Monday 15 December 2008

അടി പുരാണം

എല്‍.കെ.ജി റ്റു ഒന്നാം ക്ലാസ്സ്‌ വരെ ഗുഡ്‌ ഷെപ്പേര്‍ഡ്‌ സ്ക്കൂള്‍, രണ്ടാം ക്ലാസ്സ്‌ മുതല്‍ നാലാം ക്ലാസ്സ്‌ വരെ സെന്റ്‌ മേരീസ്‌ റസിഡന്‍ഷ്യല്‍ സ്ക്കൂള്‍, അഞ്ചാം ക്ലാസ്സ്‌ മുതല്‍ പത്താം ക്ലാസ്സ്‌ വരെ എം.ജി.എം ഹൈസ്ക്കൂള്‍...ഈ വിദ്യാലയങ്ങളില്‍ നിന്നാണു ഞാനെന്റെ ഗുരുകുല വിദ്യാഭ്യാസം പൂര്‍ത്തികരിച്ചത്‌.

നാലാം ക്ലാസ്സ്‌ വരെ അന്നത്തെ കൊച്ചു പ്രായത്തില്‍ അടിച്ച്‌ പൊളിച്ച്‌ നടന്ന്, ക്ലാസ്സില്‍ വര്‍ത്തമാനം പറഞ്ഞാല്‍ ഉടനെ തന്നെ നമ്മളെ പൊക്കി പെണ്‍ക്കുട്ടികളുടെ അടുത്ത്‌ കൊണ്ടിരുത്തുന്ന ശിക്ഷണ നടപടികള്‍ സന്തോഷത്തോടെ സ്വീകരിച്ച്‌ ആര്‍മാദിച്ച്‌ നടന്നതിന്റെ അന്ത്യം കുറിച്ച്‌ കൊണ്ട്‌ അപ്പ എന്നെ സെന്റ്‌ മേരീസ്‌ റസിഡന്‍ഷ്യല്‍ സ്ക്കൂളില്‍ നിന്ന് പൊക്കി അപ്പയുടെ സ്വന്തം സ്ക്കൂളായ എം.ജി.എമ്മില്‍ കൊണ്ട്‌ ചേര്‍ത്തു.

അങ്ങനെ ഞാന്‍ റ്റൈയും, ഷൂസും, സോക്സും എല്ലാം ഉപേക്ഷിച്ച്‌ വെള്ള ഷര്‍ട്ടും, കാക്കി നിക്കറും ഒക്കെ ഇട്ട്‌ ചേച്ചിക്കൊപ്പം സ്ക്കൂളില്‍ പോയി….. ഞങ്ങളുടെ ക്ലാസ്സ്‌ ഓഡിറ്റോറിയത്തിലാണു ക്രമീകരിച്ചിരിക്കുന്നത്‌. പുറത്ത്‌ നിന്ന് നോക്കിയാല്‍ ചെറുതായി തോന്നുമെങ്കിലും അകത്ത്‌ ആ ഓഡിറ്റോറിയത്തിനെ കേരളാ കോണ്‍ഗ്രസ്സ്‌ കണക്കെ വിഭാഗിച്ച്‌ പല ക്ലാസ്സായി വേര്‍തിരിച്ചിരിക്കുന്നു. ഭാഗ്യത്തിനു ഞങ്ങളുടെ ക്ലാസ്സ്‌ ഓഡിറ്റോറിയത്തിന്റെ വാതിലിന്റെ അവിടെ തന്നെയാണു. ബെല്ല് അടിച്ച്‌ കഴിഞ്ഞാല്‍ ആദ്യം ഇറങ്ങി ഓടാമെന്നതാണു ആ ക്ലാസ്സിന്റെ ഏറ്റവും വലിയ സവിശേഷത. ആദ്യ ദിനത്തില്‍ ക്ലാസ്സ്‌ പത്ത്‌ മണിയോടെ അവസാനിച്ചു. പിറ്റേന്ന് ക്ലാസ്സില്‍ ചെന്ന് ഫ്രണ്ട്‌ ബെഞ്ചില്‍ ആദ്യത്തെ സീറ്റില്‍ ബാഗ്‌ പ്രതിഷ്ഠിച്ച്‌ ക്ലാസ്സില്‍ നിന്ന് ഇറങ്ങിയപ്പോള്‍ തൊട്ടടുത്ത ക്ലാസ്സില്‍ നിന്നും ഒരു അച്ചായന്‍ എന്നെ വിളിച്ചു. വെള്ള മുണ്ടും, ഷര്‍ട്ടും, കട്ടി മീശയുമുള്ള അച്ചായന്റെ വിളിയില്‍ തന്നെ എന്തോ ഒരു പന്തികേട്‌. ഭയ ഭക്തി ബഹുമാനത്തോടെ അച്ചായന്റെ അടുത്ത്‌ ചെന്നപ്പോള്‍ അച്ചായന്‍ കുറേ ചോദ്യങ്ങള്‍ എന്റെ നേര്‍ക്കെറിഞ്ഞു...നിന്റെ വീടെവിടെയാ?? നീ നേരത്തെ എവിടയാ പഠിച്ചത്‌??... ചോദ്യം ചെയ്യലിനിടയില്‍ മറ്റൊരു അച്ചായ്യനും ഞങ്ങളുടെ ഇടയില്‍ കടന്നു വന്നു. ആ അച്ചായന്‍ ചോദിച്ചു, “ഏടെ... നിനക്കു ഇവിടുത്തെ ഹെഡ്‌ മാസ്റ്ററിന്റെ പേരറിയുമോ?” “ബേബി സാര്‍”...ഞാന്‍ പറഞ്ഞു...”എങ്കില്‍ നീ ബേബി സാര്‍, ബേബി സാര്‍ എന്ന് വേഗം വേഗം പറഞ്ഞെ”... പിന്നെ വെള്ളം അടിച്ച്‌ കോണ്‍ തെറ്റിയവരെ കണ്ടു പിടിക്കാന്‍ ബ്രെത്ത്‌ അനലൈസര്‍ ഇല്ലാത്ത നമ്മുടെ നാട്ടില്‍, പ്രത്യേകിച്ചും പൊടിയാടിയില്‍ വാറ്റ്‌ അടിച്ച്‌ പോകുന്നവരെ പിടിക്കാന്‍ വരുന്ന പോലീസുകാര്‍ സ്ഥിരം ഉപയോഗിക്കുന്ന സ്ഥിരം നമ്പേര്‍സ്‌ ആയ “മനീഷ കൊയരാളയുടെ റ്റൊയോട്ട കൊറോള”, “മസ്തിഷക്കത്തില്‍ ശസ്ത്രക്രിയ”, തുടങ്ങിയ നമ്പേര്‍സ്‌ വളരെ ലാഘവത്തോടെ കൈകാര്യം ചെയ്തിട്ടുള്ള എന്റെ മുന്‍പിലാ ഇവന്റെ ബേബി സാര്‍ എന്ന് മനസ്സില്‍ പറഞ്ഞ്‌...... ഞാന്‍, പട പടാന്ന് , “ബേബി സാര്‍, ബേബി സാര്‍” എന്ന് പറഞ്ഞപ്പോള്‍ തന്നെ ഒരു ‘ചെറിയ നാറ്റം’ എനിക്ക്‌ കിട്ടി. ആയതിനാല്‍ ഞാന്‍ അല്‍പം ചമ്മലോടെ ബേബി സാറിനു സ്പീഡ്‌ കുറച്ചു തടിയൂരി. പിന്നീട്‌ എനിക്ക്‌ ഒരു കാര്യം ബോദ്ധ്യമായി..ഈ അച്ചായന്‍സ്‌ ഒന്നും അച്ചായന്‍സേയല്ല....ഈ അച്ചായന്റെ അച്ചായന്‍സ്‌ വരെ ഇവിടെ പഠിക്കുന്നുണ്ട്‌. മാത്രവുമല്ല ഇവരുടെ കൂടെ പഠിച്ച പലരും ഇവിടെ സാറന്മാരുമാണത്രെ. സാവകാശത്തില്‍ അവിടുത്തെ ഓരോ സാറന്മാര്‍ വരുമ്പോഴും തൊട്ടടുത്ത ക്ലാസ്സിലെ ഈ അച്ചായന്‍സ്‌ ഞങ്ങള്‍ക്ക്‌ അവരുടെ ഇരട്ട പേരുകളും, അതു വന്ന വഴികളും പറഞ്ഞു തന്നു. ആയതിനാല്‍ സാറന്മാരുടെ യഥാര്‍ത്ഥ പേരിനേക്കാള്‍ മുന്‍പെ അവരുടെ അപര നാമങ്ങള്‍ ഞാന്‍ ഈ കൊച്ച്‌ ശരീരത്തില്‍ സൂക്ഷിച്ചു വെച്ചു. പിന്നീട്‌ ഇതില്‍ ഒരു അച്ചായന്‍ എന്റെ ബാച്ച്‌ മേറ്റാവുകയും, പിന്നീട്‌ ഞാന്‍ സീനിയറാവുകയും ഒക്കെ ചെയ്തിട്ടും അച്ചായന്‍ ഒരു വടവൃക്ഷമായി ആ ക്ലാസ്സില്‍ വേരും പടര്‍ത്തിയിരുന്നു. അവസാനം അച്ചായന്‍ വോളന്റ്‌റി റിറ്റയര്‍മന്റ്‌ വാങ്ങി എം.ജി.എമിന്റെ പടിയിറങ്ങിയപ്പോള്‍ ജോര്‍ജ്ജ്‌ ബുഷ്‌ പടിയിറങ്ങുന്ന വൈറ്റ്‌ ഹൗസ്‌ പോലെയായി എം.ജി.എം.

ദിവസങ്ങള്‍, ആഴ്ച്ചകള്‍, മാസങ്ങള്‍ കടന്നു പോയതോടു കൂടി ഞങ്ങളും അവിടെ താരങ്ങളായി. സയന്‍സ്‌ അദ്ധ്യാപകന്‍ കുരുവിള സാറാണു [ശരിയായ പേരല്ല] ഞങ്ങളുടെ ബോറന്‍ സാര്‍. ക്ലാസ്സില്‍ വന്നാല്‍ കാലു പൊക്കി നേരെ മേശപ്പുറത്ത്‌ സ്ഥാപിക്കും. എന്നിട്ട്‌ ഷര്‍ട്ടിന്റെ കോളര്‍ പുറകിലേക്ക്‌ വലിച്ചിട്ട്‌ ഒരു ഇരുപ്പ്‌. അന്ന് പഠിക്കാനുള്ള ഭാഗം വായിയ്ക്കാന്‍ പറഞ്ഞിട്ട്‌ അന്തസ്സായി പുള്ളി ചെറിയ കാറ്റും ഏറ്റു ധ്യാന നിരതനാകും. സാറിന്റെ ധ്യാനത്തിനു എന്തെങ്കിലും തരത്തില്‍ ഭംഗം വന്നാല്‍, കക്ഷി ആദ്യം കാണുന്ന ആളിന്റെ തന്തക്കും തരവഴിക്കും വിളിക്കും. ഫസ്‌റ്റ്‌ ബെഞ്ചില്‍ ഫസ്‌റ്റായി ഇരിക്കുന്ന നിരപരാധിയും, ലോല ഹൃദയനുമായ ഞാന്‍ പലപ്പോഴും സാറിന്റെ ദൃഷ്ടിയില്‍ പെടുകയും, സാര്‍ യാതൊരു ദാക്ഷണ്യവുമില്ലാതെ എന്റെ പിതാവിനും, പിതാമഹനും ‘തുമ്മാനുള്ള’ അവസരം ഒരുക്കി തരുകയും ചെയ്തു തന്നിരുന്നു.

ആ കാലഘട്ടത്തിലെ ഹിറ്റ്‌ പാട്ടായ, ♪♪ ആണായാല്‍ പെണ്ണ്‍ വേണം...പെണ്ണായാല്‍ ആണു വേണം..ആണിന്റെ മുഖത്തൊരിത്തിരി മീശ വേണമെന്ന ♪♪ പാട്ട്‌ ഞാന്‍ എന്റെ രാഹുവില്‍ കേതു ഉച്ചസ്ഥായിയില്‍ നിന്ന ഏതോ ഒരു സമയത്ത്‌ മീശയില്ലാത്ത ഒരു സാറിന്റെ മുന്‍പില്‍ വെച്ച്‌ പാടിയതിനു ചുമ്മാ കോഴികുഞ്ഞിനെ പരുന്ത്‌ റാഞ്ചുന്ന ലാഘവത്തോടെ എന്നെ സാര്‍ പൊക്കി വായുവില്‍ നിര്‍ത്തി രണ്ട്‌ താങ്ങ്‌ താങ്ങി നിലത്ത്‌ നിര്‍ത്തി. ‘വായു മര്‍ദ്ദം’ ആയത്തില്‍ അടി അത്ര കാര്യമായി എനിക്ക്‌ ഏല്‍ക്കാഞ്ഞ കാരണത്താല്‍ അന്നു ഞാന്‍ കരയാതെ പിടിച്ചു നിന്നു.

പിന്നീട്‌ ഒരിക്കല്‍ ഞങ്ങളുടെ ക്രാഫ്റ്റ്‌ റ്റീച്ചര്‍ എന്നെ പാട്ട്‌ പാടാന്‍ വിളിച്ചപ്പോള്‍... റ്റീച്ചറിന്റെ കസേരയ്ക്ക്‌ പിന്നില്‍ പോയി നിന്ന്, ടീച്ചറിന്റെ മൈക്ക്‌ പോലെ കെട്ടി വെച്ചിരുന്ന കാര്‍കൂന്തലില്‍ റ്റീച്ചര്‍ അറിയാത്ത രീതിയില്‍ ഒരു മൈക്ക്‌ ടെസ്റ്റിംഗ്‌ നടത്തുന്നതിന്റെ ആക്ഷന്‍ കാട്ടിയത്‌ അങ്ങേപ്പുറത്ത്‌ റ്റീച്ചറിനെ റ്റ്യൂണ്‍ ചെയ്തു കൊണ്ടിരുന്ന ആണ്‍ സാര്‍ കാണുകയും ആ പെര്‍ഫോര്‍മെന്‍സിന്റെ മാര്‍ക്ക്‌ അപ്പോള്‍ തന്നെ കിഴുക്കിന്റെ രൂപത്തില്‍ എന്റെ തുടയില്‍ ലഭിക്കുകയും ചെയ്തു.

ഒരു ദിവസം കുരുവിള സാര്‍ പതിവു പോലെ തന്റെ ക്ലാസ്സ്‌' ‘ഗംഭീരമായി’ നടത്തി കൊണ്ടിരിക്കുന്ന സമയത്ത്‌, ഇവിടെ കാറ്റിനു സുഗന്ധം എന്ന പാട്ടിലെ പോലെ ഒരു
' വല്ലാത്ത സുഗന്ധം' പരക്കുകയും, കുരുവിള സാറിന്റെ മൂക്കില്‍ പഞ്ഞി ഇല്ലാഞ്ഞ കാരണത്താല്‍ കുരുവിള സാര്‍ ഞെട്ടി എഴുന്നേല്‍ക്കുകയും ഉറക്കത്തില്‍ പിച്ചും പേയ്യും പറയും പോലെ..' അ … ആ …എല്ലാവരും ഗ്രൗണ്ടില്‍ പോയി കളിച്ചോ'യെന്ന് പറഞ്ഞു തീരും മുന്‍പേ ഞങ്ങള്‍ ഗ്രൗണ്ടിലെത്തി. ഗ്രൗണ്ടില്‍ ചെന്ന് കളിച്ച്‌ കൊണ്ടിരുന്നപ്പോഴാണു എന്റെ പോക്കറ്റിലിരിക്കുന്ന പയലറ്റ്‌ പേന ദൃഷ്ടിയില്‍ പതിഞ്ഞത്‌. ആ ഇനി ഇത്‌ കളഞ്ഞു പോയിട്ട്‌ വേണം ബാക്കി വീട്ടില്‍ നിന്ന് കിട്ടാന്‍. പിന്നെ ഒട്ടും ആലോചിക്കാതെ ക്ലാസ്സിലേക്ക്‌ ഞാന്‍ പോയി. അവിടെ ചെന്നപ്പോള്‍, ഞങ്ങളുടെ ക്ലാസ്സില്‍ സേവനവാരം നടക്കുന്നു. ആ അവിടെ എന്തെങ്കിലും നടക്കട്ടെ. ആര്‍ക്കു ചേദം. കുരുവിള സാറിനോട്‌ അനുവാദം വാങ്ങി ഞാന്‍ ക്ലാസ്സില്‍ കയറി, പയലറ്റ്‌ പേനയും വെച്ച്‌, ക്ലാസ്സില്‍ നിന്ന് ഇറങ്ങാന്‍ തുടങ്ങുകയും...കുരുവിള സാറിന്റെ ഫാദര്‍ പെട്ടെന്ന് മാറി. പുള്ളിക്കാരന്‍ ചൂരലും എടുത്ത്‌ ഞങ്ങളുടെ ക്ലാസ്സിന്റെ മുന്‍വാതില്‍ കൊട്ടിയടച്ച്‌, എന്നെ വളരെ പൈശാചികവും മൃഗീയവുമായി മര്‍ദ്ദിക്കാന്‍ തുടങ്ങി. ഗത്യന്തരമില്ലാതെ കതകും തള്ളി തുറന്ന് പുറത്ത്‌ ചാടിയപ്പോള്‍ വോഡഫോണിലെ പട്ടിയെ പോലെ, സാര്‍ എന്റെ പിന്നാലെ…[അയ്യോ, അച്ചു മാമന്‍ കേള്‍ക്കെണ്ട] .അടി തുടര്‍ന്നു..അവസാനം സ്റ്റെപ്പില്‍ ഞാന്‍ വീണു. ഉരുണ്ട്‌ വീണു കിടന്ന എന്റെ കാലില്‍ ചവിട്ടി പിടിച്ച്‌, സാര്‍ വോഡഫോണ്‍ തകധിമി എന്നില്‍ പ്രാക്ടീസ്‌ ചെയ്തു. ഞാന്‍ വലിയ വായില്‍ ശരണം വിളിച്ചു. അവസാനം രണ്ട്‌ പെണ്‍ ടീച്ചറന്മാര്‍ വന്ന് എന്നെ രക്ഷിച്ചെടുത്തു. സ്പീഡ്‌ ബ്രേക്കര്‍ ഘടിപ്പിച്ച വണ്ടി 180 കിലോമീറ്റര്‍ സ്പീഡില്‍ പായുന്നത്‌ പോലെ സകല വേദനകളും മറന്ന് ഞാന്‍ ഗ്രൗണ്ടിലേക്ക്‌ ഓടി. ഓവര്‍ സ്പീഡില്‍, എയര്‍ ഹോണും അടിച്ച്‌ വന്ന എന്നെ കണ്ട്‌ എന്റെ സഹപാഠികള്‍ ഞെട്ടി. അടിയുടെ പാടുകള്‍ കണ്ട്‌ എല്ലാവരും തങ്ങള്‍ക്കുള്ള ഞെട്ടലും, അനുശോചനവും രേഖപ്പെടുത്തി. എന്ത്‌ പറ്റിയെന്ന ചോദ്യത്തിനു... അശ്വമേധം പ്രദീപിനു പോലും ഉത്തരം കിട്ടാത്ത ചോദ്യമായി അത്‌ മാറി. ഏതായാലും കരഞ്ഞും പിഴിഞ്ഞും ഞാന്‍ നാലു മണി വരെ ക്ലാസ്സില്‍ ഇരുന്ന് സ്‌ക്കൂളിലെ സഹതാപ തരംഗം മുഴുവന്‍ നേടി, വീട്ടില്‍ ഒരു പരുവത്തില്‍ ചെന്നു. ഗേറ്റ്‌ കണ്ടതും, പഞ്ചാര മില്ലില്‍ സയറന്‍ അടിക്കുന്നതിലും ഉച്ചത്തില്‍ കരഞ്ഞ്‌ കൊണ്ട്‌ കയറി ചെന്ന എന്നെ കണ്ട്‌ എല്ലാവരും അമ്പരന്നു പോയി. എന്റെ ദേഹത്തിലെ അടിയുടെ പാടുകള്‍ കണ്ട്‌ എല്ലാവരുടെയും ചോര തിളച്ചു...എന്തിനാടാ ഇങ്ങനെ നിന്നെ തല്ലിയത്‌??? എന്ന ചോദ്യത്തിനു മാത്രം എന്റെ കൈയില്‍ ഉത്തരവും ഇല്ല..ക്ലൂവും ഇല്ല... അപ്പ അന്ന് ദോഹയില്‍ ആണു. അമ്മ അവസാനം അമ്മാച്ചനെ വിളിച്ച്‌ വരുത്തി. വെട്ട്‌ ഒന്ന്, മുറി രണ്ട്‌ എന്ന തത്വവുമായി നടക്കുന്ന [രാഷ്ട്രീയക്കാരനും] കൂടിയായ അമ്മാച്ചനു അപ്പോള്‍ തന്നെ സാറിന്റെ വീട്ടില്‍ പോയി പൂശണം. പിന്നെ ഏറ്റവുമൊടുവില്‍ അമ്മാച്ചന്‍ തിരുവല്ലാ പോലീസ്‌ സ്റ്റേഷനില്‍ പരാതി കൊടുത്തു.

പിറ്റേന്ന് രാവിലെ എഴുന്നേറ്റപ്പോള്‍ എന്റെ രൂപം ആകെ മാറി. ശരീരം മുഴുവന്‍ നീരു വെച്ച പോലെയായി.അടിയുടെ പാട്‌ ദേഹത്തുടെ നീളം ഏത്തയ്ക്കാപ്പ കനത്തില്‍ കിടക്കുന്നത്‌ കണ്ട്‌ അമ്മ കുരുവിള സാറിനെ രാവിലെ മുതല്‍ പ്രഭാത ഭേരി പോലെ തലയ്ക്ക്‌ കൈ വെച്ച്‌ പ്രാകാന്‍ തുടങ്ങി. കൂടാതെ അമ്മ എനിക്ക്‌ പൊതു അവധിയും തന്നു. അതിനു ശേഷം മുറിവെണ്ണ ദേഹത്ത്‌ തേച്ച്‌ അമ്മ എന്നെ ആശ്വസിപ്പിച്ചു.. ദുഖാചരണം നടത്തുമ്പോള്‍ ദേശീയ പതാക താഴ്‌ത്തി കെട്ടും പോലെ ദേഹത്തെ അടി പാടുകള്‍ വീട്ടില്‍ വരുന്നവരെ കാണിക്കാന്‍ പാകത്തില്‍ ഒരു തോര്‍ത്ത്‌ അരയില്‍ താഴ്‌ത്തി കെട്ടി ഞാന്‍ ദുഖാചരണം നടത്തി.

ഏകദേശം 10.30 മണിയോടേ വീട്ടിലേക്ക്‌ ഒരു ഫോണ്‍ കോള്‍ വന്നു- സാറിനെ സ്‌ക്കൂളില്‍ നിന്ന് പൊക്കി സ്റ്റേഷനില്‍ കൊണ്ട്‌ വന്നു എന്ന മനം കുളിര്‍പ്പിക്കുന്ന വാര്‍ത്ത... ആ, @$@#@**@ , അവിടെ കുറച്ച്‌ നില്‍ക്കട്ടെ...ഞാന്‍ പിന്നെ സൗകര്യം പോലെ അങ്ങ്‌ വന്നേക്കാമെന്ന് അമ്മാച്ചന്‍ എസ്‌.ഐയോട്‌ പറഞ്ഞപ്പോള്‍ എനിക്ക്‌ പിന്നെയും ഒരു കോരിത്തരിപ്പ്‌ അനുഭവപ്പെട്ടു. ഒരു 11.00 മണിയോടെ ഒരു കാറില്‍ ഹെഡ്‌മാസ്റ്ററും, ടീമും വീട്ടില്‍ വന്നു. ദുഖാചരണം പ്രമാണിച്ച്‌ സില്‍ക്ക്‌ സ്മിതെയെയും ഞെട്ടിച്ച്‌ നില്‍ക്കുന്ന എന്റെ വസ്ത്രധാരണം ഹെഡ്‌മാസ്റ്റര്‍ കണ്ടതിന്റെ ജാള്യതയോടെ ഞാന്‍ ഒന്ന് പരുങ്ങിയെങ്കിലും അതേ വേഷത്തില്‍ അമ്മാച്ചന്‍ എന്നെ പൊക്കി അവരുടെ മുന്‍പില്‍ പ്രദര്‍ശിപ്പിച്ചു. ഹെഡ്‌മാസ്റ്ററിന്റെ ഹെഡ്‌, അമ്മാച്ചന്‍ തിന്നു കളയുമോയെന്ന് വരെ ഞാന്‍ ചിന്തിച്ചു പോയ നിമിഷങ്ങള്‍. വീട്ടില്‍ വന്ന എല്ലാവരും കുരുവിള സാര്‍ ചെയ്തത്‌ അങ്ങേയറ്റം തെറ്റാണെന്ന് സമ്മതിച്ചെങ്കിലും ഇവര്‍ക്കും എന്നെ എന്തിനാണു തല്ലിയതെന്ന് അറിയില്ലായിരുന്നു. ഏതായാലും അമ്മാച്ചനും, സാറന്മാരും കൂടി പോലീസ്‌ സ്റ്റേഷനില്‍ എത്തി. അമ്മാച്ചനു കുരുവിള സാറിനെ കണ്ടപ്പോള്‍ പ്രഷര്‍ കൂടി. കുരുവിള സാര്‍ മാപ്പ്‌ പറഞ്ഞപ്പോള്‍, അമ്മാച്ചന്‍:- തല്ലിയത്‌ എന്തിനാണെന്ന് അറിഞ്ഞിട്ട്‌ മാപ്പും, ‘കോ...’ പറഞ്ഞാല്‍ മതിയെന്നായി. അമ്മാച്ചന്റെ ദേഷ്യത്തിനു മുന്‍പില്‍ ഒരു നാര്‍ക്കോ അനാലിസൊ, ബ്രയിന്‍ മാപ്പിങ്ങോ ഒന്നും നടത്താതെ തന്നെ സാര്‍ മനസ്സു തുറന്നു.

