ഈ പണിക്ക് ഇതു വരെ ഇറങ്ങിയിട്ടില്ല. അന്നേ അതിനു പദം വരൂ എന്ന്. ഇങ്ങനെയും തടി തപ്പാം എന്ന് അവന്റെ വിശദീകരണത്തില് നിന്നും മനസ്സിലായി.

ഞാന് പിന്നെയും അന്വേഷണം തുടര്ന്ന് കൊണ്ടിരുന്നു. പെട്ടെന്ന്, കക്കൂസ്സില് പോകാതെ തന്നെ എനിക്ക് ഒരു ഐഡിയാ കിട്ടി.'കറുത്ത പക്ഷികള്' എന്ന സിനിമയില് മമ്മൂട്ടി ഇതേ വേഷം ചെയ്തിട്ടുണ്ടല്ലോ. ഒരു പക്ഷെ ഇന്റര് നെറ്റില് കറുത്ത പക്ഷികള് എന്നു ഒന്നടിച്ച് സേര്ച്ച് ചെയ്യാന് ഞാന് തീരുമാനിച്ചു. ഐഡിയാ ക്ലിക്ക്ഡ്. യുറേക്കാ, യുറേക്കാ എന്ന് പണ്ട് ഏതോ ശാസ്ത്രക്ജ്ഞന്‍ വിളിച്ചു കൂവിയതിലും ഉറക്കെ ഞാന് എന്റെ ഭാര്യയെ വിളിച്ചു. പേപ്പറും, പേനയും എടുക്കാന് പറഞ്ഞു. സ്പെല്ലിംഗ് ഓരോന്നായി പറഞ്ഞു കൊടുത്തു..I S T H, 4 വാക്കുകള് എഴുതിയപ്പോഴെ ഭാര്യ ചിരി തുടങ്ങി. ഇവന് നമ്മളെക്കാട്ടിലും കേമനാ... കണ്ടില്ലേ, അവന്റെ ഒടുക്കത്തെ ബുദ്ധിയും, മുടിഞ്ഞ ഇംഗ്ലീഷും- “Mammootty plays an ISTHIRIKARAN (mobile ironing guy) in Kamal’s new film Karuthapakshikal (Black Birds)”…..ഓഹ്!!! ഇതിലും എത്രയോ ഭേദമാ എന്റെ അയണ് മാന് എന്നു പറഞ്ഞ് ഭാര്യ അടുക്കളയിലേക്കു പോയപ്പോള് ഞാന് വീണ്ടും വെട്ടിലായി.

എന്റെ കദന കഥ കേട്ടപ്പോള്‍ അപ്പ ഒരു പഴയ കദന കഥ ഇങ്ങോട്ട്‌ പറഞ്ഞു. അപ്പയുടെ കുട്ടിക്കാലത്ത്‌, കുടുംബയോഗത്തിനു [പൂവത്തൂര്‍ കുടുംബയോഗം] അപ്പ ഒരു ഫാന്‍സി ഡ്രസ്സ്‌ അവതരിപ്പിച്ചു. വേഷം:- “കുട നന്നാക്കുകാരന്‍”. തലയില്‍ 5-6 കീറി പറിഞ്ഞ കുടകളുമായി സ്റ്റേജില്‍ കയറിയപ്പോള്‍ അപ്പയ്ക്ക്‌ ഒരു ചെറിയ വിറയല്‍. പിന്നെ ഡയലോഗുകള്‍ തകിടം മറിഞ്ഞു. “കുട നന്നാക്കാനുണ്ടോ” എന്ന് ചോദിക്കേണ്ട അപ്പ വലിയ വായില്‍ വിളിച്ച്‌ ചോദിച്ചു, ' “കുട നന്നാക്കി തരാമോ? കുട നന്നാക്കി തരാമോ?? കൂയി....” ഏതായാലും അപ്പയ്ക്ക്‌ അബദ്ധം പറ്റിയതാണെങ്കിലും, കുടുംബക്കാര്‍ക്ക്‌ അപ്പയുടെ പ്രകടനം നന്നായി ബോധിച്ചു. അങ്ങനെ അപ്പ സമ്മാനവുമായി വീട്ടില്‍ വരികയും ചെയ്തു.

വര്‍ഷങ്ങള്‍ കഴിഞ്ഞപ്പോള്‍ ഇന്നു ഞാനും അതേ സ്റ്റയിലില്‍. വണ്ടിയുമായി തേയ്ക്കാന്‍ വരുന്ന ആളിന്റെ പേരു പറഞ്ഞ്‌ തായോ എന്നു വിളിച്ച്‌ കൂവി കൊണ്ട്‌ അങ്ങോട്ടും ഇങ്ങോട്ടും നടക്കുന്നു.

ഗോര്‍ബച്ചോവ്‌ പണ്ട്‌ 2 ഇംഗ്ലീഷ്‌ വാക്കുകള്‍ കണ്ടു പിടിച്ചതു പോലെ നിങ്ങള്‍ക്കും ഈ ഇസ്തിരിക്കാരനില്‍ ശ്രമിക്കാം. ആങ്ങനെയെങ്കിലും നിങ്ങളുടെ 'കിഡ്നി' ഒന്ന് വര്‍ക്ക്‌ ചെയ്യിക്കന്നേ!!! പ്ലീസ്‌....

ദേ എന്റെ മോള്‍ ഇസ്തിരിക്കാരന്റെ വേഷമിട്ട്‌ സ്റ്റേജില്‍....