സംഭവ ദിവസം ക്ലാസ്സിലെ ഏതോ ഒരു പെണ്‍ക്കുട്ടി ക്ലാസ്സ്‌ ഒരു ‘കക്കൂസ്സാക്കി’ മാറ്റി. ഉറക്കത്തില്‍ ആണെങ്കിലും ഒരു പോലീസ്‌ നായയുടെ ഘ്രാണ ശേഷിയുള്ള മൂക്കിന്റെ പിന്‍ബലത്തില്‍ സാറിനു കാര്യങ്ങള്‍ വ്യക്തമായി. അതിനെ തുടര്‍ന്ന് ഞങ്ങളെ ഗ്രൗണ്ടില്‍ വിട്ടിട്ട്‌ ക്ലാസ്സില്‍ നിന്ന് തകൃതിയായി ഡെഡ്‌ ബോഡി മറവ്‌ ചെയ്ത്‌, തെളിവുകള്‍ നശിപ്പിച്ചു കൊണ്ടിരുന്ന സമയത്താണു ‘സിസ്റ്റര്‍ അഭയായെ’ പോലെ ഞാന്‍ അവിടെക്ക്‌ കടന്നു ചെന്നത്‌. കാണരുതാത്തത്‌ താന്‍ കണ്ടു എന്ന് മനസ്സിലാക്കിയ സാര്‍, പിന്നെ ഒരു ഫാദര്‍ കോട്ടൂരാനായതാണു ഈ അടിയുടെ പിന്നിലെ മനശാസ്ത്രം. സാര്‍ ഈ വിഷയത്തില്‍ മാപ്പ്‌ പറഞ്ഞു പ്രശനങ്ങള്‍ അവസാനിച്ചു. അതു കഴിഞ്ഞു സാര്‍ ഞങ്ങളെ പഠിപ്പിക്കാന്‍ വന്നിട്ടുമില്ല..എന്റെ അപ്പയും, അപ്പച്ചനും കാര്യമായി തുമ്മിയിട്ടുമില്ല.

ഈ സംഭവം കഴിഞ്ഞതോടെ സാറന്മാര്‍ക്ക്‌ എല്ലാം എന്നെ ഭയങ്കര ഇഷ്ടം. ഞാന്‍
♪♪ എന്തു പറഞ്ഞാലും, [എന്തു ചെയ്താലും] നീ എന്റേതല്ലെ വാവേ ♪♪ എന്ന് ഉര്‍വ്വശി പാടിയത്‌ പോലെ എല്ലാവരും പാടി എന്നെയങ്ങ്‌ സ്നേഹിച്ചു. പിന്നെ എട്ടാം ക്ലാസ്സ്‌ വരെ അല്ലലും അലച്ചിലും ഇല്ലാതെ ഞാന്‍ കഴിഞ്ഞു. എട്ടാം ക്ലാസ്സില്‍ പഠിക്കുമ്പോള്‍ ഒരു പള്ളിയില്‍ അച്ചനായ അവിടുത്തെ ഇംഗ്ലീഷ്‌ സാറും 'അറിവില്ലാതെ' എന്റെ നെഞ്ചത്ത്‌ കയറി... പിന്നെ അച്ചനും ഇമ്മിണി ഭേദപ്പെട്ട പണി കൊടുത്തു. അതോടെ ആ ഫാദര്‍ പൂതൃക്കായുടെയും അസുഖം കുറഞ്ഞു.

1988ല്‍ ഞാന്‍ സ്ക്കൂളില്‍ നിന്നും പത്താം ക്ലാസ്സ്‌ പാസ്സായി എന്ന ഞെട്ടിക്കുന്ന വാര്‍ത്ത കേട്ടപ്പോള്‍ എന്നെക്കാട്ടിലും കൂടുതല്‍ അവിടുത്തെ സാറന്മാര്‍ക്കാണു ആശ്വാസം പകര്‍ന്നതെന്ന സത്യം ഇനിയും ഊന്നി ഊന്നി പറയേണ്ടതില്ലല്ലോ..അല്ലെ...

Monday 1 December 2008

ജോയപ്പനാണു താരം

ജന്മനാ ഒന്ന് രണ്ട്‌ ക്രോമസോം മിസ്സിങ്ങാണെങ്കിലും ജോയപ്പന്‍ ഒരു ചാന്തു പൊട്ടല്ല. ഞങ്ങളുടെ നാട്ടിലെ വിധവകളുടെയും, അബലകളുടെയും തോഴന്‍. കൂടാതെ ഏത്‌ സ്ത്രീ രത്നവും [ഇമിറ്റേഷനാണെങ്കിലും] എന്ത്‌ ജോലി ഏല്‍പ്പിച്ചാലും ഉള്ള ബുദ്ധി വെച്ച്‌ അത്‌ ചെയ്തു കൊടുക്കും. ആയതിനാല്‍ ജോയപ്പനെ കൊണ്ട്‌ പുല്ലു പറിപ്പിച്ചും, പുറമ്പണികള്‍ ചെയ്യിച്ചും, കുളിക്കടവില്‍ കാവലിരുത്തിയും മറ്റും സ്ത്രീ ജനങ്ങള്‍ പാവത്തിനെ പീഡിപ്പിച്ചു പോന്നു.. പക്ഷെ സ്വന്തം വീട്ടുകാര്‍ എന്ത്‌ പണി പറഞ്ഞാലും നിര്‍ദ്ദാക്ഷണ്യം നോ പറഞ്ഞൊഴിയും. രാത്രി കാലങ്ങളില്‍ ജോയപ്പനെ വാറ്റുകാര്‍ കൂട്ടും. അതും ലേഡീസ്‌ ഒണ്‍ലി റ്റിമിന്റെ കൂടെ ജോയപ്പന്‍ കൂടൂ എന്നത്‌ നഗ്ന സത്യം. പക്ഷെ ഇങ്ങനെയൊക്കെയാണെങ്കിലും ജോയപ്പന്റെ പേരില്‍ നാളിതു വരെ ഒരു പീഡന കേസും റജിസ്റ്റര്‍ ചെയ്തിട്ടില്ല. സത്യമിതാണെങ്കിലും ഞങ്ങളുടെ നാട്ടിലെ ചെറുസെറ്റ്‌ അസൂയയോടെ ജോയപ്പനെ “കോഴിയപ്പനെന്ന്” വിളിച്ചു പോന്നു.

സ്ത്രീകള്‍ കഴിഞ്ഞാല്‍ ടിയാന്റെ വീക്ക്‌ പോയിന്റ്‌ ഉത്സവങ്ങളാണു. ഉത്സവ പറമ്പ്‌, പെണ്‍ക്കുട്ടികളുടെ വിഹാര കേന്ദ്രമായതിനാല്‍ നമ്മുടെ ജോയപ്പനും അത്‌ 'വികാര' കേന്ദ്രമായി തീര്‍ന്നു. അങ്ങനെയിരിക്കെ കാവുംഭാഗം ശ്രീവല്ലഭ ക്ഷേത്രത്തിലെ ഉത്സവത്തിനു ജോയപ്പന്‍ പോയി. അന്ന് അവിടെ കലാഭവന്റെ മിമിക്സ്‌ പരേഡാണു മുഖ്യ പരിപാടി. ഏതു കലാപരിപാടികളാണെങ്കിലും പെണ്‍പടകളുടെ സമീപം മാത്രമേ ജോയപ്പന്‍ ഇരിക്കാറുള്ളു. അന്ന് ജോയപ്പന്‍ ചെന്നപ്പോള്‍ തന്നെ സ്റ്റേജും പരിസരവും നിറഞ്ഞു കവിഞ്ഞിരുന്നു. ജോയപ്പന്‍ പരിസരം നന്നായി വീക്ഷിച്ചപ്പോള്‍ കുറച്ച്‌ പെണ്‍പടകളുടെ സമീപത്ത്‌ ഒരു ചന്തി കഷ്ടിച്ച്‌ ഉറപ്പിക്കാനുള്ള സ്ഥലം തരിശ്‌ കിടക്കുന്നു. ജോയപ്പന്‍ അവിടേക്ക്‌ നീങ്ങിയപ്പോള്‍, എന്തോ കാലില്‍ തട്ടി. കുനിഞ്ഞ്‌ നോക്കിയപ്പോള്‍ ഒരു പത്രം വെച്ച്‌ പുതപ്പിച്ചിട്ടിരിക്കുന്ന കുഞ്ഞിനെയാണു തട്ടിയതെന്ന് മനസ്സിലായി. ഉടനെ തന്നെ ജോയപ്പന്‍ കുനിഞ്ഞ്‌, കുഞ്ഞിനെ തൊട്ട്‌ ഒരു സോറി പറഞ്ഞതും അവിടെ കൂട്ട ചിരി ഉയര്‍ന്നതും ഒപ്പമായിരുന്നു. കൂടിയിരുന്ന പെണ്ണുങ്ങള്‍ പറഞ്ഞു-ദേണ്ടെടി ഒരുത്തന്‍ ആനപിണ്ഡത്തിനു സോറി പറയുന്നു.[ ആന പിണ്ഡം അവിടെ കിടന്ന കാരണം അവിടെ കൂടിയിരുന്നവര്‍ അത്‌ പത്രം വെച്ച്‌ മൂടിയിരുന്നത്‌ കണ്ട്‌ കുഞ്ഞാണെന്നു ആ ലോല ഹൃദയം തെറ്റിദ്ധരിച്ചതാണു ഇത്രയും അട്ടഹാസത്തിനിടയാക്കിയത്‌] ജോയപ്പനു ഈ അപമാനം താങ്ങാവുന്നതിലും അധികമായിരുന്നു. പിന്നെ അവിടുന്ന് നേരെ അടുത്ത പട്ട കടയില്‍ പോയി നന്നായി അങ്ങ്‌ പൂശി. പട്ട ഷാപ്പില്‍ നിന്ന് വേച്ച്‌ വേച്ചിറങ്ങിയ ജോയപ്പന്‍ നടു റോഡിലിറങ്ങി ട്രാഫിക്ക്‌ നിയന്ത്രണം ആരംഭിച്ചു. ഉത്സവം നടക്കുന്ന സ്ഥലമല്ലേ...പെട്ടെന്ന് തന്നെ പോലീസ്‌ വന്നു. വീട്ടില്‍ പോടാ എന്ന് എസ്‌.ഐ കടുപ്പിച്ച്‌ പറഞ്ഞപ്പോള്‍, അതിനേക്കാളും ഉച്ചത്തില്‍ [കിളി കരയുന്ന ശബ്ദത്തില്‍] പോലീശെന്നാ പോലീശാ... എന്നറിയാതെ ചോദിച്ചു പോയി. പിന്നെ വലിയ താമസം ഉണ്ടായില്ല. ജോയപ്പന്‍ പോലീസ്‌ ജീപ്പിനുള്ളില്‍ ചുരുണ്ട്‌ വീണു. അത്‌ കഴിഞ്ഞ്‌ തിരുവല്ലാ പോലീസ്‌ സ്പോണ്‍സേര്‍ ചെയ്ത നഗര പ്രദ്ധിക്ഷണം, ഒടുക്കം ലോക്കപ്പില്‍ അന്തിയുറക്കവും..

പിറ്റേന്ന് പള്ളിയിലച്ചന്‍ സഹിതമുള്ള ആള്‍ക്കാര്‍ പോലീസ്‌ സ്റ്റേഷനില്‍ ചെന്നു. അവിടെ ചെന്നപ്പോള്‍ ഏമാനില്ല. പക്ഷെ ലോക്കപ്പില്‍ കിടക്കുന്ന ജോയപ്പന്‍ തലേ ദിവസത്തിലെ സിറ്റി ടൂര്‍ കഴിഞ്ഞ ക്ഷീണത്തില്‍ അപ്പോഴും നല്ല ഉറക്കത്തിലായിരുന്നു. [പള്ളിയിലച്ചനെ എന്റെ കസിന്‍ ബ്രദറാണു കൊണ്ടു പോയത്‌. പോലിസ്‌ സ്റ്റേഷനായ കാരണം ഞാന്‍ വണ്ടിയില്‍ തന്നെ എന്റെ ശരീരത്തില്‍ ആകെയുള്ള മസിലും പിടിച്ച്‌ അമര്‍ന്നിരുന്നു.]

ഏമാനു വേണ്ടി വികാരിയും, കുഞ്ഞാടുകളും കാത്തിരുന്ന സമയം ഒരു ഓട്ടോ ഡ്രൈവര്‍, ഓട്ടോയുമായി വന്നു. ഓട്ടോ നിര്‍ത്തി കക്ഷി നേരെ ചെന്ന് ഒരു പോലീസുകാരനോട്‌ എസ്‌.ഐ വന്നില്ലേ...എപ്പോള്‍ വരുമെന്ന് തിരക്കി? എപ്പോള്‍ വരുമെന്ന് അറിയില്ലയെന്ന് പോലീസുകാരന്‍ പറഞ്ഞതോടെ...ശ്ശെ...ഇന്നത്തെ ദിവസം പോയി...എന്ന് പിറുപിറുത്ത്‌ കൊണ്ട്‌ ഓട്ടോക്കാരന്‍ അങ്ങോട്ടും ഇങ്ങോട്ടും നടന്നു. കാറിനകത്ത്‌ ഇരുന്ന് ബോറടിച്ചപ്പോള്‍ ഞാന്‍ പതുക്കെ കാറില്‍ നിന്നിറങ്ങി. എന്നിട്ട്‌ വലതു കാല്‍ തന്നെ വെച്ച്‌, ഭയ ഭക്തി ബഹുമാനത്തോടെ പോലീസ്‌ സ്റ്റേഷന്റെ പടികള്‍ ചവുട്ടി കയറിയെന്നു മാത്രമല്ല കസിന്‍ ബ്രദറിന്റെയടുത്ത്‌ ഞാനൊരു സ്റ്റിക്കര്‍ പോലെയൊട്ടി നിന്നു. ഏറെ നേരത്തെ കാത്തിരുപ്പിനു അറുതി വരുത്തി എസ്‌.ഐ വന്നു. എസ്‌.ഐ പോലിസുകാരോട്‌ അല്‍പം കുശലം തിരക്കി തന്റെ മുറിയിലേക്ക്‌ കയറാന്‍ തുടങ്ങും മുന്‍പേ നമ്മുടെ ഓട്ടോ ഡ്രൈവര്‍ ചാടി വീണു. സാറെ...ഞാന്‍ വന്നിട്ട്‌ ഒത്തിരി സമയം ആയി. അതിനു എസ്‌.ഐ:- ആഹ്‌ ഞാന്‍ എന്താ നിനക്ക്‌ വെയ്റ്റിംഗ്‌ ചാര്‍ജ്ജ്‌ തരണോ?? ആഹ്‌ അവിടെ കിടക്ക്‌? ഇത്രയും പറഞ്ഞ്‌ എസ്‌.ഐ മുറിയില്‍ കയറി പോയപ്പോള്‍ പള്ളിയിലച്ചന്‍ പോലും ഓട്ടോക്കാരന്റെ പെരുമാറ്റം കണ്ട്‌ അത്ഭുതപ്പെട്ടു. അച്ചന്‍ ധൈര്യം സംഭരിച്ച്‌ അകത്ത്‌ കയറാന്‍ പോലീസുകാരനോട്‌ അനുവാദം ചോദിച്ചപ്പോള്‍ എസ്‌.ഐ ഓഫീസില്‍ നിന്നുമിറങ്ങി വന്നു. അപ്പോള്‍ വീണ്ടും നമ്മുടെ ഓട്ടോ ഡ്രൈവര്‍, തലയും ചൊറിഞ്ഞ്‌ എസ്‌.ഐയുടെ മുന്‍പില്‍...സാറെ..ഞാന്‍..എന്നെ അങ്ങു വിട്‌ സാറെ...ആഹ്‌ എന്നാല്‍ തുടങ്ങിയ്ക്കോയെന്ന്...എസ്‌.ഐ പറഞ്ഞതും..ഓട്ടോക്കാരന്‍ ഓട്ടോയുടെ അടുത്ത്‌ ചെന്ന് ഒന്ന് ചരിഞ്ഞ്‌ നിന്നിട്ട്‌ അതിന്റെ റെക്സിനില്‍ അടിച്ച്‌… ♪♪ സുന്ദരി, സുന്ദരി ഒന്നൊരുങ്ങി വാ...നാളെയാണു താലി മംഗളം. .♪♪ എന്ന പാട്ട്‌ ഒരു എട്ടര കട്ടയ്ക്കിട്ടു പാടി. എന്താണു അവിടെ സംഭവിക്കുന്നതെന്ന് ഞങ്ങള്‍ പാവം ഓഡിയന്‍സിനു മനസ്സിലായതേയില്ല.. പാട്ട്‌ നിര്‍ത്തിയപ്പോള്‍ എസ്‌.ഐ ചോദിച്ചു...ഇങ്ങനെ തന്നെയായിരുന്നോടാ...അന്ന് നീ നന്നായി താളം പിടിച്ചല്ലോ...താളം പിടിച്ച്‌ ഒന്നൂടെ...വീണ്ടും നമ്മുടെ ഓട്ടോ ഡ്രൈവര്‍ നന്നായി താളം പിടിച്ച്‌ സുന്ദരി, സുന്ദരി ഒന്നു കൂടെ പാടി..ആഹ്‌ പൊയ്ക്കോ...എസ്‌.ഐ പറഞ്ഞതും ഐഡിയാ സ്റ്റാര്‍ സിംഗറിന്റെ ഒരു കോടി രൂപായുടെ ദുബായിലെ ഫ്ലാറ്റ്‌ സ്വന്തമാക്കിയ സന്തോഷത്തോടെ അവന്‍ ഓട്ടോ ഓടിച്ച്‌ പോയി. എന്താണവിടെ സംഭവിച്ചതെന്നറിയാതെ വായ പൊളിച്ച്‌ നിന്ന ഞങ്ങളുടെ സംശയം തീര്‍ക്കാനായി എസ്‌.ഐ പറഞ്ഞു:- അതെ ഇവന്‍ ഞാന്‍ ഒരു ദിവസം തിരുവല്ല ട്രാന്‍സ്പോര്‍ട്ട്‌ സ്റ്റാന്‍ഡില്‍ നിന്നിറങ്ങി വരുമ്പോള്‍, അതു വഴി പോയ ഒരു കോളെജ്‌ കുമാരിയെ നോക്കി, ഈ പാട്ട്‌ വളരെ നന്നായി ഓട്ടോയില്‍ താളം പിടിച്ച്‌ പാടിയപ്പോള്‍ ഞാന്‍ അവിടുന്ന് അവനെ പൊക്കി. അന്നു മുതല്‍ ഒരു മാസത്തേക്ക്‌ എന്നും രാവിലെ അവന്‍ എന്നെ ഈ പാട്ട്‌ പാടി കേള്‍പ്പിച്ചിട്ട്‌ ഓട്ടം പോയാല്‍ മതിയെന്ന് ശിക്ഷ വിധിച്ചു. അതു തന്നെ ഇതു. ഏതായാലും എസ്‌.ഐയുടെ അടിപൊളി ശിക്ഷ ഞങ്ങള്‍ക്ക്‌ നന്നായി സുഖിച്ചു. ദൈവമേ!!! ഈ കണക്കാണെങ്കില്‍ ജോയപ്പനെന്തായിരിക്കും ശിക്ഷ. എന്നും ട്രാഫിക്ക്‌ നിയന്ത്രിപ്പിക്കുമോ? പള്ളിയിലച്ചന്‍, ....♪♪ ഈ കുരിശ്‌ നീ എനിക്ക്‌ എന്തിനു തന്നു ആണ്ഡി വടിവാനോ ....♪♪ എന്ന പാട്ട്‌ മനസ്സില്‍ പാടിയതു പോലെ തോന്നി. പള്ളിയിലച്ചന്‍ ഇടപെട്ട കേസായ കാരണം കൂടുതല്‍ ശിക്ഷ നമ്മുടെ പ്രതിക്ക്‌ കിട്ടിയില്ല.

പോലീസ്‌ സ്റ്റേഷനില്‍ നിന്നും വീട്ടിലെത്തിയിട്ടും ജോയപ്പന്‍ ആരോടും ഒന്നും സംസാരിച്ചില്ല. പിറ്റേന്ന് ഉച്ചക്കത്തെ ഭക്ഷണവും കഴിച്ചു വീട്ടുകാര്‍ എല്ലാവരും കാണ്‍കെ ഒരു കയറുമെടുത്ത്‌ നേരെ മുറ്റത്തെ പ്ലാവില്‍ കയറി. ഇതു കണ്ടതും ജോയപ്പന്റെ അമ്മ അലമുറയിട്ട്‌ കരഞ്ഞ്‌ അയല്‍ക്കാരെ കൂട്ടി. പോട്ട്‌ മോനെ...സാരമില്ലെടാ...മോനെ ചാകല്ലെടാ...എന്നൊക്കെ കരഞ്ഞ്‌ പറഞ്ഞപ്പോള്‍ ഒന്നും മിണ്ടാതെ ജോയപ്പന്‍ പ്ലാവില്‍ നിന്നും നല്ല ഒരു വിളഞ്ഞ ചക്ക അറുത്ത്‌ കയറില്‍ കെട്ടി താഴെയിറക്കി. അങ്ങനെ ജീവിതത്തിലാദ്യമായി ജോയപ്പന്‍ വീട്ടുകാര്‍ പറയാതെ തന്നെ ബുദ്ധിപൂര്‍വ്വമായി ഒരു കാര്യം ചെയ്ത്‌ വീട്ടുകാരെയും നാട്ടുകാരെയും ഞെട്ടിച്ചു. അയല്‍ക്കാര്‍ അല്‍പ സമയം കൂടി നിന്നിട്ട്‌ സ്ഥലം കാലിയാക്കി. ഈ ലോക്കപ്പിലെ അന്തിയുറക്കത്തോടെ ജോയപ്പന്‍ ഉത്സവത്തിനു പോകുന്ന ഏര്‍പ്പാട്‌ നിര്‍ത്തി [ബാക്കി ചുറ്റി കളികള്‍ ഒന്നും നിര്‍ത്തിയില്ല താനും. ] പകരം കല്യാണങ്ങള്‍ക്ക്‌ അറ്റന്‍ഡ്‌ ചെയ്യലാണു ഇപ്പോഴത്തെ ഹോബി. കല്യാണത്തിനു പോയാല്‍ രണ്ടുണ്ട്‌ കാര്യം.. ഭക്ഷണവും കഴിക്കാം...പെണ്ണുങ്ങളെയും കാണാം...അങ്ങനെ ജോയി അപ്പന്‍ ശരിക്കും ജോയി[സന്തോഷം]ആയി.... എന്നാല്‍ കല്യാണം കഴിച്ചാല്‍ മാത്രം മതി, നാട്ടുകാര്‍ സ്പോണ്‍സര്‍ ചെയ്ത്‌ ജോയപ്പനെ റിയല്‍ അപ്പനാക്കാമെന്ന് പറഞ്ഞിട്ടും അതിനു വശംവദനാകാതെ ഒരു ക്രോണിക്ക്‌ ബാച്ചിലറായി ജോയപ്പന്‍ ഞങ്ങളുടെ നാട്ടില്‍ കൂടി നിത്യ കന്യകനായി ഇപ്പോഴും വിലസുന്നു, കുട്ടേട്ടനിലെ മമ്മൂക്കായെ പോലെ...



ദൈവമേ, എല്ലാ പട്ടികളും ഈ ബ്ലോഗ്‌ വായിക്കണേ. ഇതൊരു വിവാദ ബ്ലോഗ്‌ ആക്കണെ..പ്ലീസ്‌

Saturday 15 November 2008

പൊടിയാടിക്കാരുടെ പൊടിക്കൈകള്‍

പൊടിയാടി:- പേരു പോലെ പൊടി നിറഞ്ഞ സ്ഥലമൊന്നുമല്ല. മറിച്ച്‌ പ്രകൃതി രമണിയമായ സ്ഥലം. പമ്പയാറും, മണിമലയാറും പൊടിയാടിയെ കൂടുതല്‍ സുന്ദരിയാക്കി. പണ്ട്‌ കൃഷിക്കാരുടെ സ്വന്തം നാടായിരുന്നു പൊടിയാടി. അങ്ങനെയാണു പഞ്ചാരമില്ല് പുളിക്കീഴ്‌ വന്നത്‌. കരിമ്പും, നെല്ലും, വാഴയും, കപ്പയും ഒക്കെ കൃഷി ചെയ്തിരുന്ന നാട്‌. രാസ വള പ്രയോഗങ്ങളില്ലാതെ കൃഷി ചെയ്യുന്ന സമ്പ്രദായത്തിനു ഇന്ന് പ്രസക്തി ഏറിയിട്ടുണ്ട്‌. എന്നാല്‍ ഈ കൃഷി രീതി വര്‍ഷങ്ങള്‍ക്ക്‌ മുന്‍പേ പൊടിയാടിക്കാര്‍ അവലംബിച്ച്‌ ഫലം കണ്ടവരാണു. മുതലാളിമാര്‍ കരിമ്പ്‌ കൃഷി ചെയ്യും.'ജൈവ വള പ്രയോഗം' നാട്ടുകാരുടെ വക ഫ്രീ. കാലം മാറി, കഥ മാറി. കൃഷി ചെയ്യാനും, ജോലി ചെയ്യാനും ആളില്ലാതായതോടെ കരിമ്പ്‌ കൃഷി ഞങ്ങളുടെ നാട്ടില്‍ നിന്ന് അപ്രത്യക്ഷമായി. കൃഷി ചെയ്യാതെ ഈ പ്രദേശത്തെ പല കണ്ടങ്ങളും അങ്ങനെ കിടന്നിട്ടും, ഒരു പാര്‍ട്ടിക്കാരനും കൊടി കുത്താനിറങ്ങിയില്ല. ഈ കണ്ടങ്ങളില്‍ കൊടി കുത്താനിറങ്ങിയാല്‍ അവരൊന്നും 'നേരെ ചൊവ്വേ പോകില്ല'. കാലക്രമേണ ഈ കണ്ടങ്ങള്‍ ഒരു റ്റിപ്പര്‍ ലോറിയില്‍ പോലും ഒറ്റ ലോഡ്‌ മണ്ണു പോലും ഇറക്കാതെ ഞങ്ങളുടെ നാട്ടുകാരുടെ സ്ഥിരോത്സാഹം കൊണ്ടങ്ങ്‌ നികന്നു. ചുമ്മാതെയാണോ...അങ്ങു അമേരിക്കയില്‍ ഇരുന്ന് നമ്മുടെ ബുഷ്ച്ചായന്‍ നമ്മളെ തീറ്റ പണ്ടാരങ്ങള്‍ എന്നു വിളിച്ചതു.

ഇതിനിടയില്‍ ടീമിലെ ഒരു ഫൗണ്ടര്‍ മെംബറുടെ മകനും കുടുംബവും സിംഗപ്പൂരിലേക്ക്‌ കുടിയേറിയതിനെ തുടര്‍ന്ന് അച്ചനെയും മകന്‍ സിംഗപ്പൂരിലേക്ക്‌ കൊണ്ട്‌ പോയി. വര്‍ഷങ്ങള്‍ കഴിഞ്ഞ്‌ നാട്ടില്‍ തിരിച്ചെത്തിയ അച്ചന്‍ പിറ്റേന്ന് അതിരാവിലെ സ്വന്തം പറമ്പില്‍ പോയി കാര്യം സാധിച്ചു വന്നിട്ട്‌, അനന്തിരവന്‍ പയ്യനോട്‌ പറഞ്ഞു, ഓഹ്ഹ്‌ ഒത്തിരി നാളു കൂടി ഇന്നു വായിക്ക്‌ രുചിയായിട്ട്‌ ഒന്ന് വയറ്റീന്ന് പോയതെന്ന്. അതാണു ആ ആത്മ ബന്ധം.

മാറി മാറി വന്ന പഞ്ചായത്ത്‌ ഭരണസമിതികള്‍ വീടൊന്നിനു മൂന്നും നാലും കക്കൂസ്സുകള്‍ കൊടുത്തിട്ടും പുല്ലു മുട്ടിയാലേ വയറൊഴിയൂ എന്ന സ്ഥിതിയുള്ള നാട്ടുകാര്‍ പുതു പുതു സങ്കേതങ്ങള്‍ കണ്ടു പിടിച്ചു കൊണ്ടിരുന്നു. അങ്ങനെ ആറ്റു പുറമ്പോക്കില്‍ ഉള്ള പുലിമുട്ടും അതിനോടു ചേര്‍ന്ന സ്ഥലവും ഞങ്ങളുടെ ഗ്രാമവാസികള്‍ ദത്തെടുത്തു. ഏതോ ഒരു ‘മാന്യനായ വ്യക്തിക്ക്‌’ ഇങ്ങനെ പൊതു സ്ഥലത്ത്‌ വെളിക്കിറങ്ങുന്നത്‌ അപമാനമായി തോന്നിയതിനെ തുടര്‍ന്ന് അവിടെ മുള വെച്ചു പിടിപ്പിച്ചു. ഏതാനം മാസം കൊണ്ട്‌ , [ഇവിടുത്തെ വളത്തിന്റെ ശക്തി കാരണം] ഇത്‌ ഒരു വലിയ കാടായി മാറി. മുളങ്കാട്‌ ഒരു വലിയ മറവായതിനാല്‍, ഇവിടെ വാറ്റുകാരും പതുക്കെ കൂടി. ആറ്റിറമ്പ്‌ ആയതിനാല്‍ ചാരായം എടുത്താല്‍ ഉടനെ സുരക്ഷിതമായി വെള്ളത്തില്‍ താഴ്ത്താം. 'രണ്ടിനു' പോയി കഴിഞ്ഞു ക്ഷീണം തീര്‍ക്കാന്‍ അല്‍പം വാറ്റ്‌ അടിക്കാം. അങ്ങനെ കേരളത്തില്‍ ആദ്യത്തെ ഓപ്പണ്‍ എയര്‍ റ്റോയ്‌ലറ്റ്‌ അറ്റാച്ചഡ്‌ ബാര്‍, പൊടിയാടിക്ക്‌ സ്വന്തമായി. ഇതിനൊക്കെ പുറമേ നല്ല പ്രകൃതി രമണീയമായ സ്ഥലവും. വാറ്റ്‌ അടിച്ചു ഫ്ലാറ്റായാല്‍ കാറ്റും കൊണ്ട്‌ കിടക്കാം. [സത്യം പറയാമല്ല്ലോ...സുബോധത്തോടെ ആരെങ്കിലും അവിടെ വന്നാല്‍ അവന്‍ നാറ്റം കൊണ്ട്‌ ഫ്ലാറ്റാകും.] ഏതായാലും അങ്ങനെ ഈ ദത്തെടുത്ത ഈ പ്രദേശവും വാറ്റിനെ സ്നേഹിക്കുന്നവരുടെ ഭൂപടത്തില്‍ പെട്ടെന്ന് തന്നെ സ്ഥാനം പിടിച്ചു.

അങ്ങനെ വാറ്റ്‌ അടി, പൊടി പൊടിച്ചിരിക്കുന്ന സമയം... ആരും പ്രതീക്ഷിക്കാത്ത സമയത്ത്‌ എക്സൈസുകാര്‍ വന്ന് സ്ഥലം വളഞ്ഞു. കാക്കി കുപ്പായം കണ്ടതും ഫിറ്റായവരും, അണ്‍ഫിറ്റായവരും, വാറ്റുകാരും, കൂട്ടുകാരും പമ്പാ നദിയിലേക്ക്‌ എടുത്ത്‌ ചാടി. സി.ഐ പല തവണ കരയില്‍ നിന്ന് ആക്രോശിച്ച്‌ അവരെ പ്രോത്സാഹിപ്പിച്ച കാരണം എല്ലാവരും വേഗത്തില്‍ തന്നെ അടുത്ത പോയിന്റില്‍ എത്തി. പിന്നെ എക്സൈസുകാര്‍ എല്ലാവരും ആ പരിസരത്ത്‌ അങ്ങ്‌ വിഹരിച്ചു. മുളങ്കാട്ടില്‍ വാറ്റാന്‍ ഉപയോഗിച്ചിരുന്ന സാധന സാമഗ്രികള്‍, കോട എല്ലാം നശിപ്പിച്ചു. ആരെയും കിട്ടിയില്ലായെങ്കിലും തങ്ങളെ കൊണ്ട്‌ ഇത്രയെങ്കിലും ചെയ്യാനായല്ലോ എന്ന ആശ്വാസത്തില്‍ സി.ഐയും കൂട്ടരും നടക്കാന്‍ തുടങ്ങിയപ്പോള്‍ എന്തോ ഒരു പന്തിക്കേട്‌. തങ്ങള്‍ക്ക്‌ കാര്യമായി എന്തോ സംഭവിച്ചിരിക്കുന്നു. എല്ലാവരും ഒത്തുന്നു. ഷൂസ്സില്‍ സൂക്ഷിച്ച്‌ നോക്കിയതും എല്ലാവര്‍ക്കും കാര്യം പിടിക്കിട്ടി. ഇവിടുന്ന് കിട്ടിയ ‘തൊണ്ടിയാണു’ തങ്ങളെ ‘ഞൊണ്ടികളാക്കിയിരിക്കുന്നത്‌’…..പിന്നീട്‌ അവിടെ ഒരു ചവിട്ട്‌ നാടകം തന്നെ അരങ്ങേറി. ഒരു പോലീസുകാരന്‍ സി.ഐ ഉണ്ടെന്ന കാര്യം മറന്ന് 2 സംസ്‌കൃത പദം ഉപയോഗിച്ച്‌ ചോദിച്ചു, പണ്ടാരമടങ്ങാന്‍ ഇവനൊക്കെ എന്താ ഫെവിക്കോളും തിന്നിട്ടാണോ വെളിക്കിറങ്ങുന്നതെന്ന്..ഷൂ പറിഞ്ഞാലും ഇതു പറിയുമെന്ന് എനിക്കു തോന്നുന്നില്ലായെന്ന്....പിന്നീട്‌ അവിടെ വന്ന എല്ലാ പോലീസ്‌ ഏമാന്മാരും, ഷൂസ്സ്‌ പമ്പാ നദിയില്‍ മുക്കി നന്നായി കഴുകി വെടിപ്പാക്കി ഒരു വടക്കന്‍ വീര ഗാഥയില്‍, മാധവി പാടിയ ചന്ദന ലേപ സുഗന്ധം.....എന്ന പാട്ടു, പൊടിയാടിയിലെ നല്ലവരായ വാറ്റുകാര്‍ക്ക്‌ വേണ്ടി ഡെഡിക്കേറ്റ്‌ ചെയ്തിട്ടാണു സ്ഥലം കാലിയാക്കിയതു. പിന്നീട്‌ ആ പ്രദേശത്തേക്ക്‌ എക്സൈസ്ക്കാര്‍ എത്തി നോക്കിയതേയില്ല.

ഒരു ദിവസം വാറ്റുകാര്‍ക്ക്‌ ഒരു പൂതി. കറന്റിട്ട്‌ മീന്‍ പിടിക്കാന്‍. പുലിമുട്ടിനു നേരെ മുകളില്‍ കൂടി പോകുന്ന 11 കെ.വി അതിനു ധാരാളം. സര്‍ക്കാര്‍ കാര്യങ്ങള്‍ പോലെ ഇവിടെ ചുവപ്പ്‌ നാടകളില്ല. ഒരു കാര്യം തീരുമാനിച്ചാല്‍ അതു അന്നരം തന്നെ നടത്തുക. അതാണാ ‘സ്പിരിറ്റ്‌.’ അരമണിക്കൂറിനകം കാര്യങ്ങള്‍ റെഡി ആയി. കറന്റ്‌ അടിച്ച്‌ മീന്‍ പൊങ്ങുമ്പോള്‍ ആറ്റില്‍ ചാടാന്‍ റെഡി ആയി 5 പേര്‍ നില ഉറപ്പിച്ചു. 2 പേര്‍ മുളയും, വയറും മറ്റും 11 കെ.വിയില്‍ കുരുക്കാന്‍ തയ്യാറായി. 2 പേര്‍ മേല്‍ നോട്ടക്കാരുമായി. എല്ലാവര്‍ക്കും ഒരിക്കല്‍ കൂടി ജാഗ്രതാ നിര്‍ദ്ദേശങ്ങള്‍ കൊടുത്ത്‌ കറന്റ്‌ കൊടുത്തു. കൊടുത്തതും മുളങ്കാടിനു അപ്പുറത്ത്‌ നിന്നും ഒരു അലര്‍ച്ച. പെട്ടെന്ന് തന്നെ എല്ലാവരും അങ്ങോട്ട്‌ പാഞ്ഞു. വെള്ളത്തില്‍ നിന്നും പേടിച്ച്‌ കയറി വരുന്ന ഞങ്ങളുടെ അയല്‍വാസി. എന്തു പറ്റി, എന്തു പറ്റിയെടാ??? എന്ന് ഓടി കൂടിയവര്‍ തിരക്കി... അപ്പോള്‍ അയല്‍വാസി പറഞ്ഞു...ഞാന്‍ ‘വെളിക്കിറങ്ങിയിട്ട്‌’ കഴുകാന്‍ ആറ്റില്‍ ഇറങ്ങിയതാണു. പെട്ടെന്ന് ഒരു പെരുപ്പ്‌. കാരി കുത്തിയതു പോലോ...പുളവന്‍ കടിച്ചതു പോലോ...അങ്ങനത്തെ ഒരു അവസ്ഥ. ഹൊ!! ഞാന്‍ ശരിക്കും അങ്ങു പേടിച്ച്‌ പോയി. പിന്നെ അവിടെ കൂടി നിന്നവര്‍ 'സംഭവ സ്ഥലം' നേരിട്ട്‌ പരിശോധിച്ച്‌ F.I.R തയ്യാറാക്കി. പിന്നീട്‌ തന്മയത്വത്തില്‍ വാറ്റിന്റെ ഒരു സ്മോളും കൊടുത്ത്‌ അവനെ ഹാപ്പിയാക്കി പറഞ്ഞയയ്യ്ച്ചു.

വിശ്വസിച്ചാലും, ഇല്ലെങ്കിലും [Beleive it or not] ആ ഒറ്റ സംഭവത്തോടെ ഈ അയല്‍വാസി കക്കൂസ്സിനെ സ്നേഹിക്കാന്‍ തുടങ്ങി. ഭ്രാന്ത്‌ കൂടിയാല്‍ തലയ്ക്ക്‌ കറന്റ്‌ അടിപ്പിച്ചാല്‍ ഭേദമാകും എന്ന് കേട്ടിട്ടുണ്ട്‌, സിനിമകളില്‍ കണ്ടിട്ടുണ്ട്‌. പക്ഷെ....ഇത്തരം ഒരു അപൂര്‍വ്വ പരീക്ഷണവും, വിജയവും അത്‌ പൊടിയാടിക്കാര്‍ക്ക്‌ മാത്രം സ്വന്തമായിരിക്കും.

വാല്‍കഷണം:- ഞാന്‍ മുംബൈ എന്ന സ്ഥലത്ത്‌ ഒരിക്കല്‍ പോയി. ദൈവമേ!!! ഞാന്‍ കേട്ടിട്ടുള്ള മുംബൈ അല്ല ഞാന്‍ നേരില്‍ കണ്ട മുംബൈ. ഞാന്‍ ട്രയിന്‍ കാത്ത്‌ നില്‍ക്കുന്ന സമയം [6.30 a.m] പാന്റിട്ടവരും, സാരി ഉടുത്തവരും, നിക്കറിട്ടവരും ഒരു പോലെ നാണമില്ലാതെ 'മുഖാമുഖം' പരിപാടി നടത്തുന്നതു പോലെ കുത്തിയിരിക്കുന്ന മുംബൈ...ഈ അണ്ടര്‍വെയറും ഊരി കുത്തി ഇരിക്കുന്ന ഈ കണ്ട ജനത്തെ കണ്ടിട്ടാണോ ഈ ‘മാധ്യമ സിന്‍ഡിക്കേറ്റ്‌സ്‌' മുംബൈ അണ്ടര്‍ വേള്‍ഡാണെന്ന് പറഞ്ഞത്‌. കഷടം തന്നെ.. ഒരു പൊടിയാടിക്കാരനും ഇതിനു മുന്‍പേ ഇവിടെ വന്നിട്ടില്ലേ...അറ്റ്‌ലീസ്റ്റ്‌ ഒരു മുള എങ്കിലും വെച്ചു പിടിപ്പിച്ച്‌ ഒരു കാടാക്കാന്‍ ഇവിടെ ആരുമില്ലേ..അതുമല്ലായെങ്കില്‍ ക്ലീന്‍ മുംബൈയാക്കാന്‍ താത്‌പര്യം ഉള്ള പക്ഷം പൊടിയാടിയിലെ വാറ്റുകാരോട്‌ ഒരു വാക്ക്‌...ഇലക്ട്രിക്ക്‌ ട്രെയിനും കൂടിയായപ്പോള്‍ ഈസിയല്ലെ കാര്യങ്ങള്‍....ഒറ്റ കറന്റടി...പിന്നെ ക്ലീനല്ലേ ക്ലീന്‍...നമ്മുടെ മുംബൈയും…

Friday 31 October 2008

പരുമല പുരാണം.

ഒരു കൃസ്ത്യന്‍ ഓര്‍ത്തഡോക്സ്‌ പാരമ്പര്യത്തില്‍ ജനിച്ചത്‌ കൊണ്ട്‌ പരുമല പള്ളിയും, പരുമല തിരുമേനിയും എന്റെ വീക്ക്‌ പോയിന്റായിരുന്നു. ഞാന്‍ എത്ര മോശമായി പരീക്ഷ എഴുതിയാലും രണ്ട്‌ രൂപായുടെ മെഴുകുതിരി കത്തിച്ച്‌ ആ ഫോട്ടൊയുടെ മുന്‍പില്‍ നിന്ന് കൈ കൂപ്പി പ്രാര്‍ത്ഥിച്ചാല്‍ ഞാന്‍ പാസ്സ്‌. ഈ അത്ഭുത പ്രവര്‍ത്തി മൂലം ഞാന്‍ അറിയാതെ തന്നെ തിരുമേനിയുടെ ഫാനായി മാറി. ഈ പ്രാര്‍ത്ഥനയുടെ ശക്തി മൂലം തല്ലു കിട്ടേണ്ട പല നല്ല പ്രവര്‍ത്തികളും അപ്പയുടെയും, അമ്മയുടെയും, ചേച്ചിയുടെയും കണ്ണില്‍പെട്ടിട്ടേയില്ല.

നവംബര്‍ ഒന്നും രണ്ടും തീയതികളിലാണു പരുമല പെരുന്നാള്‍. മറ്റു പെരുന്നാള്‍ പോലെയല്ല ഇവിടുത്തെ പെരുന്നാള്‍. കാല്‍നടയായിട്ടാണു ഇവിടേക്ക്‌ ഭക്തര്‍ വരുന്നത്‌. അതും ദൂര ദേശത്തു നിന്നും കുഞ്ഞു കുട്ടി പരാധീനങ്ങളുമായി പാട്ടും പാടി വരുമ്പോള്‍ ഞങ്ങളുടെ പള്ളിയിലും, അക്കര പള്ളിയിലും വിശ്രമ കേന്ദ്രങ്ങള്‍ ഒരുക്കും. കൂടാതെ എന്തെങ്കിലും കടിയും കുടിയും കൂടെ കാണും. ഓര്‍ത്തഡോകസുകാരാ- അപ്പോള്‍ കടിയും കുടിയും അടിപൊളിയായിരിക്കുമെന്നാണു ചിന്തയെങ്കില്‍ തെറ്റി. കട്ടന്‍ കാപ്പിയും, മുട്ടന്‍ ബണ്ണും ആണു റിഫ്രഷ്മെന്റായി കൊടുക്കുന്നതു. ബണ്ണ്‍ തുണ്ടയില്‍ നിന്ന് ഇറങ്ങുന്നതിനു വേണ്ടിയാണു കട്ടന്‍ കാപ്പി. പക്ഷെ കട്ടന്‍ കാപ്പി ഇറങ്ങി പോകണമെങ്കില്‍.....അത്‌ ഇതു വരെ ഞങ്ങള്‍ കണ്ടു പിടിച്ചിട്ടില്ല. കാരണം ഈ ഒറ്റ കട്ടന്‍ കാപ്പി തന്നെയാണു ‘വിത്തൗട്ടായും’, ‘വിത്ത്‌ ആയിട്ടും’ സപ്പ്ലൈ ചെയ്യുന്നത്‌. [കാനാവിലെ കല്യാണത്തിനു വെള്ളം വീഞ്ഞാക്കിയ കര്‍ത്താവിന്റെ പിന്‍ഗാമികള്‍ക്ക്‌ ഇതൊക്കെ വെറും നിസ്സാര സംഭവമല്ലേ]....റെസ്റ്റും കഴിഞ്ഞു ബണ്ണും മേടിച്ചു കുട്ടികള്‍ പിന്നെ ഉത്സാഹത്തോടെ നടന്ന് വഴിയില്‍ കാണുന്ന ചാവാലി പട്ടിയെ ഈ കയ്യില്‍ ഇരിക്കുന്ന ബണ്ണ്‍ വെച്ചാണു എറിയുന്നത്‌.... ഇപ്പോള്‍ ഞങ്ങളുടെ നാട്ടിലെ പട്ടികള്‍ക്ക്‌ ബണ്ണ്‍ കൊണ്ട്‌ ഏറു കിട്ടുന്ന മാസം നവംബറാണെന്ന് കലണ്ടര്‍ നോക്കാതെ തന്നെയറിയാം.....അതു പോലെ കന്നി മാസവും...

അങ്ങനെ തിരുവല്ല എം.ജി.എം സ്ക്കൂളില്‍ അഞ്ചാം ക്ലാസ്സില്‍ പഠിക്കാന്‍ ചേര്‍ന്നതോടു കൂടി ഞാനും ഈ പദയാത്രയില്‍ ഒരു അംഗമായി. പദയാത്രക്ക്‌ ഒരു മാസം മുന്‍പു മുതലേ പാട്ടുകള്‍ പഠിപ്പിക്കും. ആ പാട്ടുകള്‍ ഒക്കെ പാടി വഴിയോര വിശ്രമ കേന്ദ്രങ്ങള്‍ കയറിയിറങ്ങി കിട്ടുന്ന ബണ്ണുകള്‍ കളക്റ്റ്‌ ചെയ്ത്‌ 'തികച്ചും ഭക്തി സാന്ദ്രമായ പദ യാത്ര'. പദയാത്രയില്‍ നമ്മള്‍ എന്തെങ്കിലും വൃത്തിക്കേടുകള്‍ കാട്ടിയാല്‍ എപ്പ്പ്പോള്‍ അടി കിട്ടിയെന്ന് ചോദിച്ചാല്‍ മതി. അതിനാല്‍ നമ്മള്‍ പദയാത്രകള്‍ക്ക്‌ എന്നും മിസ്റ്റര്‍ ക്ലീനായിരുന്നു. പിന്നെ പള്ളിയില്‍ ചെന്ന് കഴിഞ്ഞാല്‍ നേര്‍ച്ച ഇടാന്‍ വീട്ടില്‍ നിന്നു അനുവദിക്കുന്ന പൈസ പെരുന്നാള്‍ പ്രമാണിച്ച്‌ കാണിക്ക വഞ്ചികയില്‍ വീണിട്ടില്ല. പകരം വെയിലു കൊണ്ട ക്ഷീണം തീര്‍ക്കാന്‍ ബോണ്‍വിറ്റ ഐസ്‌ എന്നു പറഞ്ഞ്‌ കിട്ടുന്ന കോലില്‍ കുത്തി കിട്ടുന്ന ഐസ്‌ തിന്നും. പിന്നെ സേമിയ ഐസ്‌ തിന്നും.അവസാനം ചിറിയും ഒക്കെ തുടച്ച്‌ പള്ളിക്ക്‌ ചുറ്റും വലം വെച്ച്‌, ഒടുക്കത്തെ തള്ളും പിടിച്ച്‌ ഏതെങ്കിലും പ്രൈവറ്റ്‌ ബസ്സില്‍ ഞാന്ന് 10 പൈസ കൊടുത്തും, കൊടുക്കാതെയും പൊടിയാടിയില്‍ വന്ന് ഇറങ്ങും. ഇതൊക്കെയായിരുന്നു ഈയുള്ളവന്റെ പദയാത്രയുടെ കാര്യപരിപാടികള്‍.

ഞാന്‍ എട്ടാം ക്ലാസ്സില്‍ പഠിക്കുന്ന സമയം. ഞങ്ങളുടെ ഒരു ബന്ധു പരുമല ആശുപത്രിയില്‍ കിടക്കുന്നു. വൈകുന്നേരം സ്ക്കൂള്‍ വിട്ടു വീട്ടില്‍ വന്നപ്പോള്‍ അമ്മ ഈ അപ്പച്ചന്റെ കാര്യം പറഞ്ഞു. പിന്നെ എന്റെ കസിന്‍ ബ്രദര്‍ കൂടി വന്നിട്ട്‌ ഞങ്ങള്‍ മൂവരും കൂടി കാറില്‍ ആശുപത്രിയില്‍ പോയി. അപ്പച്ചനെ കണ്ട്‌ തിരിച്ച്‌ പരുമല പള്ളി കഴിഞ്ഞപ്പോള്‍ മാത്രമാണു പരുമല പള്ളിയില്‍ കയറാതെ വീട്ടില്‍ പോകുന്നുവെന്ന സത്യം ഒരു കുഞ്ഞ്‌ ഓര്‍ത്തഡോക്‍സ്‌ വിശ്വാസി മനസ്സിലാക്കിയത്‌. ഇത്‌ എനിക്ക്‌ താങ്ങാവുന്നതിലും അധികമായിരുന്നു. പരുമല പള്ളിയില്‍ കയറിയിട്ട്‌ പോകാം....ഇതു വരെ വന്ന് പരുമല പള്ളിയില്‍ കയറാതെ പോവുകയെന്ന് പറഞ്ഞാല്‍...പരുമല തിരുമേനി എന്തു വിചാരിക്കുമെന്ന് വരെ അമ്മയോടും കസിന്‍ ബ്രദറിനോടും ഞാന്‍ നിര്‍ദ്ദാക്ഷണ്യം ചോദിച്ചു. അവസാനം സഹിക്കെട്ട്‌ കസിന്‍ പരുമല പള്ളിയില്‍ വണ്ടി നിര്‍ത്തി. പള്ളിയില്‍ കയറുന്നതിനു മുന്‍പ്‌ അമ്മ എന്റെ കൈയിലേക്ക്‌ അഞ്ച്‌ രൂപാ നോട്ട്‌ തന്നു.

പരുമല തിരുമേനിയുടെ ഫോട്ടൊയ്ക്ക്‌ മുന്‍പില്‍ കൈകള്‍ കൂപ്പി, ഭയ ഭക്തിയോടെ പ്രാര്‍ത്ഥനയാരംഭിച്ചു. ഒരു മിനിട്ട്‌ കഴിഞ്ഞു കാണും, എന്റെ തൊട്ടട്ടുത്ത്‌ നിന്ന് ഒരു കരച്ചില്‍ കേള്‍ക്കാം. ഞാന്‍ പതുക്കെ എന്റെ കണ്ണ്‍ തുറന്ന് നോക്കിയപ്പോള്‍, രണ്ട്‌ കൈകളും ഇല്ലാത്ത ഒരു ചേട്ടന്‍, അവിടെ നിന്ന് കരഞ്ഞ്‌ പ്രാര്‍ത്ഥിക്കുന്നു. ഞാന്‍ എന്റെ പരിധിയില്‍ പെടുന്ന പ്രശ്നം അല്ലാതിരുന്നിട്ടും, പ്രാര്‍ത്ഥന നിര്‍ത്തി ചേട്ടന്റെ മുഖത്തേക്ക്‌ തന്നെ നോക്കി നിന്നു.

ചേട്ടന്റെ കരച്ചിലും, പ്രാര്‍ത്ഥനയിലും മനസ്സലിഞ്ഞ്‌, അമ്മ പള്ളിയില്‍ നേര്‍ച്ചയിടാന്‍ തന്ന അഞ്ച്‌ രൂപാ എടുത്ത്‌, [തിരുമേനിക്ക്‌ ഈ അഞ്ച്‌ കിട്ടിയിട്ട്‌ എന്തെടുക്കാനാ എന്ന ചിന്തയോടെ] ചേട്ടന്റെ പോക്കറ്റിലേക്ക്‌ തള്ളി. തള്ളലിന്റെ ശക്തി അല്‍പം കൂടി പോയോയെന്ന് സംശയം. ചേട്ടന്‍ പ്രാര്‍ത്ഥന നിര്‍ത്തി കണ്ണ്‍ തുറന്ന് നോക്കിയപ്പോള്‍ പോക്കറ്റില്‍ അഞ്ച്‌ രൂപാ...അടുത്ത്‌ ഞാന്‍…അഞ്ച്‌ രൂപാ ദാനം നടത്തിയ ഞാന്‍ ദുരിതാശ്വാസ ക്യാമ്പില്‍ ചോറും, കറികളും വിളമ്പി കൊടുത്ത്‌..അവിടെ കൂടി നില്‍ക്കുന്ന പത്രക്കാരുടെയും, റ്റിവിക്കാരുടെയും ഒക്കെ മുന്‍പില്‍ നില്‍ക്കുന്ന പ്രധാനമന്ത്രിയുടെ ഗമയില്‍ നിന്നു. ചേട്ടന്‍ എന്നോട്‌ തിരക്കി...നീയാണോ എന്റെ പോക്കറ്റില്‍ അഞ്ച്‌ രൂപാ വെച്ചത്‌... അതെ ചേട്ടാ അതെ...മുകേഷ്‌ അമ്പാനിയെക്കാട്ടിലും നന്നായി ഞാന്‍ തലയാട്ടി. ഞാന്‍ നിന്നോട്‌ പൈസ ചോദിച്ചോ??? കണ്ടോ തിരുമേനി, കണ്ടോ...ഇവന്‍ എന്നെ പിച്ചക്കാരനാക്കിയില്ലെ...യില്ലെ..യില്ലെ [എക്കോ] എന്ന് പറഞ്ഞ്‌ നേരത്തെതിലും ഉറക്കെ കരയാന്‍ തുടങ്ങി. വാദി പ്രതിയാകുന്ന ഒരു സ്‌മെല്‍ മൂക്കില്‍ അടിച്ച കാരണം ഞാന്‍ പതുക്കെ ഒന്നു വലിയാന്‍ ശ്രമം നടത്തിയെങ്കിലും ആ ശ്രമം പൊളിച്ച്‌ കൊണ്ട്‌ ചേട്ടന്‍ എന്നെ വീണ്ടും തടഞ്ഞിട്ട്‌ പോക്കറ്റില്‍ താന്‍ ഇട്ട പൈസ എടുക്കാന്‍ പറഞ്ഞു. അതോടെ രംഗം വഷളായി. 800 AA പ്രകാരം ദാനം ചെയ്ത പൈസക്ക്‌ റ്റാക്സ്‌ ഇളവ്‌ കിട്ടുമെന്നൊക്കെ പറയണമെന്നുണ്ടായിരുന്നെങ്കിലും അവിടെ കൂടിയ കാഴ്ച്ചക്കാരുടെ എണ്ണതിനു മുന്‍പില്‍, ചേട്ടന്റെ കരച്ചിലിനു മുന്‍പില്‍, അമ്മയുടെയും, കസിന്റെയും നോട്ടത്തിനു മുന്‍പില്‍ ഞാന്‍ ഒരു 'സ..സ..ഖാ..ഖാ..വ്‌ വ്‌ ഇ.എം.എസ്‌' ആയി മാറി. അവസാനം അമ്മ രംഗത്ത്‌ കടന്ന് വന്ന് പൈസ എന്നെ കൊണ്ട്‌ എടുപ്പിച്ച്‌ വേഗം എന്നെയും തോളില്‍ തൂക്കി സ്ഥലം കാലിയാകി. അമ്മയുടെ തോളില്‍ ഇരുന്ന് ഞാന്‍ ആ ചേട്ടന്‍ കരഞ്ഞതിലും ഉച്ചത്തില്‍ കരഞ്ഞു.....എനിക്കറിയാം ഈ പൊക്കി എടുക്കലിന്റെ 'സൈഡ്‌ എഫെക്ട്‌സ്‌'. വലിയ ഒരു കരയുന്ന കൊച്ചനെയും ഒക്കത്തു വെച്ച്‌ ശര വേഗത്തില്‍ പായുന്ന എന്റെ അമ്മയെ കണ്ട്‌ പള്ളിയിലേക്ക്‌ പ്രവേശിക്കാന്‍ വന്ന ആള്‍ക്കാര്‍ ഒരു പക്ഷെ കരുതിയിരിക്കും-ഇതെന്നാ ‘സൂര്യമാനസം’ സിനിമയുടെ ഷൂട്ടിങ്ങാണോ??? ഒക്കത്തിരിക്കുന്നത്‌ ‘പുട്ടുറുമീസാണോ???’

വണ്ടിയില്‍ കയറിയിട്ടും ഞാന്‍ കരച്ചില്‍ നിര്‍ത്തിയില്ല. വീട്ടില്‍ ചെന്നാല്‍ താന്‍ ആ ചേട്ടനെ പോലെ കരയുന്ന രംഗം മനസ്സില്‍ സങ്കല്‍പ്പിച്ചതും ഡോള്‍ബി എഫെക്ടിലായി എന്റെ കരച്ചില്‍.

വീട്ടില്‍ ചെന്നപ്പാടെ താന്‍ ആരോടും ഒന്നും മിണ്ടാതെ ഓടി പോയി കട്ടിലില്‍ അഭയം പ്രാപിച്ചു. സത്യത്തില്‍ അതൊരു മുന്‍ക്കൂര്‍ ജാമ്യാപേക്ഷ ആയിരുന്നു. ഏറെ സമയം കഴിഞ്ഞ്‌ താന്‍ വളരെ ശാന്തനായി, കരഞ്ഞ്‌ വീര്‍ത്ത കണ്ണുകളുമായി അടുക്കളയുടെ അടുത്ത്‌ ചെന്നപ്പോള്‍ എന്നെ പറ്റി തന്നെ അവിടെ ചൂടന്‍ ചര്‍ച്ച നടന്നു കൊണ്ടിരിക്കുന്നു. എന്നെ കണ്ടതും അമ്മ തുടര്‍ന്നു...പള്ളിയില്‍ കയറാതെ പോന്നതാ...അതെങ്ങനാ അന്നെരം വല്ലവന്റെയും വായില്‍ ഇരിക്കുന്നത്‌ കേള്‍ക്കാതെ ഇവനുറക്കം വരത്തില്ലല്ലോ....ഭാഗ്യമായി അവനു കൈ ഇല്ലാഞ്ഞത്‌... കൈയുണ്ടായിരുന്നെങ്കില്‍ ചിലപ്പോള്‍ കേവലം 5 രൂപായുടെ മുടക്കില്‍ ആ ചേട്ടന്‍ 50 ചുവന്ന കസേരയും, ഒരു നീല ടാര്‍പ്പോളിനും സ്പോണ്‍സര്‍ ചെയ്തേനെ... [ശവ സംസ്‌ക്കാര ചടങ്ങുകള്‍ക്ക്‌] അന്ന് വൈകിട്ട്‌ കുടുംബ പ്രാര്‍ത്ഥനയ്ക്കിരുന്നപ്പോള്‍ ചേച്ചിയാണു ബൈബിള്‍ വായിച്ചത്‌. സദൃശ്യവാക്യങ്ങള്‍ ഇരുപത്തിയാറാം അദ്ധ്യായം. അതില്‍ 17ആമത്തെ വാക്യം:- 'തന്നെ സംബന്ധിക്കാത്ത വഴക്കില്‍ ഇടപെടുന്നവന്‍ വഴിയെ പോകുന്ന നായുടെ ചെവിക്ക്‌ പിടിക്കുന്നവനെ പോലെ'...ഈ വാക്യം വായിച്ചിട്ട്‌ എല്ലാവരും എന്നെ നോക്കിയപ്പോള്‍ എനിക്ക്‌ ശലോമോനെക്കാട്ടിലും ജ്ഞാനം വന്ന കാരണം ഞാന്‍ മൗനിയായിരുന്നു.
അന്ന് എന്റെ അമ്മ മുന്‍ഷി പരീക്ഷയ്ക്ക്‌ പഠിക്കും പോലെ എന്തു പറഞ്ഞാലും പരുമല സംബന്ധമായ പഴഞ്ചൊല്ലുകള്‍ ഇറക്കി വിട്ടു കൊണ്ടെയിരുന്നു.

1] മോങ്ങാന്‍ ഇരുന്ന നായുടെ തലയില്‍ കോക്കനട്ട്‌ വീണു.

2] വടി കൊടുത്ത്‌ അടി വാങ്ങി.

3] കിട്ടാനുള്ളത്‌ കിട്ടിയപ്പോള്‍ കിട്ടന്‍ അടങ്ങി.

4] ചുമ്മാതിരുന്ന .....ചുണ്ണാമ്പ്‌ ഇട്ട്‌ പൊള്ളിച്ച പോലെയായി.

5] കോന്തന്‍ കൊല്ലത്ത്‌ പോയത്‌ പോലെയായി.

6] വേലിയില്‍ ഇരുന്ന പാമ്പിനെ എടുത്ത്‌ പറയാന്‍ പറ്റാത്തിടത്ത്‌ വെച്ചതു പോലെയായി.

7] വരാനുള്ളത്‌ വഴിയില്‍ തങ്ങില്ലല്ലോ...

8] പാത്രം അറിഞ്ഞു വേണം പിച്ചയിടാന്‍.

9] വിളിക്കാ ചാത്തത്തിനു ഉണ്ണാന്‍ പോകരുത്‌.

10] ചുണ്ടയ്ക്ക കൊടുത്ത്‌ വഴുതനങ്ങ വാങ്ങി..

ഇത്രയൊക്കെ പഴൊഞ്ചൊല്ലുകള്‍ കേട്ടിട്ടും, മൗനം സെനുവിനു ഭൂഷണം എന്നതു കൊണ്ട്‌ അന്നത്തെ ദിവസം ഞാന്‍ മൗനിയായി തന്നെയിരുന്നു....

ഹൊ...ദാന ശീലര്‍ക്ക്‌ വരുന്ന ഒരോ പ്രശനങ്ങളെ....

Wednesday 15 October 2008

പാന്റും, ഷൂസും പിന്നെ ഞാനും

എം.ജി.എം സ്ക്കൂളില്‍ പഠിക്കുമ്പോള്‍ വെള്ള ഷര്‍ട്ടും, കാക്കി നിക്കറും ഒരു പാരഗണ്‍ ചെരുപ്പുമായിരുന്നു എന്റെ യൂണിഫോം. എട്ടാം ക്ലാസ്സില്‍ കയറിയപ്പോള്‍ ഈ കാക്കി നിക്കര്‍ മാറ്റി പാന്റ്‌ ആക്കണമെന്ന എന്റെ അടങ്ങാത്ത ആഗ്രഹത്തെ എന്റെ ശരീരം തന്നെയാണു തോല്‍പ്പിച്ചതു. പാന്റ്‌ വേണേ, പാന്റ്‌ വേണേ എന്ന എന്റെ ഇടതടവില്ലാത്ത ശരണം വിളികള്‍ വീടിനെ അസ്വസ്ഥമാക്കിയപ്പോള്‍, അമ്മ ദോഹയിലായിരുന്ന അപ്പയെ വിവരം അറിയിച്ചു. അങ്ങനെ അപ്പ അടുത്ത പ്രാവശ്യം ലീവിനു വരുമ്പോള്‍ തനിക്ക്‌ പാന്റ്‌ കൊണ്ടു വരാമെന്ന് ഏറ്റു. പിന്നെ അപ്പ എപ്പോള്‍ വിളിച്ചാലും പാന്റ്‌, പാന്റേ എന്ന് വിളിച്ച്‌ പറഞ്ഞ്‌ അപ്പയുടെ മെമ്മറിയെ റിഫ്രഷ്‌ ചെയ്തും അപ്പയുടെ വരവും കാത്ത്‌ ഞാന്‍ അങ്ങനെ ഇരുന്നു.

അങ്ങനെ എന്റെ കാത്തിരുപ്പിനു അന്ത്യം കുറിച്ച്‌ അപ്പ എത്തി. അപ്പ കൊണ്ട്‌ വന്ന വലിയ പെട്ടികളുടെ അടുത്ത്‌ കസ്റ്റംസ്‌ ഉദ്യോഗസ്ഥനെ പോലെ ഞാന്‍ നില കൊണ്ടു. അപ്പ പെട്ടിയുടെ കെട്ട്‌ പൊട്ടിക്കാന്‍ പിച്ചാത്തി ആവശ്യപ്പെട്ടപ്പോള്‍ സാധാരണ ഗതിയില്‍, ചേച്ചിീീ:- അടുക്കളയില്‍ നിന്നും പിച്ചാത്തി കൊണ്ട്‌ വായോാാ എന്ന് വിളിച്ചു പറയുന്നതിനു പകരം അടുക്കളയില്‍ ചെന്ന് പിച്ചാത്തി എടുത്ത്‌ ഞാന്‍ അനുസരണയുള്ള കുഞ്ഞാടായി അപ്പയുടെ അടുത്ത്‌ നില കൊണ്ടു. പെട്ടി പൊട്ടിച്ച്‌ ഓരോ സാധനങ്ങള്‍ പുറത്ത്‌ എടുക്കുമ്പോഴും ആ പെട്ടിയിലെ പാന്റുകള്‍ക്കായി എന്റെ ഹൃദയം തുടിച്ചു കൊണ്ടെയിരുന്നു. ഹീറോ പേനയും, പൈലറ്റിന്റെ പേനയും, സ്റ്റാമ്പ്‌ ആല്‍ബവും, പെര്‍ഫിയൂമും ഒന്നും എന്നെ സന്തോഷിപ്പിച്ചില്ല. അവസാനം അപ്പ ഒരു ബ്ലാക്ക്‌ കളര്‍ പാന്റ്‌ എടുത്ത്‌ എന്റെ കൈയില്‍ തന്നിട്ട്‌, നീ ഇതു ചേരുമോന്ന് ആദ്യം നോക്ക്‌...അവിടെ എട്ടാം ക്ലാസ്സില്‍ പഠിക്കുന്ന പിള്ളെരു ഇടുന്ന പാന്റ്‌ എനിക്ക്‌ ചേരും. അതു കൊണ്ട്‌ ഞാന്‍ ഒരു കണക്കു വെച്ച്‌ വാങ്ങിച്ചു എന്ന അപ്പയുടെ പ്രഖ്യാപനം കൂടി കേട്ടപ്പോള്‍ ഞാന്‍ രോമാഞ്ചകഞ്ചുകമണിഞ്ഞു. ഒരു പാന്റേ മേടിച്ചുള്ളോ അപ്പേ എന്ന് തിരക്കിയപ്പോള്‍ എന്റെ ആക്രാന്തത്തില്‍ അപ്പ അല്‍പം അരിശം പൂണ്ടു. ആയതിനാല്‍ ദോഹയില്‍ നിന്ന് വന്ന ഉടനെ തന്നെ അപ്പയുടെ കൈയുടെ ചൂട്‌ അറിയാന്‍ കാത്ത്‌ നില്‍ക്കാതെ കിട്ടിയ പാന്റും കൊണ്ട്‌ നേരെ എന്റെ മുറിയിലേക്ക്‌ പോയി. ചെന്നപാടെ എന്റെ നിക്കര്‍ ഊരിയെറിഞ്ഞ്‌ പാന്റ്‌ വലിച്ചു കയറ്റി. വയറിന്റെ അവിടെ ഒരു തലയിണ കൂടി കുത്തി കയറ്റിയാലും പിന്നെയും സ്ഥലം മിച്ചം കിടക്കും. പാന്റ്‌ വയറിന്റെ അവിടം വരെയെത്തിയിട്ടും എന്റെ കാല്‍പാദങ്ങള്‍ കണ്ടില്ല. പിന്നെ സാവകാശം പാന്റിന്റെ താഴ്‌ഭാഗം മടക്കി വെച്ച്‌ എന്റെ കാണാതായ കാല്‍പാദങ്ങളെ പുറത്തെടുത്തു. പെട്ടെന്ന് ഒരു ഐഡിയാ കിട്ടി. അടിയില്‍ നല്ല കട്ടിയുള്ള ഒരു നിക്കറിടുക. അങ്ങനെ പിന്നെയും പാന്റ്‌ ഊരി, നിക്കര്‍ ഇട്ട്‌, പാന്റ്‌ വലിച്ച്‌ കയറ്റി. വീട്ടിലുള്ള സകല നിക്കറിട്ടാലും ഇത്‌ ശരിയാകത്തില്ല. അവസാനം വരുന്നത്‌ വരട്ടെയെന്ന് കരുതി എന്റെ ബെല്‍റ്റിട്ട്‌ ഈ പാന്റിനെ മുറുക്കി. അടി പൊളി. എല്ലാം പെര്‍ഫെകറ്റ്‌. സിപ്പ്‌ ഇടാന്‍ സിപ്പ്‌ നോക്കിയപ്പോള്‍ അതെല്ലാം എന്റെ ബെല്‍റ്റ്‌ മുറുക്കലില്‍ മറ്റേതോ സ്ഥാനത്തേക്ക്‌ മാറി പോയിരിക്കുന്നു.അതൊന്നും വക വെയ്ക്കാതെ ഞാന്‍ അതിന്റെ മുകളില്‍ ഒരു അടിപൊളി ഷര്‍ട്ടും വലിച്ച്‌ കയറ്റി, കണ്ണാടിക്ക്‌ മുന്‍പില്‍ ചെന്ന് തന്റെ ഗ്ലാമര്‍ മൊത്തത്തില്‍ വീക്ഷിച്ച്‌, സ്വന്തമായി അസൂയ പൂണ്ട്‌, അപ്പയുടെ അടുത്തേക്ക്‌ ഓടി ചെന്നു. എന്റെ സ്റ്റയിലന്‍ വരവ്‌ കണ്ട്‌ അവിടെ ഉണ്ടായിരുന്നവര്‍ അമ്പരന്നു പോയി. ഓഹ്‌!!! ഇവന്‍ ആളാകെ മാറി പോയല്ലോയെന്ന അമ്മയുടെ കമന്റ്‌ എനിക്ക്‌ ഒരു ഒരിഞ്ച്‌ കൂടി കൂട്ടി തന്നു. അപ്പ എന്നെ അടുത്ത്‌ നിര്‍ത്തിയിട്ട്‌ വയറിന്റെ ഭാഗം നോക്കിയതും അവിടെ ഒരു കൂട്ട ചിരി ഉയര്‍ന്നു. കൂടാതെ ചേച്ചി വന്ന് ഇതെന്താടാ നിന്റെ കുണ്ടി എന്താ ഇങ്ങു താഴെയാണോ??? എന്ന് കൂടി ചോദിച്ചപ്പോള്‍ ഞാന്‍ അവിടെ കുഴഞ്ഞ്‌ വീഴുമെന്ന് തോന്നി. ഓഹ്‌ ഇത്‌ നിനക്ക്‌ ഒത്തിരി വലുതാ...അന്നരം ബാക്കി പാന്റും ഇതേ അളവാ. നിനക്ക്‌ ഇത്‌ ഒട്ടും ചേരില്ല എന്ന അപ്പയുടെ വാദത്തെ ഖണ്ഡിക്കാന്‍ ഞാന്‍ വൃഥാ ശ്രമം നടത്തിയെങ്കിലും, പിന്നെ!!! തേങ്ങാ ചാക്ക്‌ കെട്ടി വെയ്ക്കുന്നതു പോലെയല്ലെ എല്ലാവരും പാന്റിടുന്നതെന്ന് അപ്പയുടെ ചോദ്യത്തിനു മുന്‍പില്‍ ഞാന്‍ തളര്‍ന്ന് പോയി.. അപ്പോള്‍ അമ്മ ഒരു സംശയം ചോദിച്ചു:- എടാ നീ ഈ പാന്റിട്ടാല്‍ എങ്ങനെയാ മൂത്രം ഒഴിക്കുന്നത്‌? ഇനി കൂടുതല്‍ ചോദ്യങ്ങള്‍ ഉയരുന്നതിനു മുന്‍പ്‌ സ്ഥലം കാലിയാക്കുന്നത്‌ തന്നെ ബുദ്ധി എന്ന് കണ്ട്‌ പാന്റ്‌ മാറി തിരിച്ചു വന്നിട്ടും ചേച്ചിയുടെ ചുണ്ടത്ത്‌ ചിരി മാഞ്ഞിരുന്നില്ല. അതൊന്നും ഞാന്‍ അത്ര കാര്യമാക്കാതെ അപ്പ കൊണ്ട്‌ വന്ന ബാക്കി സാധനങ്ങളുടെ കണക്കെടുത്ത്‌ എനിക്ക്‌ വിധിക്കാതെ പോയ ബാക്കി പാന്റുകളെ കണ്ടിട്ടും കാണാത്ത രീതിയില്‍ അന്നത്തെ രാത്രി ഒരു വിധത്തില്‍ കഴിച്ചു കൂട്ടി. രാവിലെ മറ്റൊരു ഐഡിയായുമായി അപ്പയുടെ മുന്‍പില്‍ എത്തി. നമ്മള്‍ക്ക്‌ ഈ പാന്റ്‌ ഏതെങ്കിലും നല്ല തയ്യല്‍ക്കടയില്‍ കൊടുത്ത്‌ എന്റെ പരുവത്തില്‍ തയിപ്പിച്ചാലോ? വേണ്ട, വേണ്ട...നല്ല ആ പാന്റ്‌ വെട്ടി തയിച്ച്‌ വൃത്തിക്കേടാക്കെണ്ട. അതു ഉപയോഗിക്കാന്‍ പറ്റുന്ന ആര്‍ക്കെങ്കിലും അത്‌ കൊടുക്ക്‌ എന്ന അമ്മയുടെ നിര്‍ദ്ദേശത്തെ അപ്പയും പിന്താങ്ങിയതോടെ ഞാന്‍ അവിടെ നിന്നും പിന്നെയും മുങ്ങി. അങ്ങനെ നമ്മുടെ ബന്ധുമിത്രാധികളില്‍ ചിലരുടെ ആരോഗ്യമുള്ള മക്കള്‍ തന്റെ പള്ളയില്‍ താങ്ങി ആ പാന്റും വലിച്ച്‌ കയറ്റി നടക്കുന്നത്‌ കണ്ട്‌ ദീര്‍ഘ ശ്വാസം ഉതിര്‍ത്തു.. പിന്നെ ഞാന്‍ പാന്റ്‌ വിഷയത്തെ പറ്റി പത്താം ക്ലാസ്സ്‌ വരെ സംസാരിച്ചതേയില്ല.

കോളേജില്‍ കയറുന്ന സമയത്ത്‌ അപ്പ അഞ്ചാം ക്ലാസ്സില്‍ പഠിക്കുന്ന പയ്യന്റെ പാകത്തിനു പറ്റിയ ഒരു ലീയുടെ ജീന്‍സ്‌ കൊണ്ട്‌ തന്നത്‌,മറ്റ്‌ എക്സ്ട്രാ ഫിറ്റിങ്ങ്സ്‌ ഒന്നുമില്ലാതെ എനിക്ക്‌ ഫിറ്റായി. കോളെജിലെ ആദ്യ ദിനങ്ങളില്‍ ടീ ഷര്‍ട്ടും, ലീ ജീന്‍സും, പിന്നെ പാരഗണ്‍ ചെരുപ്പും ഒക്കെ ഇട്ട്‌ കോളെജില്‍ ചെത്തി. ദിവസങ്ങള്‍ കഴിഞ്ഞതോടെ ഈ ചെരുപ്പും ഇട്ട്‌ കൊണ്ടുള്ള കോളെജ്‌ യാത്ര എന്നില്‍ മാനക്കേടുണ്ടാക്കി. ചെരിപ്പിട്ട്‌ താന്‍ ഇനി കോളെജില്‍ പോകാന്‍ പറ്റില്ലായെന്ന് വാശിപിടിച്ചതിനെ തുടര്‍ന്ന് അമ്മ ഒരു ലെതര്‍ ചെരുപ്പിനുള്ള ഫണ്ട്‌ അനുവദിച്ചു. അങ്ങനെ ഞാന്‍ ഒരു ലെതര്‍ ചെരുപ്പ്‌ വാങ്ങി. അധികം താമസിക്കാതെ ഒടുക്കത്തെ മഴ കാരണം ആ ലെതര്‍ ചെരുപ്പ്‌ പൊട്ടി പോയി. വീണ്ടും ഒരു ലെതര്‍ ചെരുപ്പിനു ഫണ്ട്‌ അനുവദിക്കില്ലായെന്ന് അമ്മയും വാശി പിടിച്ചു. അങ്ങനെ ആ വള്ളി പൊട്ടിയ ചെരുപ്പും പൊതിഞ്ഞ്‌ ബാഗില്‍ കെട്ടി ചെരുപ്പുകുത്തിയുടെ കൈയില്‍ ഏല്‍പ്പിച്ചു. ഒരു തവണ, രണ്ട്‌ തവണ പിന്നെയും ഞാന്‍ ആ യാത്രകള്‍ ആവര്‍ത്തിച്ചു. അവസാനം ഞാന്‍ ഇനി ആ ചെരുപ്പും ചുമ്മി ചെരുപ്പുക്കുത്തിയുടെ അടുത്തു പോകുന്നതിലും ഭേദം ഞാന്‍ ആ കോഴ്സ്‌ പഠിക്കുന്നത്‌ തന്നെയായിരിക്കും നല്ലത്‌. ആയതിനാല്‍ ഒരു ഷൂസിനു ഇപ്രാവശ്യം അപേക്ഷ സമര്‍പ്പിച്ചു. മുന്‍ക്കാല പ്രാബല്യത്തോടെ ആ അപേക്ഷ തള്ളി. പക്ഷെ ഇത്തവണ അപ്പയ്ക്കും ഒരു ദയാ ഹര്‍ജി സമര്‍പ്പിച്ചു. അത്‌ ക്ലിക്ക്ഡായി. അങ്ങനെ ഞാന്‍ കപില്‍ദേവ്‌ പരസ്യത്തില്‍ ഇട്ട്‌ വരുന്ന ------- ഷൂസ്‌ അങ്ങ്‌ സ്വന്തമാക്കി. ഹൊ!!! കഞ്ഞി വെള്ളം കുടിച്ചു കൊണ്ടിരുന്നവന്റെ കൈയില്‍ ഒരു പാക്കറ്റ്‌ ഫ്രൂട്ടി കിട്ടിയ സന്തോഷത്തോടെയാണു താന്‍ പിറ്റേന്ന് കോളെജിലേക്ക്‌ പോയത്‌. കൂടാതെ ഒറ്റ ക്ലാസ്സ്‌ കട്ട്‌ ചെയ്യാതെ അന്നത്തെ ദിവസം ഞാന്‍ ഡിസെന്റായി. പിന്നെ സാവകാശം ഞാന്‍ ഒരു കെ.എസ്‌.യു പ്രവര്‍ത്തകനായി മാറിയതോടെ ഖദര്‍ ഷര്‍ട്ടും, മുണ്ടും വീണ്ടും ആ പഴയ പാരഗണ്‍ ചെരുപ്പും അണിഞ്ഞ്‌ ഞാന്‍ തികച്ചും ഒരു ഗാന്ധിയനായി. പക്ഷെ വെള്ളിയാഴ്ച്ച ദിവസങ്ങളില്‍ റിലീസ്‌ ഉള്ളതിനാല്‍ ചങ്ങനാശ്ശേരി വരെ യാത്ര ചെയ്യേണ്ടിയ കൊണ്ടും തള്ളു പിടിച്ച്‌ മുണ്ട്‌ ഊരി പോകാതിരിക്കെണ്ടിയതു കൊണ്ടും പാന്റും ഷൂസുമായിരുന്നു ഒഫിഷ്യല്‍ ഡ്രസ്സ്‌.

വീട്ടില്‍ ഭയങ്കര എലി ശല്യം. രാത്രിയാകുമ്പോള്‍ തട്ടിന്‍പ്പുറത്ത്‌ വലിയ ഫുട്ബോള്‍ ടൂര്‍ണമന്റ്‌ നടത്തും പോലെയാണു ശബ്ദ കോലാഹലങ്ങള്‍. റിലീസ്‌ സിനിമാ കാണാന്‍ ഉന്തും തള്ളുമേറ്റ്‌ ക്ഷീണത്തില്‍ രാത്രിയില്‍ ഉറങ്ങാന്‍ തുടങ്ങുമ്പോള്‍ ആണു എലികളുടെ വിളയാട്ടം. അങ്ങനെ അതിനു അറുതി വരുത്താന്‍ ഞാന്‍ ഒരു പാക്കറ്റ്‌ മൂഷ്‌ മൂഷ്‌ എന്ന കേക്ക്‌ വിഷം വാങ്ങി തട്ടിന്‍പുറത്തെ കായിക താരങ്ങള്‍ക്കു വാരി വിതറി. പക്ഷെ അന്ന് കേക്ക്‌ തിന്ന് എലികള്‍ തട്ടിന്‍പ്പുറത്ത്‌ ആര്‍മാദിച്ചു ഫുട്ബോള്‍ കളിച്ചു.

വെള്ളിയാഴ്ച്ച പതിവു പോലെ സിനിമയും കണ്ട്‌ മഴയും നനഞ്ഞ്‌ വീട്ടില്‍ വന്നു. ശനിയാഴ്ച്ച ഉച്ചയായപ്പോഴെക്കും വീട്ടില്‍ എന്തോ ചീഞ്ഞ്‌ നാറാന്‍ തുടങ്ങി. രാത്രിയായപ്പോള്‍ എന്റെ മുറിയില്‍ നല്ല നാറ്റമായി. അതെങ്ങനാ പണ്ഡാരങ്ങള്‍ എന്റെ മുറിയുടെ മുകളിലല്ലയോ കിടന്ന് മറിയുന്നത്‌. പിറ്റേന്ന് ഒരു ജോലിക്കാരനെ തട്ടിന്‍പ്പുറത്ത്‌ ജുഡീഷ്യല്‍ അന്വേഷണത്തിനായി നിയോഗിച്ചു. അങ്ങേരു തട്ടിന്‍പ്പുറത്ത്‌ മൈക്കാടിനിരുന്ന് വെറും കൈയോടെ ഇറങ്ങി കൂലിയും മേടിച്ച്‌ സ്ഥലം വിട്ടു. ഒടുവില്‍ അമ്മ തന്നെ അന്വേഷണത്തിനിറങ്ങി. അമ്മ മുക്കും മൂലയും അരിച്ച്‌ പെറുക്കി. എന്റെ മുറിയില്‍ അമ്മ ഒരു താണ്ഡവം ആടി. അവസാനം അമ്മ, ചത്ത ആ എലിയെ കണ്ടെത്തി എന്റെ മുറിയുടെ അവിടുത്തെ വാതില്‍ തുറന്ന് ആ എലിയെ പുറത്തേക്ക്‌ വലിച്ചെറിഞ്ഞ്‌, കൈയും ഒക്കെ കഴുകി എന്റെ അടുത്ത്‌ വന്നിട്ട്‌ പറഞ്ഞു, നിന്റെ മുറിയില്‍ നിന്നും ചത്ത എലിയെ ഞാന്‍ പടിഞ്ഞാറു വശത്ത്‌ കളഞ്ഞിട്ടുണ്ട്‌. നീ ചെന്ന് അങ്ങ്‌ കുഴിച്ചിട്‌. അമ്മ പറഞ്ഞതും കേട്ട്‌ തൂമ്പായും എടുത്ത്‌ പടിഞ്ഞാറു വശത്ത്‌ ചെന്നപ്പോള്‍ അവിടെ കണ്ട കാഴ്ച്ച കണ്ട്‌ ഞെട്ടി പോയി.... ചത്ത എലിയുടെ സ്ഥാനത്ത്‌ എന്റെ ഷൂസും, സോകസും അനാഥ പ്രേതങ്ങള്‍ പോലെ കിടക്കുന്നു. ഇതെന്ത്‌ കഥ?? ഞാന്‍ വീണ്ടും പരിസരം സൂക്ഷ്മമായി വീക്ഷിച്ചു. ആ പരിസരത്ത്‌ തന്റെ ഷൂസും സോകസുമല്ലാതെ മറ്റൊന്നും കണ്ടില്ല. പതുക്കെ പോയി എന്റെ ഷൂസെടുത്തപ്പോള്‍....അതെ ആ പഴയ നാറ്റം വീണ്ടും എന്റെ മൂക്കിലേക്ക്‌ അടിച്ചു. മഴ നനഞ്ഞ്‌ സിനിമയും കണ്ട്‌ വീട്ടില്‍ വന്ന് കഴിഞ്ഞു ആ നനഞ്ഞ സോക്സും ഷൂസ്സും മുറിയില്‍ തന്നെ വെച്ചതാണു പ്രശനമായത്‌. അവന്‍ അവിടെയിരുന്ന് നാറി. മാത്രമല്ല എന്നെ അങ്ങ്‌ നാറ്റിക്കുകയും ചെയ്തു.

പറ്റിയ ചമ്മല്‍ പുറത്ത്‌ കാണിക്കാതെ ഷൂസും, സോക്സും കൊണ്ട്‌ പോയി കഴുകി ഉണക്കാന്‍ വെച്ച്‌ ഞാന്‍ അടുക്കളയില്‍ ചെന്നപ്പോള്‍ അമ്മ ചോദിച്ചു....ആ എലിയെ കുഴിച്ചിട്ടോടാ? .ചമ്മി ചിരിച്ചിട്ടു പറഞ്ഞു, ആ എലിയെ കഴുകി വൃത്തിയാക്കി ഉണക്കാന്‍ വെച്ചമ്മേയെന്ന് പറഞ്ഞ്‌ ഞാന്‍ അകത്തേക്ക്‌ വലിഞ്ഞു. ഉടനെ അമ്മ മുന്‍ഷിയെ പോലെ പറഞ്ഞു:- “കൈയില്‍ ഇരുന്ന് കാശും കൊടുത്ത്‌ കടിക്കുന്ന പട്ടിയെ മേടിച്ചതു പോലെയായി എന്നത്‌ മാറ്റി, നീ ഷൂസ്‌ മേടിച്ചത്‌ പോലെയായി എന്ന് പറഞ്ഞാല്‍ മതി.” . ആ പറഞ്ഞോ, പറഞ്ഞോ എന്തു വേണമെങ്കിലും പറഞ്ഞോ…… ഞാന്‍ ജന്മനാ ബധിരനും, മൂകനുമാണെന്ന ലക്ഷണത്തില്‍ നടന്നു.

ഒരു മഴ നനഞ്ഞപ്പോള്‍ ഈ ഷൂസ്‌ ഇത്രയും നാറിയെങ്കില്‍, മഴ കൊണ്ട്‌ മാത്രം കളി ജയിക്കുന്ന ആ കപില്‍ ദേവിന്റെ വീട്ടില്‍ എന്തായിരിക്കും സ്ഥിതി എന്നോര്‍ത്തപ്പോള്‍ തന്നെ എന്റെ മുന്‍പില്‍ കൂടി മുന്‍സിപ്പാലിറ്റി വണ്ടികള്‍ പോയത്‌ പോലെ തോന്നി. ഹൊ!!! അമ്മയെ സമ്മതിക്കണം...ഇത്രയല്ലേ ചെയ്തുള്ളു...

5 ദിവസം തുടര്‍ച്ചയായി വെയിലത്ത്‌ വെച്ച്‌ ഉണക്കിയിട്ടും ആ നാറ്റം ഷൂസില്‍ നിന്നും പൂര്‍ണ്ണമായി മാറിയില്ല. “കരുണാകര്‍ജി പിന്നെയും കോണ്‍ഗ്രസ്സായി” എന്ന് പറയുമ്പോലെ വള്ളി പൊട്ടിയ ലെതര്‍ ചെരുപ്പും പൊതിഞ്ഞ്‌ കെട്ടി പാരഗണ്‍ ചെരുപ്പും ഇട്ട്‌ വീണ്ടും ഇറങ്ങിയപ്പോള്‍ അമ്മ മനോരമ ആഴ്ച്ചപതിപ്പില്‍ എന്റെ നാള്‍ നോക്കി ഞാന്‍ കേള്‍ക്കാന്‍ പാകത്തില്‍ ഉറക്കെ വായിച്ചു:- ധന നഷ്ടം, ശരീര പീഡ, മനക്ലേശം എന്നിവ ഫലം.....

Wednesday 1 October 2008

ദിസ് ഈസ്‌ മൈ മദര്‍

പ്രീഡിഗ്രി കഴിഞ്ഞാല്‍ ഹോട്ടല്‍ മാനേജ്‌മന്റ്‌ പഠിക്കാന്‍ പോവുകയെന്നതായിരുന്നു എന്റെ സ്വപ്നം. തലയില്‍ വലിയ വെള്ള തൊപ്പിയും വെച്ചു, തക്കാളിയും, സവോളയും, ഒക്കെ ചറ പറാന്ന് അരിയുന്നത്‌ മിക്ക ദിവസങ്ങളിലും ബ്ലാക്ക്‌ ആന്‍ഡ്‌ വൈറ്റിലും പിന്നീട്‌ കളറിലും ഞാന്‍ സ്വപനം കണ്ടും വന്നിരുന്നു. അങ്ങനെ ആ ജോലിയെ ഞാന്‍ അറിയാതെ തന്നെ അങ്ങ്‌ സ്നേഹിച്ചു പോയി.പക്ഷെ താന്‍ സ്നേഹിച്ച ഈ ജോലിയോട്‌ അപ്പയ്ക്കും, അമ്മയ്ക്കും ഒട്ടും താത്‌പര്യമില്ലായിരുന്നു.

പ്രീഡിഗ്രി പരീക്ഷ കഴിഞ്ഞപ്പോള്‍ തന്നെ, അപ്പ നയം വ്യക്തമാക്കി. ഒറ്റ പൈസ ഡൊണേഷന്‍ തന്ന് ഹോട്ടല്‍ മാനേജ്‌മന്റ്‌ പഠിപ്പിക്കാന്‍ വിടുകയേയില്ലായെന്ന്…. അങ്ങനെ അപ്പ സ്വാശ്രയ കാര്യത്തിലെ എം.എ.ബേബിയേക്കാളും മൂരാച്ചിയായി. അമ്മയെ ഒന്ന് പതപ്പിച്ച്‌ കാര്യം ശരിയാക്കാമെന്ന് കരുതിയപ്പോള്‍ അമ്മയ്ക്ക്‌ ഡോ: തോമസ്‌ ഐസക്കിനേക്കാള്‍ ജാഡ. അപ്പ സമ്മതിച്ചാലും ഞാന്‍ വല്ലവന്റെയും പാത്രം മെഴുക്കാന്‍ നിന്നെ വിടത്തിലായെന്ന അമ്മയുടെ നിലപാടു കൂടി കേട്ടപ്പോള്‍ എന്റ്രന്‍സ്‌ എന്നത്‌ മാത്രമായി എന്റെ രക്ഷ. അങ്ങനെ മനോരമ പത്രത്തില്‍ എന്റ്രന്‍സ്‌ വാര്‍ത്ത വന്നു.

ഞാന്‍ അപേക്ഷയും അയയ്ച്ച്‌ കാത്തിരുന്നു.തിരുവനന്തപുരത്ത്‌ വെച്ചായിരുന്നു പരീക്ഷ. ഫലം പുറത്തു വന്നപ്പോള്‍ ഞാന്‍ അകത്ത്‌. ഏതായാലും പരുമല തിരുമേനിയുടെ മുന്‍പില്‍ രണ്ട്‌ രൂപായ്ക്ക്‌ കത്തിച്ച മെഴുകുതിരി മുതലാക്കി തന്നു. പരുമല തിരുമേനി അത്രയെങ്കിലും ചെയ്തു തന്നല്ലോ.... ഏതായാലും അകത്തായല്ലോ!!! ഇനി അടുത്ത കടമ്പ ഇന്റര്‍വ്യൂവാണു. അതില്‍ ഗ്രൂപ്പ്‌ ഡിസ്ക്കഷനുണ്ട്‌..അതിനു ശേഷമാണു ഇന്റര്‍വ്യൂ. അങ്ങനെ ആ ദിവസവും വന്നു. അതും തിരുവനന്തപുരത്ത്‌ തന്നെ.

ഇന്റര്‍വ്യൂവിന്റെ അവിടെ ചെന്നപ്പോള്‍ ഞാന്‍ ഒഴിച്ച്‌ ബാക്കി എല്ലാവരുടെയും കഴുത്തില്‍ 'മറ്റവന്‍' നല്ല നീളത്തില്‍ തന്നെ കിടപ്പുണ്ട്‌-റ്റൈ. അല്‍പം കഴിഞ്ഞപ്പോള്‍ ഒരു ചേച്ചി വന്ന് ഞങ്ങളെ 10 പേരുടെ ഗ്രൂപ്പുകളായി തിരിച്ച്‌ [ഏഴ്‌ ആണുങ്ങളും, 3 കളറും], ഒരു ക്ലാസ്സ്‌ മുറിയിലേക്കു കൊണ്ട്‌ പോയി. പിന്നെയും കാത്തിരുപ്പ്‌. പക്ഷെ ഞങ്ങളുടെ ഗ്രൂപ്പിലെ എല്ലാവരും കുട്ടിക്കാലത്ത്‌ സ്റ്റാറ്റ്ച്യൂ കളിക്കുന്നത്‌ പോലെ, മിണ്ടാതെ, ചിരിക്കാതെ മസ്സിലും പിടിച്ച്‌ ഇരിക്കുന്നു. അവന്മാര്‍ക്ക്‌ ഒക്കെ പിടിക്കാന്‍ സ്വന്തമായി മസ്സിലും, കഴുത്തില്‍ കോട്ടണ്‍ റ്റൈയും ഒക്കെ ഉണ്ട്‌. കുറുക്കന്റെ കണ്ണ്‍ എപ്പോഴും കോഴിക്കൂട്ടില്‍ തന്നെയെന്ന് പറഞ്ഞ മാതിരി ഞാന്‍ റ്റൈ കെട്ടി മസ്സിലു പിടിച്ച പരിഷകളെ ഒഴിവാക്കി കളേഴ്‌സിനെ നോക്കി ചിരിച്ചു. ചിരിച്ചാല്‍ മാര്‍ക്ക്‌ കുറയുമെന്ന് പേടിച്ച്‌ കളേഴ്‌സും ചിരിച്ചില്ല അവരുടെ ഒക്കെ ശ്വാസ തടസ്സത്തിനു ആശ്വാസമായി പങ്കജ കസ്തൂരി വന്നതു പോലെ ഞങ്ങളുടെ റൂമിലേക്ക്‌ ഒരു അപ്പച്ചന്‍ സാറും, ഒരു ആന്റിയും കടന്നു വന്നു. സ്വയം പരിചയപെടുത്തല്‍ കഴിഞ്ഞ്‌ ഗ്രൂപ്പ്‌ ഡിസ്ക്കഷന്‍. ഒരു ബോക്സില്‍ എന്തൊക്കെയോ എഴുതിയ കടലാസുകള്‍ ഇട്ടിരിക്കുന്നു. അതില്‍ നിന്നാണു വിഷയം. അപ്പച്ചന്‍ സാര്‍ കൂട്ടത്തിലെ നല്ല കളറിനെ തന്നെ വിളിച്ചു കടലാസ്സ്‌ പൊക്കിച്ചു. എന്റെ സകല പ്രതീക്ഷയും തെറ്റിച്ചു കൊണ്ട്‌ വിഷയം വന്നു-ക്രിക്കറ്റ്‌. എന്റെ ദൈവമേ!!! കപില്‍ ദേവിനെയും, ഗവാസ്ക്കറിനെയും ഒക്കെ കണ്ടാല്‍ തിരിച്ചറിയാമെന്നല്ലതെ ക്രിക്കറ്റ്‌ എന്ന കളിയെ പറ്റി നോ ഐഡിയ. ഞാന്‍ ഒഴിച്ച്‌ ബാക്കി എല്ലാവരുടെയും മുഖം, മഴ കാരണം ക്രിക്കറ്റ്‌ കളി ജയിച്ച ഇന്ത്യാക്കാരുടെ സന്തോഷം. ഞാന്‍ അടി കൊണ്ട്‌ കവിള്‍ വീര്‍ത്ത്‌, കണ്ണുകള്‍ നിറഞ്ഞ ശ്രീശാന്തിനെ പോലെ ഇരുന്നു.

സംവാദം തുടങ്ങി... അതും ഇംഗ്ലീഷില്‍ ആണു സംവാദം. കുട്ടിക്കാലം മുതലേ ഇംഗ്ലീഷ്‌ മീഡിയത്തിലാണു താന്‍ പഠിച്ചതെങ്കിലും, “മൈ നേം ഈസ്‌ സെനു ഈപ്പന്‍ തോമസ്‌” എന്നത്‌ ഒഴിച്ച്‌ ഒന്നും ചട പടായെന്ന് പറയാന്‍ പറ്റുന്നില്ലയെന്ന സത്യം എനിക്ക്‌ അവിടെ വെച്ചു മനസ്സിലായി. അവിടെ ഉണ്ടായിരുന്ന കളേഴ്‌സാണെങ്കില്‍ ക്രിക്കറ്റിനെ പറ്റി നല്ല വിവരവും. ആയതിനാല്‍ വയസ്സാന്‍ കാലത്ത്‌ സൗജന്യമായി ആഗ്രാ വഴി (VIA AGRA) പോയ സന്തോഷത്തില്‍ ആ കളേഴ്‌സിന്റെ മുഖത്തു നിന്ന് ഒരു നിമിഷം പോലും കണ്ണ്‍ പറിക്കാതെ അപ്പച്ചന്‍ സാര്‍ ആ ഇരുപ്പ്‌ ഇരുന്നു. അതു മുതലാക്കി ഞാന്‍ ഇടയ്ക്ക്‌ ഇട റണ്‍സ്‌, സ്റ്റംപ്സ്‌, ബോള്‍ എന്നൊക്കെ പറയാന്‍ ശ്രമിച്ചുവെങ്കിലും അപ്പച്ചന്‍ എന്റെ പിറുപിറുക്കലുകള്‍ കേട്ടതെയില്ല. സത്യത്തില്‍ കേള്‍ക്കാന്‍ മാത്രം ഞാന്‍ ഒന്നും പറഞ്ഞുമില്ല. അതെങ്ങനാ..നൗണും, വേര്‍ബും, അഡ്വേര്‍ബും, ഒക്കെ ശരിയാകുമ്പോള്‍ ഈ അപ്പച്ചന്‍ എന്നെ നോക്കില്ല. അങ്ങനെ അവസാനം ഈ അപ്പച്ചന്‍ സാര്‍ എന്റെ കുറ്റി പറിച്ച്‌, ഞാന്‍ ഔട്ടായി എന്ന് പ്രഖ്യാപിച്ചു. വേച്ചു വേച്ച്‌ അവിടെ നിന്ന് ഇറങ്ങിയപ്പോള്‍, “തന്റെ പാത്രം ഒന്നും കഴുകാന്‍ എന്നെ കിട്ടത്തില്ല..അതിനു താന്‍ വേറെ ആളിനെ നോക്കിക്കോ”..എന്ന് അമ്മ പറഞ്ഞ ആ ഡയലോഗ്‌ പറയണമെന്ന് തോന്നിയെങ്കിലും, അവിടുത്തെ സെക്യുരിറ്റിക്കാരനെയും, അങ്ങേരുടെ കൈയിലെ വടിയും കണ്ടപ്പോള്‍ മിണ്ടാതെ ‘തിരോന്തോരം’ കാലിയാക്കുന്നത്‌ തന്നെ ‘പുത്തി’യെന്ന് തോന്നി. താന്‍ ഔട്ട്‌ ആയി എന്ന വാര്‍ത്ത വീട്ടില്‍ വിളിച്ച്‌ പറഞ്ഞപ്പോള്‍....കെ. മുരളിധരനും, പത്മജയും, തോറ്റപ്പോള്‍ കേരളത്തിലെ ജനങ്ങള്‍ സന്തോഷിച്ച ആരവം ആയിരുന്നു വീട്ടില്‍.

അങ്ങനെ തീരെ ഗതിയില്ലാതെ ഞാന്‍ ബി.കോമിനു ചേര്‍ന്നു. അതു പ്രൈവറ്റ്‌ കോളെജില്‍. പക്ഷെ അപ്പോഴും എന്റെ മനസ്സിനെ അന്നത്തെ ആ ക്രിക്കറ്റ്‌ സംവാദം നാണിപ്പിച്ച്‌ കൊണ്ടെയിരുന്നു. ആയതിനാല്‍ എങ്ങനെയും മണി മണിയായി ഇംഗ്ലീഷ്‌ പറയാന്‍ പഠിക്കുകയെന്നതായി എന്റെ ലക്ഷ്യം. അതിനായി പത്രങ്ങള്‍ പരതിയപ്പോള്‍ നമ്മുടെ മുന്‍ മുഖ്യമന്ത്രി നായനാര്‍ജിയെ ഇംഗ്ലീഷ്‌ പഠിക്കാന്‍ സഹായിച്ചത്‌ റാപ്പിഡെക്സ്‌ ഇംഗ്ലീഷ്‌ ലേര്‍ണിംഗ്‌ ബുക്കാണെന്ന പരസ്യത്തെ തുടര്‍ന്ന് അതൊന്ന് വാങ്ങി. 2-3 ദിവസത്തെ പഠനം കൊണ്ട്‌ അത്‌ വെറും വേസ്റ്റാണെന്ന് മനസ്സിലായി പിന്നീട്‌ അതിനു തെളിവെന്നോണം നായനാര്‍ജിയുടെ ഇംഗ്ലീഷും താന്‍ കേട്ടു. അങ്ങനെയിരിക്കെ മനോരമ പത്രത്തിനോടൊപ്പം ഒരു നോട്ടീസ്‌ വന്നു-സ്പോക്കണ്‍ ഇംഗ്ലീഷ്‌ ക്ലാസ്സ്‌ കാവുംഭാഗത്ത്‌ തുടങ്ങുന്നു. പഴയ എം.എ ഇംഗ്ലീഷ്‌ അദ്ധ്യാപകനാണു നടത്തുന്നതു. അങ്ങനെ അവിടെ വിദ്യാര്‍ത്ഥിയായി. അവിടുത്തെ പൊട്ട പിള്ളെരുടെ മുന്‍പില്‍ ഞാന്‍ ചെറിയ സായിപ്പായി.

അവിടുത്തെ സാറിന്റെ നിര്‍ദ്ദേശത്തെ തുടര്‍ന്ന് നല്ലൊരു പെന്‍ ഫ്രണ്ട്‌ ഉണ്ടെങ്കില്‍ ഇംഗ്ലീഷ്‌ നല്ലതാക്കാം എന്ന് അറിവു കിട്ടിയതിനെ തുടര്‍ന്ന് ഒരു പെന്‍ ഫ്രണ്ടിനെ തപ്പി നടന്നു. നീണ്ട തപ്പലിനൊടുവില്‍ പെന്‍ ഫ്രണ്ട്‌സിന്റെ ഒരു ബുക്ക്‌ തന്നെ കിട്ടി. ഇംഗ്ലീഷ്‌ പഠിക്കുന്നതിനോടൊപ്പം, എന്റെ സ്റ്റാമ്പ്‌ ശേഖരണവും വര്‍ദ്ധിപ്പിക്കണം..പിന്നെ ഒക്കുകയാണെങ്കില്‍ ഒരു മദാമ്മയെ ലൈനടിക്കണം....അങ്ങനെ പോയി എന്റെ ചെറിയ മോഹങ്ങള്‍... അതിനെ തുടര്‍ന്ന് ആ ബുക്കില്‍ കണ്ട്‌ ഒട്ടു മിക്ക രാജ്യങ്ങളിലെയും 18-21 റേഞ്ചിലുള്ള തരുണിമണികള്‍ക്കും അന്യായ സ്റ്റാമ്പ്‌ ഒട്ടിച്ച്‌ എഴുത്തുകള്‍ അയയ്ച്ചു. പിന്നെ മറുപടിക്കായി പോസ്റ്റുമാനെ കാത്തിരുപ്പായി. 4-5 മറുപടികള്‍ കിട്ടി. അതില്‍ ഒരാള്‍ വളരെ കാര്യമായി തന്നെ എഴുതി. പക്ഷെ എഴുത്ത്‌ തുടങ്ങിയത്‌ ഇങ്ങനെ...ഞാന്‍ കരുതിയതു പോലെ പെണ്ണല്ല. ആണാണു. വിശദമായ കത്തിനൊപ്പം കക്ഷി കുറച്ച്‌ ജെര്‍മ്മന്‍ സ്റ്റാമ്പ്സ്‌ കൂടി അയയ്ച്ചു തന്നു. ആണെങ്കില്‍ ആണു.സ്റ്റാമ്പ്‌ തന്നതിനു താങ്ക്സ്‌ ഒക്കെ പറഞ്ഞു അടുത്ത എഴുത്തു അയയ്ച്ചു. [അന്നു എഴുത്ത്‌ എഴുതി വെട്ടി തിരുത്തി കളഞ്ഞ കത്തുകള്‍ സൂക്ഷിച്ച്‌ വെച്ചിരുന്നെങ്കില്‍ ഉഗ്രന്‍ കോമഡി ആയേനെ.]അങ്ങനെ ഞങ്ങളുടെ ബന്ധം വളര്‍ന്നു. ഒരു എഴുത്തില്‍ സായിപ്പ്‌ സായിപ്പിന്റെ ഫോട്ടൊ എനിക്ക്‌ അയയ്ച്ചു തന്നു. ഒപ്പം എന്റെ ഒരു ഫോട്ടോയും സായിപ്പ്‌ ആവശ്യപ്പെട്ടിരിക്കുന്നു. സായിപ്പിന്റെ ഫോട്ടോ കണ്ടപ്പോള്‍ തന്നെ എന്റെ ഉള്ള്‌ കാളി. നല്ല ഉയരവും പൊക്കവും, തടിയും ഉള്ള ഒരു ചുള്ളന്‍ സായിപ്പ്‌. ദൈവമേ!!! ഈ ഉള്ളവന്റെ ശരിക്കുള്ള ഫോട്ടോ അയയ്ച്ചു കൊടുത്ത്‌ എന്റെ ശരീരം കണ്ട്‌ സൗഹൃദ്ദം വേണ്ടായെന്ന് വെച്ചാല്‍ തന്റെ സ്റ്റാമ്പ്‌ ശേഖരണം, ഇംഗ്ലീഷ്‌ പഠിത്തം, പിന്നെ ഒത്താല്‍ ഒരു ജര്‍മ്മന്‍ യാത്ര എല്ലാം കോഞ്ഞട്ടയാകും...ആയതിനാല്‍ അപ്പയുടെ ഒരു സുഹൃത്തിന്റെ സ്റ്റുഡിയോയില്‍ നിന്നും നമ്മുടെ പഴയ സിനിമാ നടന്‍ റഹ്‌മാന്റെ ഒരു ഫോട്ടോ സംഘടിപ്പിച്ച്‌ കക്ഷിക്ക്‌ അയയ്ച്ചു കൊടുത്തു. ഞങ്ങളുടെ സൗഹൃദ്ദം തുടര്‍ന്ന് കൊണ്ടേയിരുന്നു.

ഒന്നാം വര്‍ഷ ബി.കോമിന്റെ പരീക്ഷ പരുമല പമ്പാ കോളെജില്‍ എഴുതി അതിന്റെ വിവരം പറയാന്‍ ഞാന്‍ വീട്ടിലേക്ക്‌ ഫോണ്‍ വിളിച്ചപ്പോള്‍ അമ്മ, ഒരു വലിവുകാരിയെ പോലെ വലിച്ച്‌ എന്നോട്‌ പറഞ്ഞു:- എടാ...നീ എത്രയും പെട്ടെന്ന് വാ. അമ്മയുടെ സംസാരത്തില്‍ എന്തോ പന്തിക്കേട്‌ തോന്നിയ ഞാന്‍ പെട്ടെന്ന് തന്നെ കിട്ടിയ ബസ്സിനു വീട്ടിലേക്ക്‌ കുതിച്ചു. പൊടിയാടിയില്‍ നിന്ന് കൃത്യം ഒരു കിലോമീറ്റര്‍ നടത്തയുണ്ട്‌ വീട്ടിലേക്ക്‌...ആയതിനാല്‍ ഒരു ഓട്ടോയ്ക്ക്‌ തന്നെ വീട്ടിലേക്ക്‌ കുതിച്ചു. പോകുന്ന വഴി ഓട്ടോക്കാരന്‍ പറഞ്ഞു:- മോനെ തിരക്കി ഒരു സായിപ്പ്‌ വന്നിട്ടുണ്ട്‌. പൊടിയാടി പോസ്റ്റ്‌ ഓഫീസില്‍ പോയി വീട്‌ തിരക്കി, അവിടുത്തെ പോസ്റ്റ്‌ മാസ്റ്റര്‍ ഈ ഓട്ടോക്കാരനെ കൂട്ടിയാണു വീട്ടില്‍ വിട്ടതത്രെ. [കാരണം സെനു ഈപ്പന്‍ തോമസ്‌ എന്ന് പറഞ്ഞാല്‍ ഞങ്ങളുടെ നാട്ടിലെ ഒറ്റ കുഞ്ഞിനു എന്നെ അറിയില്ല. ഞാന്‍ നാട്ടുകാര്‍ക്ക്‌ ഓട്ടാഫീസിലെ കുഞ്ഞാണു.] ഓട്ടോ തിരിച്ചു വിടടോയെന്ന് പറയണമെന്ന് തോന്നിയെങ്കിലും, അമ്മയെ പോലെ തനിക്കും വലിവു തുടങ്ങിയതിനാല്‍ എന്റെ നാവ്‌ പൊങ്ങിയതേയില്ല. റഹ്‌മാനും, താനും തമ്മില്‍ ഒരു ഛായ കൂടിയില്ല. എന്റെ ദൈവമേ...എന്നെ കാണുമ്പോള്‍ സായിപ്പ്‌ എങ്ങനെയായിരിക്കും പ്രതികരിക്കുക. എല്ലാം ഓര്‍ത്തപ്പോള്‍ തന്നെ ഒരു മരവിപ്പ്‌....

ഗേറ്റ്‌ കടന്ന് എന്നെ കണ്ടതും അമ്മ പറഞ്ഞു, നിന്നെ കാണാന്‍ ഇത്‌ ആരാ വന്നിരിക്കുന്നതെന്ന് നോക്കിക്കേ. പുള്ളിക്കാരനോട്‌ ഞാന്‍ സംസാരിക്കാന്‍ പെട്ട പാട്‌. അപ്പയാണെങ്കില്‍ ഇപ്പോഴാണു വന്നതും. എന്നെ കണ്ട്‌ സായിപ്പിനു യാതൊരു ഭാവമാറ്റവുമില്ല. കാരണം എന്റെ കൂടെ റഹ്‌മാനില്ലല്ലോ....ഞാന്‍ സായിപ്പിന്റെ കൈ പിടിച്ച്‌ കുലുക്കി ആ റഹ്‌മാന്‍ തന്നെയാ ഈ റഹ്‌മാനെന്ന വലിയ സത്യം സായിപ്പിനെ ബോദ്ധ്യപ്പെടുത്തി. ഒരു ദിവസം സായിപ്പിനെ വീട്ടില്‍ താമസിപ്പിച്ച്‌, വള്ളത്തില്‍ ഒക്കെ കയറ്റി, പരുമല പള്ളി, വലിയ അമ്പലം മുതലായ പുണ്യ്‌ സ്ഥലങ്ങളില്‍ കൊണ്ട്‌ പോയി സകല പാപങ്ങള്‍ക്കും പ്രായശ്ചിത്തം ചെയ്ത്‌, പിറ്റേന്ന് വൈകിട്ടോടു കൂടി ചങ്ങനാശ്ശേരിയില്‍ നിന്ന് ആലപ്പുഴയ്ക്കുള്ള ബോട്ടില്‍ കയറ്റി വിട്ടു. പോകാന്‍ നേരം സായിപ്പ്‌ എനിക്ക്‌ ഒരു കുപ്പി പോളോയുടെ പെര്‍ഫ്‌യൂമും, നട്ടല്ലായും [NUTELLA], ഒരു ലക്കോസ്റ്റിയുടെ റ്റീ ഷര്‍ട്ടും [റഹ്‌മാന്‍ സൈസ്‌], കുറെ സ്റ്റാമ്പുകളും തന്നു. കേരളത്തിന്റെ ഓര്‍മ്മയ്ക്ക്‌ അപ്പ സ്പോണ്‍സര്‍ ചെയ്ത്‌ ഈട്ടി തടിയില്‍ തീര്‍ത്ത നല്ല ഒരു ചുണ്ടന്‍ വള്ളം സായിപ്പിനു ഈ ഉള്ളവന്‍ കൊടുത്തു. അങ്ങനെ സായിപ്പ്‌ യാത്രയായി.

വീട്ടില്‍ ചെന്നപ്പോള്‍ അപ്പ പറഞ്ഞു:- എന്റെടാ...ഇവള്‍ [അമ്മ] നമ്മള്‍ ഉദ്ദേശിച്ചതു പോലെയൊന്നുമല്ല. ഞാന്‍ വന്നപ്പോള്‍ ആറ്റിന്റെ അവിടെ സായിപ്പിന്റെ ഒപ്പം അവള്‍ നില്‍ക്കുന്നു. ഞാന്‍ ചെന്നപ്പോള്‍ ഇവള്‍ ഇംഗ്ലീഷില്‍ സായിപ്പിനോട്‌ പറയുകയാ:- ദിസ്‌ ഈസ്‌ സെനൂസ്‌ ഫാദര്‍. ദിസ്‌ ഈസ്‌ എ പമ്പാ റിവറും കണ്ട്‌ കഴിഞ്ഞ്‌ നമ്മുടെ പറമ്പില്‍ ഉള്ള അത്തി മരം കാട്ടി അമ്മ പറഞ്ഞു:- ദിസ്‌ ഈസ്‌ ഫിഗ്ഗ്‌ ട്രീ. ഓട്ടാഫീസിന്റെ ചിമ്മിനി ചൂണ്ടി കാണിച്ച്‌ അമ്മ പറഞ്ഞു:- ദിസ്‌ ഈസ്‌ റ്റയില്‍ ഫാക്ടറീസ്‌ ചിമ്മിനി. അങ്ങനെ അമ്മ, “ദിസ്‌ ഈസ്‌”കൂട്ടി ചേര്‍ത്ത സകലത്തിന്റെയും ഫോട്ടോ സായിപ്പ്‌ എടുത്തു. പിന്നെ കുറച്ച്‌ ദിവസത്തേക്ക്‌ അമ്മ എന്തു ചെയ്താലും ദിസ്‌ ഈസ്‌ കൂട്ടി ഞങ്ങള്‍ പറയുമ്പോള്‍ പണ്ട്‌ ക്രിക്കറ്റിന്റെ സംവാദ ക്ലാസ്സില്‍ താന്‍ ഇരുന്ന അതേ സ്റ്റയിലില്‍ അമ്മ മൗനം അവലംബിച്ചു.

ജര്‍മ്മനിയില്‍ തിരിച്ച്‌ ചെന്ന സായിപ്പു, അമ്മ കാണിച്ച സകല്‍ ദിസ്‌ ഈസിന്റെയും ഫോട്ടൊ അയയ്ച്ചു തന്നു. അതിനു ഞാന്‍ മറുപടിയും കൊടുത്തു....പക്ഷെ നാളിതു വരെ അതിനു സായിപ്പിന്റെ മറുപടി വന്നില്ല.

റഹ്‌മാനെ കണ്ട്‌ ഞെട്ടിയിട്ടോ, അതോ ദിസ്‌ ഈസ്‌ കേട്ട്‌ ഞെട്ടിയിട്ടോ എന്ന് നൊ ഐഡിയ. സോറി സായിപ്പേ...സോറി...അങ്ങനെ എന്റെ വിവരക്കേടിനു ഒരു സായിപ്പും രക്തസാക്ഷിയായി.

ദൈവമേ!!! എന്നോട്‌ ഇതിനൊന്നും കണക്കിടരുതേ!!!!

Monday 15 September 2008

പൊടിയാടിയിലെ “അഭിനവ്‌ ബിന്ദ്ര”.

അഭിനവ്‌ ബിന്ദ്ര ഒളിമ്പിക്സില്‍ ഇന്‍ഡ്യയുടെ മാനം കാത്തപ്പോള്‍, ചൈനയില്‍ ജനഗണമന മുഴങ്ങിയപ്പോള്‍, ആ സ്വര്‍ണ്ണം കഴുത്തില്‍ അണിഞ്ഞപ്പോള്‍.....ഇന്‍ഡ്യ അഭിമാനം കൊണ്ടു. അല്‍പം കഴിഞ്ഞു അഭിനവ്‌ അഭിമാനത്തോടെ പുറത്തേക്ക്‌ വന്നപ്പോള്‍ അവിടെയുണ്ടായിരുന്ന പത്രക്കാര്‍ അഭിനവിനെ വളഞ്ഞു. "ഇപ്പ്പ്പോള്‍ എന്ത്‌ തോന്നുന്നു?" എന്ന പത്രക്കാരുടെ ചോദ്യത്തിനു, "ഒന്ന് കക്കൂസില്‍ പോകാന്‍ തോന്നുന്നുവെന്ന്" കുട്ടിത്തം വിടാത്ത ഉത്തരം പറഞ്ഞതോടെ ഇനി അവിടെ കൂടി നിന്ന് അധികം ചോദ്യങ്ങള്‍ ചോദിച്ച്‌ കഷ്ടപ്പെടുത്തേണ്ടയെന്ന് നിനച്ച്‌ അവിടെ കൂടിയ പത്രക്കാര്‍ സ്ഥലം കാലിയാക്കി.

ചൈനയില്‍ പോകാന്‍ കഴിയാഞ്ഞ പത്രക്കാര്‍ അഭിനവിന്റെ വീട്‌ വളഞ്ഞു...ഗസ്റ്റ്‌ ഹൗസ്സ്‌ വളഞ്ഞു... കേരളം വിടാന്‍ പറ്റാഞ്ഞ പത്രക്കാര്‍, അഭിനവിന്റെ കോച്ചിന്റെ വീടു വളഞ്ഞു. അങ്ങനെ എല്ലായിടത്തും എല്ലാവരും ഓടി നടന്ന്, അഭിനവിന്റെ മികവിനെ വാഴ്‌ത്തി.

അഭിനവിന്റെ അച്ചനെ പത്രക്കാര്‍ പിടിച്ചു. അഭിനവിന്റെ കഴിവിനെ വാഴ്‌ത്തി പുകഴ്‌ത്തി അച്ചന്‍ സംസാരിച്ചു. മകന്റെ നേട്ടത്തില്‍ അഭിമാനം കൊള്ളുന്ന ആ അച്ചനെ കണ്ട്‌ ഞാന്‍ തലയില്‍ കൈ വെച്ചു. എന്റെ ദൈവമേ!!! ഞാനും ഇങ്ങനെ ഒക്കെ ആകേണ്ടതല്ലായിരുന്നോ? എന്റെ അപ്പനും ഇങ്ങനെ റ്റി.വിക്കാരോട്‌ എന്റെ മോന്‍ പുലിയാണെന്ന് പറയേണ്ടതല്ലായിരുന്നോ? ഇന്‍ഡ്യ എന്നെ ഓര്‍ത്ത്‌ അഭിമാനം കൊള്ളെണ്ടതല്ലായിരുന്നോ?? മൂക്കില്ലാ രാജ്യത്ത്‌ മുറി മൂക്കന്‍ രാജാവ്‌ എന്നത്‌ പോലെ ദേ! ഇതാ ഇന്ന് ഒരു പൊടിയാടിക്കാരന്റെ സ്വപനങ്ങള്‍ തകര്‍ത്ത്‌ കൊണ്ട്‌ അഭിനവ്‌ ബിന്ദ്ര ......

എന്റെ കുട്ടിക്കാലത്ത്‌ തന്നെ എന്റെ വീട്ടില്‍ തോക്ക്‌ ഉണ്ടായിരുന്നു. അപ്പ അറിയപ്പെടുന്ന ഒരു വേട്ടക്കാരനും. കണ്ടത്തില്‍ കുളക്കോഴി ഇറങ്ങുമ്പോഴും, കൊക്ക്‌ ഇറങ്ങുമ്പോഴും, പള്ളിയില്‍ പ്രാവിന്റെ ശല്യം കൂടുമ്പോഴും ഒക്കെ അപ്പയെ ആളുകള്‍ വന്ന് കൊണ്ട്‌ പോകും. അപ്പയെന്ന വേട്ടക്കാരനെ കാക്ക കണ്ടാല്‍ പിന്നെ കാ..കാ ശബ്ദം വെച്ച്‌ പുറകെ കൂടും കാക്കകളുടെ ശല്യം കാരണം അപ്പ കുറേ കാക്കകളെ തട്ടിയതായിരിക്കാം ഇവറ്റകളുടെ ശത്രുതയ്ക്ക്‌ കാരണം തന്നെ. അപ്പ ഉന്നം പിടിച്ച്‌ കൊക്ക്‌, കാട്ടു മുയല്‍ എന്നിവകള്‍ പിടഞ്ഞ്‌ താഴെ വീണു ചാകുന്നത്‌ കുഞ്ഞും നാളില്‍ അഭിമാനത്തോടെ നോക്കി കണ്ടിട്ടുണ്ട്‌. പക്ഷെ തോക്ക്‌ എടുത്ത്‌ ഉയര്‍ത്താനുള്ള ആരോഗ്യം തനിക്ക്‌ ഇല്ലാത്തതിനാല്‍ ഞാന്‍ തോക്കില്‍ തൊട്ട്‌ ആനന്ദ നിര്‍വൃതി കൊണ്ടു. ഒരു നാള്‍ ഞാനും ചേട്ടനെ പോലെ വളരും വലുതാവും....ചേട്ടനെ പോലെ ബ്രിട്ടാനിയ മില്‍ക്ക്‌ ബിക്കീസ്‌ തന്നെ തിന്നും എന്ന് പാടി നടക്കുന്ന കുട്ടിയെ പോലെ ഞാനും വളരാനും, അപ്പയെ പോലെ തോക്ക്‌ പിടിക്കാനും ആഗ്രഹിച്ച്‌ പോയി.

അപ്പ വീട്ടില്‍ ഇല്ലാതിരിക്കുമ്പോള്‍ പര സഹായത്തോടെ തോക്ക്‌ ചുമ്മി, ഉന്നം പിടിച്ച്‌ രസിച്ചിരുന്നു. ആ എയര്‍ റൈഫിള്‍ മടക്കി, 0.22 പെല്ലെറ്റ്‌ ഇട്ട്‌ ലോഡ്‌ ചെയ്യാനുള്ള ആവറേജ്‌ ശക്തി അന്ന് എനിക്കില്ലായിരുന്നത്‌ കൊണ്ട്‌, പല പക്ഷി മൃഗാദികളും രക്ഷപ്പെട്ടു. നിത്യാഭ്യാസി ആനയെ എടുക്കുമെന്ന് പറഞ്ഞതു പോലെ, പല ദിവസത്തെ പ്രയത്ന ഫലമായി, തോക്ക്‌ മടക്കാനുള്ള ടെക്‌ക്‍നിക്ക്‌ ഞാന്‍ സ്വായത്തമാക്കി. അങ്ങനെ പെല്ലെറ്റ്‌ ഇട്ട്‌ ആദ്യത്തെ ഇരയെ ഞാന്‍ തിരഞ്ഞു. ആറ്റിന്റെ കുറുകെയുള്ള ഇലക്ട്രിക്ക്‌ കമ്പിയില്‍ ദാ ഇരിക്കുന്നു ഒരു കിംഗ്‌ ഫിഷര്‍. കിംഗ്‌ ഫിഷറില്‍ തന്നെ ആദ്യത്തെ ഉന്നം പിടിക്കുന്നത്‌ എന്തു കൊണ്ടും നല്ല ലക്ഷണമാണു. ആറ്റിറമ്പില്‍ പോയി....തോക്ക്‌ ഉയര്‍ത്തി....കിംഗ്‌ ഫിഷറിനെ മാത്രം നോക്കി....[അര്‍ജ്ജുനനെ മനസ്സില്‍ ധ്യാനിച്ച്‌] ട്രിഗറില്‍ വിരല്‍ വലിച്ചു. ഠേ!!!.....എന്റെ ആദ്യത്തെ വെടി. ആ ശബ്ദത്തില്‍, ആ തോക്കിന്റെ കുലുക്കത്തില്‍, ആ അഘാതത്തില്‍ ..ഞാന്‍ തോക്കും കൊണ്ട്‌ താഴെ…..ദൈവമേ, ഞാന്‍ എനിക്കിട്ടു തന്നെയാണോ വെടി വെച്ചതെന്ന് ചിന്തിച്ചു പോയി.[ ഇതിനാണോ ഇംഗ്ലീഷുക്കാര്‍ ബാക്ക്‌ ഫയറിംഗ്‌ എന്ന് പറയുന്നത്‌???].സഡന്‍ ബ്രേക്കിട്ട കാരണത്താല്‍ വെള്ളത്തില്‍ വീണില്ല. ആ വീഴ്ച്ച കണ്ട്‌ എന്നെ കളിയാക്കി ചിരിച്ചു കൊണ്ട്‌ ആ കിംഗ്‌ ഫിഷര്‍ പറന്ന് പോകുന്ന കാഴ്ച്ച കൂടി കണ്ടപ്പോള്‍...ഞാന്‍ ആ കിടപ്പില്‍ നിന്ന് എഴുന്നേല്‍ക്കാന്‍ മടിച്ചു. ഹോ!!! വെടി വെയ്ക്കുമ്പോള്‍ ഇങ്ങനെ ഒരു വിറയല്‍ ഉണ്ടാകുമെന്ന് അപ്പ പറഞ്ഞിട്ടേയില്ല. അപ്പയുടെ ഓരോ കാര്യങ്ങള്‍…..അങ്ങനെ തനിക്ക്‌ പറ്റിയത്‌ മറ്റാരെയും അറിയിക്കാതെ തോക്കും എടുത്ത്‌, അതിലെ പൊടിയൊക്കെ തൂത്ത്‌ വൃത്തിയാക്കി, ഞാന്‍ ഒന്നും അറിഞ്ഞില്ലെ രാമ നാരായണയെന്ന പാട്ടും പാടി തോക്ക്‌ യഥാസ്ഥാനത്ത്‌ പ്രതിഷ്ഠിച്ചു. വീഴ്ച്ചയില്‍ കാല്‍ മുട്ടിലെ തൊലി പോയത്‌ അന്നത്തെ ദിവസം വീട്ടില്‍ റിപ്പോര്‍ട്ട്‌ ചെയ്തതേയില്ല. രാത്രിയില്‍ കിടന്ന് ഓര്‍ത്തു ഹോ...ഇനി എന്റെ വെടിയില്‍ ആ കിംഗ്‌ ഫിഷര്‍ ചത്ത്‌ മലച്ചിരുന്നെങ്കില്‍ ആ പമ്പാ നദിയില്‍ നിന്ന് എങ്ങനെ താന്‍ ആ ഡെഡ്‌ ബോഡിയെടുത്തേനെ…. ഭാഗ്യമായി പോയി അത്‌ ചാകാഞ്ഞതെന്ന് മനസ്സില്‍ ഓര്‍ത്ത്‌ അന്ന് രാത്രി സുഖമായി ഉറങ്ങി.

ദിനങ്ങള്‍ കടന്ന് പോയി. വീണ്ടും അപ്പയില്ലാത്ത ദിവസം...തോക്കെടുത്തു. ഇരയ്ക്കായി ചുറ്റും നോക്കി. തൊട്ടപ്പുറത്തെ പറമ്പില്‍ ഒരു പൂവന്‍ കോഴി ദാ നമ്മുടെ പിടക്കോഴിയെ പീഡിപ്പിക്കുന്നു. എന്റെ രക്തം തിളച്ചു. വനിതാ കമ്മീഷനെ മനസ്സില്‍ ധ്യാനിച്ച്‌, നമ്മുടെ ചുറ്റു മതിലില്‍ തോക്ക്‌ താങ്ങി നിര്‍ത്തി....[പ്രഷര്‍ ഏല്‍ക്കാതെ വണ്ണം]തോക്ക്‌ പിടിച്ച്‌, പൂവന്‍ കോഴിയെ ഉന്നം വെച്ച്‌ ഒറ്റ വെടി..ഠേ!!!. പൂവന്‍ കോഴി ആകാശത്തേക്ക്‌ പറന്നുയര്‍ന്നു. പിടക്കോഴി ദേ താഴെ....ചുറ്റും നോക്കി....ആരും കണ്ടില്ല. ഇന്ന് അമ്മ ഇത്‌ ഒരു ഇന്റര്‍നാഷണല്‍ പ്രശ്നമാക്കും. എന്റെ ഉന്നം പിടുത്തം എവിടെയാ പാളിയത്‌. താന്‍ പൂവന്‍ കോഴിയെ വെടി വെയ്ക്കുമ്പോള്‍ പിടക്കോഴി ചാകുന്നു. ഇതെന്താ കേരളാ പോലിസിന്റെ തോക്ക്‌ അപ്പ ചുളുവില്‍ വാങ്ങിയതാണോ? പറ്റിയത്‌ പറ്റി. വീണ്ടും തോക്ക്‌ യഥസ്ഥാനത്ത്‌ പ്രതിഷ്ഠിച്ച്‌ അന്ന് പതിവിലും നേരത്തെ ഹോം വര്‍ക്ക്‌ ചെയ്യാനിരുന്നു. ഇടയ്ക്ക്‌ രണ്ട്‌ പ്രാവശ്യം എണ്ണീറ്റ്‌ പോയി പിടക്കോഴിയെ ദൂരെ നിന്നും വീക്ഷിച്ചു. പിടക്കോഴി അവിടെ തന്നെ കിടപ്പുണ്ട്‌. ചത്തിട്ടില്ല. ചുറ്റും നോക്കി ഒരു കല്ലെടുത്തെറിഞ്ഞു. പിടക്കോഴിക്ക്‌ ഓടാന്‍ പറ്റുന്നില്ല. ഒരു പക്ഷെ കാലിനായിരിക്കുമോ വെടി കൊണ്ടത്‌? വൈകിട്ട്‌ കോഴിക്ക്‌ തീറ്റ കൊടുത്ത്‌ കൂട്ടില്‍ കയറ്റാന്‍ അമ്മ നോക്കുമ്പോള്‍ ഒരു കോഴി മിസ്സിംഗ്‌. അമ്മ, കോഴീീീ ബാ…. ബാ…. എന്നൊക്കെ വിളിച്ചിട്ടും കോഴി വന്നില്ല. അന്വേഷണമായി. അപ്പോള്‍ ഞാന്‍ ഒന്നുമറിയാത്തതു പോലെ പറഞ്ഞു:- അമ്മേ ഞാന്‍ കുറച്ച്‌ മുന്‍പേ ആ കോഴിയെ ഒരു പൂവന്‍ കോഴിയുടെ കൂടെ നില്‍ക്കുന്നത്‌ കണ്ടായിരുന്നു. ഇനി ചിലപ്പോള്‍....വാചകം മുഴുമിപ്പിക്കാന്‍ അമ്മ സമ്മതിച്ചില്ല. നിന്നെയാരെങ്കിലും വിളിച്ചോ? നിനക്കൊന്നും പഠിക്കാനില്ലെ??? ഞാന്‍ സ്ഥലം കാലിയാക്കി. അല്‍പസമയത്തെ തിരച്ചിലിനൊടുക്കം അമ്മ കോഴിയെ കണ്ടെത്തി. ഒരു കാല്‍ ഒടിഞ്ഞ്‌ തൂങ്ങിയ നിലയില്‍. അമ്മയ്ക്ക്‌ ആ സീന്‍ കണ്ടിട്ട്‌ സഹിച്ചില്ല. ഇന്നും കൂടി മുട്ടയിട്ടതാ...പാവം. കീരിയോ, കാട്ടു മാക്കാനോ എന്തോ പിടിക്കാന്‍ നോക്കിയതാ....അയ്യോ...ഞാനും സംഭവ സ്ഥലത്ത്‌ ഹാജരായി എനിക്ക്‌ ഈ സംഭവത്തില്‍ ഉള്ള എന്റെ ‘അഗാധമായ ദുഖവും, ഞെട്ടലും രേഖപ്പെടുത്തി,’...വീണ്ടും പഠിക്കാനിരുന്നു. വീട്ടില്‍ സഹായത്തിനുള്ള ചേച്ചി പറഞ്ഞു....പാമ്പ്‌ ഒന്നും കൊത്തിയതല്ലല്ലോ??? അങ്ങനെയെങ്കില്‍ ഇതിനെ അങ്ങ്‌ കറി വെയ്ക്കാമെന്ന്……അങ്ങനെ താന്‍ വെടി വെച്ച ആദ്യത്തെ ഇര കറിയാകാന്‍ പോകുന്നുവെന്ന വാര്‍ത്ത അറിയാതെ ഞാന്‍ പഠിത്തത്തില്‍ മുഴുകി. അമ്മ കോഴിയെ ക്ലീന്‍ ചെയ്ത്‌ കഷ്ണമാക്കുമ്പോള്‍ എന്റെ ഗൃഹപ്പിഴയ്ക്ക്‌, പെല്ലെറ്റ്‌ യാതൊരു കേടുപാടുമില്ലാതെ കിട്ടി. കിട്ടിയ പാടെ അമ്മ, മോനേ എന്ന് നീട്ടി വിളിച്ചപ്പോള്‍ ഒന്നും അറിയാത്ത നിഷ്‌കളങ്ക ബാലനെ പോലെ അടുക്കളയില്‍ വന്നപ്പോള്‍ അമ്മ ചോദിച്ചു...നീ ഇന്ന് തോക്കെടുത്തോ? ആ ചോദ്യം കേട്ട്‌ തല മന്ദിച്ചുവെങ്കിലും...യേ ഇല്ലായെന്ന് തന്നെ മറുപടി പറഞ്ഞു. പിന്നെ ചോദ്യം ചെയ്യല്‍ മാറി .... മൂന്നാം മുറ തുടങ്ങുമെന്നായപ്പോള്‍, കുമ്പസാരക്കൂട്ടില്‍ നില്‍ക്കുന്ന പാപിയെ പോലെ മണി മണിയായി കാര്യങ്ങള്‍ തുറന്ന് പറഞ്ഞു. പക്ഷെ കുമ്പസാര രഹസ്യം പുറത്ത്‌ വിടരുതെന്ന പൊതു തത്വത്തെ കാറ്റില്‍ പറത്തി, അപ്പ വന്നപ്പോള്‍ തന്നെ അമ്മ കാര്യങ്ങള്‍ വെളിപ്പെടുത്തി....അപ്പയും കുറച്ച്‌ ചാടിച്ചു. ഇനി മേലില്‍ തോക്കെടുക്കെരുതെന്ന നിരോധന ഉത്തരവും പുറപ്പെടുവിച്ച്‌ കോഴി കറിയും കൂട്ടി ചോറും ഉണ്ട്‌ പോയി കിടന്നു.

നിരോധന ഉത്തരവ്‌ ഉണ്ടായിരുന്നിട്ടും അപ്പയില്ലാത്തപ്പോള്‍ ഈ തോക്ക്‌ കാണുന്നത്‌ എനിക്ക്‌ പ്രശ്നം ആയിരുന്നു. അപ്പ പുറത്ത്‌ പോയ തക്കം....അമ്മ പുരയിടത്തില്‍....തോക്ക്‌ ഞാന്‍ വീണ്ടും എടുത്തു. ചുറ്റുപാടുകള്‍ നോക്കി. എന്റെ കണ്ണും ദൃഷ്ടിയില്‍ ഒറ്റ ഇരയില്ല. കഷ്ടം തന്നെ... തോക്കുമായി തിരിച്ച്‌ നടന്നപ്പ്പോള്‍ തന്റെ കണ്ണുകളെ വിശ്വസിക്കാന്‍ കഴിഞ്ഞില്ല. അക്കരെയുള്ള പൊട്ടന്‍ [ചെവിയും കേള്‍ക്കില്ല, വര്‍ത്തമാനവും പറയില്ല] അന്‍പത്തിയഞ്ചിനു മുകളില്‍ പ്രായം....പാലു മേടിക്കാന്‍ പാത്രവും കൊണ്ട്‌ വീടിന്റെ പുറകില്‍ കൂടി കടന്ന് വരുന്ന നയന മനോഹരമായ കാഴ്ച്ച. പൊട്ടന്റെ കൈയില്‍ ഇരിക്കുന്ന പാത്രമാണു ലക്ഷ്യം. തോക്ക്‌ ജനല്‍പ്പടിയില്‍ ഉറപ്പിച്ച്‌....പൊട്ടന്റെ ചന്തിക്ക്‌ ലക്ഷ്യം വെച്ചു....[പൂവന്‍കോഴിക്ക്‌ ലക്ഷ്യം വെച്ചപ്പോള്‍ പിടകോഴി വീണു...ആയതിനാല്‍ പാഠങ്ങള്‍ പഠിച്ച്‌, തെറ്റുകള്‍ തിരുത്തി മുന്നേറാന്‍ തീരുമാനിച്ചു] സകല ദൈവങ്ങളെയും മനസ്സില്‍ ധ്യാനിച്ച്‌!!! ഠേ!!! വെടി കേട്ടതും, പൊട്ടന്‍ ചന്തിയും പൊത്തി ഉരുണ്ട്‌ വീണത്‌ ഇന്‍ഡ്യന്‍ സമയവും, അമേരിക്കന്‍ സമയവും സേം, സേം. ദൈവമേ!!! ഇതാ കൃത്യമായി താന്‍ വെടി പൊട്ടിച്ചിരിക്കുന്നു. ഒട്ടും സമയം പാഴാക്കാതെ താന്‍ തോക്ക്‌ കൃത്യ സ്ഥലത്ത്‌ വീണ്ടും പ്രതിഷ്ഠിച്ച്‌ കക്കൂസ്സ്‌ ലക്ഷ്യമാക്കി ഓടി. പൊട്ടന്‍ പോകുന്നത്‌ വരെ കക്കൂസ്സില്‍ താനിരുന്നു. അമ്മയോട്‌ പൊട്ടന്‍ അബ്യ, അബ്ബ്യാ , ബേ എന്നൊക്കെ ചന്തിയില്‍ പിടിച്ച്‌ “ഈസ്‌റ്റ്‌ ജര്‍മ്മനിയിലാണോ”, “വെസ്‌റ്റ്‌ ജര്‍മ്മനിയിലാണോ” വെടി കൊണ്ടതെന്നറിയാതെ എന്തൊക്കെയോ ബ്യ ബ്യാ പറഞ്ഞു കരഞ്ഞപ്പോള്‍, “പൊട്ടന്‍ ആട്ടം കണ്ടത്‌ പോലെ”, അമ്മ നിന്നു പോയി. ഈ കാഴ്ച്ചകള്‍ ബാത്ത്രൂമിലെ വെന്റിലേഷനില്‍ കൂടി എത്തി വലിഞ്ഞ്‌ നോക്കി കൊണ്ടിരുന്ന എനിക്ക്‌ അയ്യേ!!! അയ്യേ!!! വൃത്തിക്കെട്ടവന്‍...തനിക്ക്‌ അമ്മയും, പെങ്ങളുമില്ലേടോയെന്ന് ചോദിക്കണമെന്ന് കരുതിയെങ്കിലും സാഹശ്ചര്യം എന്നെ അതിനു അനുവദിച്ചില്ല. പൊട്ടനായത്‌ എന്റെ ഭാഗ്യം. കാര്യങ്ങള്‍ ആര്‍ക്കും പിടി കിട്ടിയില്ല.

പിന്നീട്‌ പല പരീക്ഷണങ്ങളും ഞാന്‍ തോക്ക്‌ വെച്ച്‌ നടത്തിയിട്ടുണ്ടെങ്കിലും, അത്‌ ഒന്നും ആരും അറിഞ്ഞിരുന്നില്ല. സത്യത്തില്‍ ഞാന്‍ പ്രശസ്തി ആഗ്രഹിച്ചിരുന്നില്ല. പക്ഷെ ഒരു കാര്യം പരമ സത്യം:-...”ലക്ഷ്യ സ്ഥാനത്ത്‌ വെടി കൊണ്ടാല്‍ കക്കൂസ്സില്‍ പോകാന്‍ തോന്നുമെന്ന സത്യം” അഭിനവിനെ പോലെ ഞാനെത്രയോ വര്‍ഷം മുന്‍പേ കണ്ട്‌ പിടിച്ചിരുന്നു.

പക്ഷെ എനിക്ക്‌ കൃത്യമായ കോച്ചിംഗ്‌ ഉണ്ടായിരുന്നെങ്കില്‍... പണ്ടെ, ഇന്‍ഡ്യയിലേക്ക്‌, എന്റെ പൊടിയാടിയിലേക്ക്‌ ഞാന്‍ ഒരു സ്വര്‍ണ്ണം നേടിയേനെ. ആ ചന്തിയില്‍ വെടി കൊണ്ട പൊട്ടനാണ സത്യം....

Monday 1 September 2008

അവധിക്കാല ഓര്‍മ്മകള്‍ [ഫാസ്റ്റ്‌ ഫുഡ്‌ റെസിപ്പി ഈ ലക്കത്തോടൊപ്പം ഫ്രീ]

വോട്ടര്‍ പട്ടികയില്‍ 18 തികയാത്ത ഭൂരിഭാഗം കുഞ്ഞ്‌ കുട്ടി പരാധീനങ്ങളും, ജാതി മത ഭേദമില്ലാതെ, ലിംഗ വ്യത്യാസമില്ലാതെ ഞങ്ങളുടെ കുട്ടി ഗ്യാങ്ങില്‍ അംഗങ്ങളായിരുന്നു. ശനിയാഴ്ച്ചകളിലും, ഓണാവധി, ക്രിസ്തുമസ്സ്‌ അവധി, വലിയ അവധി ദിവസങ്ങളില്‍ എല്ലാം ഞങ്ങള്‍ രാവിലെ മുതല്‍ ഒരുമിച്ചു കൂടും. എന്റെ അപ്പച്ചന്‍ ഒരു ഓട്‌ ഫാക്ടറി സ്ഥാപിച്ചിരുന്നു. എന്നാല്‍ എന്റെ ജനനത്തോടെ ആ ഓട്‌ ഫാക്ടറി ചരിത്രത്തിന്റെ ഭാഗമായി. ഈ ചരിത്ര സ്മാരകമായിരുന്നു ഞങ്ങളുടെ വിഹാര കേന്ദ്രം. കൂടാതെ വിശപ്പടിക്കുമ്പോള്‍ അപ്പ പറമ്പില്‍ വെച്ച്‌ പിടിപ്പിച്ചിരിക്കുന്ന ചാമ്പ, മാവ്‌, പേര, ലോലോലി [ഗ്ലോവിക്ക], ജാതി മുതലായ ഫല വൃക്ഷങ്ങളില്‍ കയറി കായ കനികള്‍ ഭക്ഷിച്ചും, അവയില്‍ ഫാസ്റ്റ്‌ ഫുഡുകള്‍ [അവയില്‍ ചിലതിന്റെ റെസിപ്പി ഈ ലക്കത്തോടൊപ്പം ഫ്രീ.]പരീക്ഷിച്ചും ഞങ്ങള്‍ അവധിക്കാലം അടിച്ചു പൊളിച്ചിരുന്നു.

സെവന്റീസ്‌, കപടി, ഇട്ടൂലി-കുത്തൂലി, സാറ്റ്‌, ചീട്ടില്‍ കഴുത കളി, അക്ക്‌ കളി മുതലായവകളായിരുന്നു ഞങ്ങളുടെ പ്രധാന ഇനങ്ങള്‍. ഇതില്‍ കപടി കളി എനിക്ക്‌ വലിയ താത്‌പര്യമില്ലായിരുന്നു. കാരണം കപടി, കപടി എന്ന് വിളിച്ച്‌ കൂവി പോകുന്ന ഞാന്‍ അല്‍പ സമയത്തിനുള്ളില്‍ എതിര്‍ പക്ഷക്കാരന്റെ തോളത്ത്‌ ഇരുന്നായിരിക്കും കപടി കപടിയെന്ന് പറയുന്നത്‌. ചീട്ടിലെ കഴുത കളി എനിക്ക്‌ ഇഷ്ടപ്പെട്ട ഇനമായിരുന്നു. കാരണം കൂട്ടത്തില്‍ ഉള്ള ഒരു പെണ്‍ക്കുട്ടി ആസ്ഥാന കഴുത ആയിരുന്നു. പിന്നെ സെവന്റീസ്‌... ഒതുക്കത്തില്‍ ഏറു കൊള്ളാതെ അക്ക്‌ അടുക്കി വെച്ച്‌ സെവന്റീസ്‌ എന്ന് വിളിക്കാന്‍ ഞാനും, ചേച്ചിയും വിരുതരായിരുന്നു. എന്നാല്‍ കൂട്ടത്തില്‍ ചിലരുടെ ഏറു പിടിച്ച്‌, 'വഴിയെ പോകുന്ന ചാവാലി പട്ടിക്ക്‌' ഏറു കിട്ടിയ കണക്കെ കരഞ്ഞിട്ടുണ്ടെന്നതും പരമ സത്യം. എന്നിരുന്നാലും ഇതില്‍ ഒന്നും ആര്‍ക്കും പരാതികളുമില്ലായിരുന്നു താനും.

അങ്ങനെ വീണ്ടും ഒരു ഓണാവധി വന്നു. ഞങ്ങള്‍ പതിവു പോലെ ഒന്നിച്ചു കൂടി. ഓണാവധിക്ക്‌ ഊഞ്ഞാലാട്ട മത്സരം ഒരു പ്രധാന ഇനമായിരുന്നു. എന്റെ ചേച്ചിക്ക്‌ ഊഞ്ഞാലില്‍ നിന്നും, ഇരുന്നും ആടാന്‍ ഒട്ടും പേടിയില്ല. ഊഞ്ഞാലാട്ടത്തില്‍ ആദ്യ കുറച്ച്‌ സമയം ഒരാള്‍ ആട്ടി തരും. ഊഞ്ഞാലില്‍ ഒരാള്‍ നില്‍ക്കുകയും, മറ്റൊരാള്‍ ഇരുന്നുമാണു ആടുന്നത്‌. ചേച്ചിയുടെ കൂടെയാടാന്‍ എനിക്ക്‌ തീരെ സ്റ്റാമിന ഇല്ല. എന്നാലും ചേച്ചി, മത്സരം വരുമ്പോള്‍ എന്നെയായിരിക്കും തിരഞ്ഞെടുക്കുക. അങ്ങനെ ഞാനും ചേച്ചിയും ആട്ടം തുടങ്ങി. കാണികള്‍ പ്രോത്സാഹിപ്പിക്കുമ്പോള്‍ ചേച്ചി ആട്ടത്തിനു സ്പീഡ്‌ കൂട്ടി. ഞാന്‍ കയറില്‍ മുറുക്കി പിടിച്ച്‌ പ്രാണരക്ഷാര്‍ത്ഥം കൂവുകയല്ലാതെ സ്പീഡ്‌ കൂട്ടാന്‍ വേണ്ടി ആക്സ്‌ലേറ്ററില്‍ കാലു കൊടുക്കാറെയില്ല. അങ്ങനെ ഞാനും ചേച്ചിയും ഏതാണ്ട്‌ ഊഞ്ഞാലു കെട്ടിയ മാവിന്റെ മുകളില്‍ വരെ എത്താറായി കാണും...എന്ത്‌ പറ്റിയെന്ന് ഇപ്പോഴും എനിക്കറിയില്ല....ഏകദേശം 50 മീറ്റര്‍ അകലത്ത്‌ നിന്നാണു ഞങ്ങള്‍ എഴുന്നേറ്റ്‌ വന്നതെന്ന് മാത്രം എനിക്കറിയാം. എപ്പോളായിരുന്നു ആ ക്രാഷ്‌ ലാന്‍ഡിംഗ്‌ എന്ന് ഒരു ഊഹവുമില്ല. കാണികള്‍ കൂടുതലായതിനാല്‍ കരയാനും, പിഴിയാനും നില്‍ക്കാതെ വേഗം ചന്തിയിലെ പൊടിയും തൂത്ത്‌ അടുത്ത മത്സരാര്‍ത്ഥികളെ കയറ്റി ഊഞ്ഞാലില്‍ ഇരുത്തി, വൈകിട്ട്‌ വീട്ടില്‍ വന്ന് അയഡക്സ്‌ പുരട്ടി ആവി പുരട്ടി ആശ്വസിച്ചു. അതില്‍ പിന്നിട്‌ ഞാനിന്നു വരെ ചേച്ചിയുടെ കൂടെ ഊഞ്ഞാലില്‍ കയറിയിട്ടില്ല.

പിന്നെ ഞങ്ങളുടെ പ്രധാന വിനോദം സാറ്റ്‌ കളിയായിരുന്നു. ഓട്‌ ഫാക്‍ടറി വിശാലമായിരുന്നതിനാല്‍ ഒളിച്ചിരിക്കാന്‍ ഒരു പാട്‌ സ്ഥലങ്ങള്‍ ഉണ്ടായിരുന്നു. ഞങ്ങള്‍ പതിവു പോലെ സാറ്റ്‌ കളി തുടങ്ങി. ചേച്ചിയാണു എണ്ണുന്നത്‌. ചേച്ചി എണ്ണി തീര്‍ന്നതും 'പൊത്തോ' എന്നൊരു ശബ്ദം കേട്ടതും ഒരുമിച്ചായിരുന്നു. ചേച്ചി കണ്ണു തുറന്ന് നോക്കിയപ്പോള്‍, ഒരാള്‍ പാത്തിരുന്നത്‌ ഓട്‌ ഉണക്കാന്‍ വെയ്ക്കുന്ന ഷെല്‍ഫിന്റെ മുകളിലായിരുന്നു. കാല പഴക്കത്തില്‍ ആ ഷെല്‍ഫ്‌ ചിതല്‍ അരിച്ചിരുന്നതിനാല്‍, ഒളിച്ചിരുന്ന ഞങ്ങളുടെ സുഹൃത്തും, കഴുക്കോലും, പട്ടികയും സഹിതം താഴേക്കു വീണ ശബ്ദമാണു എക്കോ പൊലും ഇല്ലാതെ ആ പൊത്തോയെന്ന് കേട്ടത്‌. ചേച്ചിക്ക്‌ ഈ കാഴ്ച്ച നന്നായി ബോധിച്ചു. ആയതിനാല്‍ ചേച്ചി പരിസരം മറന്ന് ചിരിച്ചു. നമ്മുടെ സുഹൃത്ത്‌ വിടുമോ??? ഞങ്ങള്‍ ഊഞ്ഞാലില്‍ നിന്നും താഴെ വീണു എഴുന്നേറ്റതിലും സ്പീഡില്‍ അവന്‍ എഴുന്നേറ്റ്‌ അന്തസ്സായി പോയി സാറ്റ്‌ വെച്ചിട്ട്‌ ചേച്ചിയോട്‌ പറഞ്ഞു, "അതേ ഞാന്‍ വേഗം സാറ്റ്‌ വെക്കാന്‍ വേണ്ടി വന്നതാണെന്ന്". ശൂന്യാകാശത്ത്‌ നിന്നേ!!! വേഗം സാറ്റ്‌ വെയ്ക്കാന്‍ വന്നതാണത്രേ!!! ഇതു കേട്ടതും ചേച്ചി പിന്നെയും ചിരിച്ചു.

പിന്നെ ഞങ്ങളുടെ വീടിന്റെ അടുത്തുള്ള ഒരു പെണ്‍ക്കുട്ടി എണ്ണാന്‍ തുടങ്ങി. കക്ഷി ഭയങ്കര പേടിച്ചു തൂറിയാണു. ആയതിനാല്‍ ഞങ്ങള്‍ അത്‌ മുതലാക്കി, കൂട്ടുകാര്‍ ഒന്നടങ്കം ഇഷ്ടിക ചൂളയില്‍ കയറി ഒളിച്ചു. ഇഷ്ടിക ചൂളയ്ക്കകത്ത്‌ കുറ്റാകുറ്റ്‌ ഇരുട്ട്‌. പിന്നെ കൂട്ടുകാരുടെ ധൈര്യത്തിലാണു നമ്മള്‍ ഈ സാഹസത്തിനൊക്കെ മുതിരുന്നത്‌. അങ്ങനെ ഞങ്ങള്‍ കയറി ഒളിച്ച്‌, മണിക്കൂറുകള്‍ കഴിഞ്ഞിട്ടും, ഞങ്ങളുടെ സുഹൃത്ത്‌ ചൂളയുടെ ഏഴ്‌ അയലത്ത്‌ പോലും വരുന്നില്ല. എല്ലാവര്‍ക്കും വിശപ്പടിക്കാന്‍ തുടങ്ങി. ചിലരുടെ കുടലു കരിഞ്ഞ മണവും, ചൂളയിലെ മണവും, ആവിയും എല്ലാം കാരണം അതിലെ ഏറെ നേരത്തെ ഇരുപ്പ്‌ ദുസഹമായതിനെ തുടര്‍ന്ന് ഞങ്ങള്‍ ഓരോരുത്തരായി പോയി സാറ്റ്‌ വെച്ചു. എല്ലാവരും സാറ്റ്‌ വെച്ചിട്ടും, ഞങ്ങളെ കണ്ടു പിടിക്കേണ്ടിയ ആളിനെ കാണുന്നില്ല. പിന്നെ ഞങ്ങളെല്ലാവരും കൂടി പുള്ളിക്കാരിയെ കണ്ടു പിടിക്കാനുള്ള തിരച്ചിലായി. ഇതിനിടയില്‍ ആരോ ഒരാള്‍ പുള്ളിക്കാരിയുടെ വീട്ടിലേക്ക്‌ കുതിച്ചു. വീട്ടില്‍ ചെന്നപ്പോള്‍ കണ്ടത്‌.....പുള്ളിക്കാരി ഞങ്ങളെയെല്ലാം ഒളിപ്പിച്ചിരുത്തിയിട്ട്‌, വിശാലമായി ഊണും കഴിഞ്ഞ്‌ ഏമ്പക്കവും വിട്ട്‌ കൈ കഴുകാനായി കിണറ്റ്‌ കരയിലേക്ക്‌ വരുന്ന അത്യപൂര്‍വ്വ കാഴ്ച്ച. പട്ടിണിക്ക്‌ തങ്ങളെയിരുത്തി ഭക്ഷണം കഴിച്ച ആ ദേഷ്യത്തില്‍, അന്വേഷണത്തിനിറങ്ങി പുറപ്പെട്ട സുഹൃത്ത്‌ അല്‍പം ‘അന്യ ഭാഷ’ പറഞ്ഞ്‌, 4.00 മണിക്ക്‌ വീണ്ടും കൂടാമെന്ന് പറഞ്ഞ്‌ പിരിഞ്ഞു.

അങ്ങനെ ഞങ്ങള്‍ എല്ലാവരും 4.00 മണിയോടെ ഓട്ടാഫീസില്‍ തന്നെ ഒത്ത്‌ കൂടി. കാപ്പി കുടി ഒക്കെ കഴിഞ്ഞ്‌ വന്ന കാരണം സെവന്റീസ്‌ കളിക്കാന്‍ തീരുമാനിച്ചു. അങ്ങനെ കളി തുടങ്ങി. 1-2 സെറ്റ്‌ കഴിഞ്ഞപ്പോഴെക്കും ഒരു കൂട്ടുകാരിക്ക്‌ രണ്ടിനു പോകാന്‍ ഉള്ള ഒരു വിളി. ആ വിളി അവള്‍ തുറന്ന് പറഞ്ഞപ്പോള്‍, കളി താത്ക്കാലികമായി നിര്‍ത്തിയതും, കൂട്ടുകാരി അടുത്ത പറമ്പിനെ ലക്ഷ്യമാക്കി ഓടി. ഞങ്ങള്‍ പിന്നീട്‌ കൊച്ച്‌ വര്‍ത്തമാനങ്ങളൊക്കെ പറഞ്ഞങ്ങനെ നിന്നു. അല്‍പം കഴിഞ്ഞപ്പോള്‍ രണ്ടിനു പോയ കൂട്ടുകാരി നനഞ്ഞ്‌ ഈറനായി അവിടേക്ക്‌ വന്നു. ഇത്‌ എന്ത്‌ പറ്റി? നീ കുളിച്ചോ? [ഓട്ടാഫീസിന്റെ പുറകില്‍ കൂടിയാണു വിശാലമായ പമ്പ നദി]. പുള്ളിക്കാരി ചമ്മലോടെ പറഞ്ഞു, " അതേയ്‌ ഞാന്‍ കാര്യം സാധിച്ചു കൊണ്ടിരുന്നപ്പോള്‍, എന്തോ ഒരു സാധനം എന്റെ ദേഹത്തേക്ക്‌ വന്ന് വീണു. അത്‌ ദേഹത്തേക്ക്‌ വീണ അതേ നിമിഷത്തില്‍ എന്റെ ബാലന്‍സ്‌ തെറ്റി ഞാന്‍ 'അതിലേക്ക്‌' തന്നെ വീണു. സത്യം പറഞ്ഞാല്‍ ഞാന്‍ കരുതിയതെന്താന്നോ....നിങ്ങള്‍ ആരോ എന്നെ കണ്ടു..എന്നിട്ട്‌ എന്നെ സെവന്റീസിന്റെ പന്ത്‌ എടുത്ത്‌ എറിഞ്ഞതാണെന്ന്? ഉരുണ്ട്‌ പിരണ്ട്‌ എഴുന്നേറ്റ്‌ നോക്കിയപ്പോളാ മനസ്സിലായത്‌ തെങ്ങില്‍ നിന്നും വീണ ഒരു വെള്ളയ്ക്കാ ആയിരുന്നതെന്ന്.... പിന്നെ പോയി ദേഹം കഴുകി. ഉടുപ്പിലൊക്കെ പറ്റിയ കാരണം പിന്നെ ഉടുപ്പും, പാവാടയും കഴുകി...അങ്ങനെ ആകെ നനഞ്ഞു. ഏതായാലും പറ്റിയത്‌ പറ്റി. ഇനി നിങ്ങളായിട്ട്‌ എന്നെ നാറ്റിക്കരുതേ" യെന്ന് അഭ്യര്‍ത്ഥിച്ചതും ഇതില്‍ കൂടുതല്‍ ഞങ്ങളെന്ത്‌ നാറ്റിക്കാനാ...തന്നെതാന്‍ നാറ്റിച്ചിട്ടല്ലേ വന്നത്‌ എന്ന് മറ്റൊരു കൂട്ടുകാരന്‍ പറഞ്ഞപ്പോളായിരിക്കും കൂട്ടുകാരി ചിന്തിച്ചത്‌, :- ദൈവമേ!!! ഞാന്‍ എന്തിനാ ഇത്ര സത്യസന്ധയായതെന്ന്??? ഏതായാലും ആ വീഴ്ച്ചയോടെ കൂട്ടുകാരിക്ക്‌ പുതിയ പേരായി-'മലം'ഞ്ചരക്ക്‌ [മലഞ്ചരക്ക്‌]. ഒപ്പം അവള്‍ വരുമ്പോള്‍ റ്റൈറ്റില്‍ സോങ്ങുമായി....മലയാറ്റൂര്‍ 'മലം' ഞ്ചെരുവിലെ പൊന്മാനേ....പെരിയാറില്‍ മീന്‍ പിടിക്കും പൊന്മാനേ!!!

കാലം കടന്നു പോയി. ഇന്ന് ഈ മലഞ്ചരക്ക്‌ യു.എസ്സില്‍ നേഴ്സാണു. പഴമ്പുരാണംസിന്റെ സ്ഥിരം വായനക്കാരിയുമാണു. കൂട്ടുകാരി, നമ്മുടെ പഴയ കാലങ്ങള്‍ എന്താടാ നീ ഇതു വരെ എഴുതാത്തതെന്ന് ചോദിച്ചപ്പോളതും ഞാന്‍ അങ്ങു പോസ്റ്റാക്കാന്‍ തീരുമാനിച്ചു. പക്ഷെ അത്‌ ഇങ്ങനെയാകുമെന്ന് ഒരിക്കലും അവള്‍ ഓര്‍ത്തിരിക്കില്ല്ല. സത്യസന്ധര്‍ക്ക്‌ വരുന്ന ഓരോ പ്രശനങ്ങളേ!!!!.


അവധിക്കാല ഫാസ്റ്റ്‌ ഫുഡ്‌ റെസിപ്പീസ്‌.

1. കാന്താരി വാളന്‍പുളി.
നല്ല വാളന്‍പുളി തോടോടു കൂടിയത്‌-ഒന്ന്
ഉപ്പ്‌ നീരു - ആവശ്യത്തിനു.
കാന്താരി മുളക്‌ പഴുത്തത്‌:- ഒന്ന്.

ഇനി വാളന്‍ പുളിയുടെ തോടിന്റെ ഒരു മൂലയ്ക്ക്‌ ചെറിയ ഒരു സൂചി കൊണ്ട്‌ ഒരു ദ്വാരം ഉണ്ടാക്കുക. പിന്നീട്‌ കാന്താരി ഞെരുടി ഉപ്പു നീരില്‍ ചാലിക്കുക. ഈ പുളി ഉപ്പ്‌ നീരില്‍ ഇട്ട്‌ വെയ്ക്കുക. കുറച്ച്‌ കഴിഞ്ഞ്‌ കഴിക്കുക.

2. മാങ്ങ മുള്‍കോഷ്യം.
ചനച്ച മാങ്ങാ:- 1
സവോള:- 1
വറ്റല്‍ മുളക്‌ പൊടി:- ആവശ്യതിനു.
ഉപ്പ്‌:- ആവശ്യത്തിനു.
വെളിച്ചെണ്ണ:- 2 സ്പൂണ്‍

ഇനി ചനച്ച മാങ്ങാ ചെറുതായി കൊത്തിയരിയുക. പിന്നീട്‌ സവോളയും അരിയുക. ഇനി ഉപ്പും, മുളകുപൊടിയും വിതറി 2 സ്പൂണ്‍ വെളിച്ചെണ്ണയും കൂടി കൂട്ടി ഇളക്കി 2 മിനിട്ട്‌ കഴിഞ്ഞ്‌ കഴിക്കുക.

3. പേരയ്ക്ക, ചാമ്പയ്ക്ക, ലോലോലി [ഗ്ലോവിക്ക] [സീസണ്‍ അനുസരിച്ച്‌] മിക്സ്‌ മസാല.
പേരയ്ക്ക- 1
ഉപ്പ്‌ നീരു:- ആവശ്യത്തിനു.
മുളക്‌ പൊടി:- ആവശ്യത്തിനു.
കായ പൊടി:- അല്‍പം.

ഇനി പേരയ്ക്ക 8 ചെറിയ കഷ്ണമായി മുറിക്കുക. മുളകും, ഉപ്പ്‌ നീരും, കായ പൊടിയും ചേര്‍ത്ത്‌ ഇളക്കി അല്‍പം കഴിഞ്ഞു കഴിക്കുക.

Friday 15 August 2008

ഷൂട്ടിംങ്ങ്‌ തമാശകള്‍

പണ്ടേ എനിക്ക്‌ പരീക്ഷകള്‍ ഇഷ്ടമല്ല. പരീക്ഷ എന്ന് കേള്‍ക്കുമ്പോള്‍ എനിക്ക്‌ പ്രശനങ്ങള്‍ ഒന്നുമില്ല. പക്ഷെ പരീക്ഷയുടെ തലേന്ന് പഠിക്കാനുള്ള സിലിബസ്സ്‌ കാണുമ്പോള്‍ തന്നെ എനിക്ക്‌ വയറിളക്കം തുടങ്ങും. അത്‌ കഴിഞ്ഞ്‌ തലവേദന..പിന്നെ പഠിക്കാന്‍ തുടങ്ങുമ്പോള്‍ ഇല്ലാത്ത അസുഖം മുഴുവന്‍ തുടങ്ങും. രാത്രിയാകുമ്പോള്‍ ഞാന്‍ മലമ്പനി പിടിച്ചവനെ പോലെ പനി കൂടി വിറയ്ക്കാന്‍ തുടങ്ങും. അതെങ്ങനാ...സത്യകൃസ്ത്യാനിയായ ഞാന്‍ ചെറുപ്പം മുതലെ “പരീക്ഷയില്‍ എന്നെ പ്രവേശിപ്പിക്കരുതേ” എന്ന് ദിനവും പ്രാര്‍ത്ഥിച്ചിട്ട്‌ അവസാനം ഈ തോന്ന്യാസത്തിനു പോകുമ്പോള്‍ ഉണ്ടാകുന്ന ഈശ്വര കോപമായി ഞാന്‍ ഈ പ്രക്രിയയെ കരുതി പോന്നു. പിന്നെ ആ ഒറ്റ രാത്രി കൊണ്ട്‌ 3 മാസം കൊണ്ട്‌ ടീച്ചറന്മാര്‍ പാടുപെട്ട്‌ പഠിപ്പിച്ച വിഷയങ്ങള്‍ മൊത്തം പഠിച്ച്‌ തീര്‍ക്കും. നമ്മുടെ സെറിബ്രം താങ്ങുന്നത്‌ താങ്ങും. അല്ലാത്തത്‌ നമ്മള്‍ ചുമ്മാ അങ്ങ്‌ വിടും. അന്‍പതില്‍ പതിനെട്ടാണു എന്റെ ലക്ഷ്യം. തീരെ നിര്‍വ്വാഹമില്ലാതെ വന്നാല്‍ പതിനേഴരയും ഓ.കെ. ആര്‍ത്തിയോ, അഹങ്കാരമോ പണ്ട്‌ മുതലേ ഇല്ലായിരുന്നുവെന്ന് സാരം. അങ്ങനെ ഞാന്‍ എട്ടാം ക്ലാസ്സില്‍ പഠിക്കുമ്പോള്‍ എന്റെ മുന്‍പില്‍ വീണ്ടും പഴയത്‌ പോലെ ഓണ പരീക്ഷ കടന്നു വന്നു. ഇക്കുറി പനി ഇശ്ശി വലുതായി തന്നെ വന്നു. ഹൈസ്ക്കൂളില്‍ കയറിയിട്ട്‌ തോറ്റാല്‍ അത്‌ അതിലും വലിയ മാനക്കേട്‌. പത്താം ക്ലാസ്സില്‍ ഇതിന്റെ ഒക്കെ മാര്‍ക്കും വരും..ഹോ..അങ്ങനെ വലിയ ഭാരത്തോടെയാണു എട്ടിലെ പരീക്ഷ വന്നത്‌.

പരീക്ഷകള്‍ ഒന്ന് ഒന്നായി കടന്നു പോയി. ഹിസ്റ്ററി പരീക്ഷയില്‍ ചെറിയ ചെറിയ കുറിപ്പുകളും കൊണ്ടാണു പരീക്ഷയ്ക്ക്‌ പോകുന്നത്‌. അതെങ്ങനാ ഒടുക്കത്തെ യുദ്ധവും, ഭരണ പരിഷ്ക്കാരങ്ങളും ഒക്കെയല്ലെ നടത്തി വെച്ചിരിക്കുന്നത്‌. നമ്മുടെ സ്വന്തം ജന്മദിനം കാണാതെയറിയാത്ത നമ്മളാ അക്ബറിന്റെയും, ഷാജഹാന്റെയും ജന്മദിനം ഓര്‍ക്കാന്‍ പോകുന്നത്‌. അത്‌ കൊണ്ട്‌ ഇവയെല്ലാം ചെറിയ കുറിപ്പുകളാക്കി അവയുടെ സഹായത്താല്‍ പരീക്ഷയെഴുതുക. പിന്നെ പൊലിപ്പും, തൊങ്ങലും ചേര്‍ത്ത്‌ യുദ്ധ കഥകള്‍ എഴുതുക, ഭരണ പരിഷ്ക്കാരങ്ങള്‍ എഴുതുക.. അല്‍പം നീട്ടി വലിച്ച്‌ എഴുതിയാല്‍ മിക്കതും സാറന്മാരൊന്നും വായിക്കാത്തതു കൊണ്ട്‌ ഹിസ്റ്ററി പരീക്ഷയില്‍ നമ്മള്‍ക്ക്‌ ഇരുപതില്‍ കുറയാതെ മാര്‍ക്കു കിട്ടും. [അഥവാ ഇവരൊക്കെ ഞാന്‍ അന്ന് എഴുതി പിടിപ്പിച്ചിരുന്നത്‌ വായിച്ചിരുന്നെങ്കില്‍ ഇന്ന് ഏഴാം ക്ലാസ്സിലെ പാഠപുസ്തകത്തിന്റെ പേരില്‍ നടക്കുന്നതു പോലെയുള്ള രക്ത ചൊരിച്ചിലുകള്‍ നടന്നേനെ. കൂടാതെ ഞാന്‍ ചിലപ്പോള്‍ ഹിസ്റ്ററിയും ആയേനെ.] ഹിസ്റ്ററികള്‍ പഠിച്ചിട്ടും, കോപ്പിയടിച്ചിട്ടും എനിക്ക്‌ ഇന്നേ വരെ മനസ്സിലാക്കാത്ത ഒരു കാര്യമുണ്ട്‌- അതെന്താണെന്നോ? മോഹിഞ്ചദാരോ ആരപ്പാ??? ഞാന്‍ ഈ ചോദ്യം എന്റെ അപ്പയോടു ഒരിക്കല്‍ ചോദിച്ചപ്പോള്‍ അപ്പയും ആ ചോദ്യം തിരിച്ചു ചോദിച്ചു..മോഹിഞ്ചദാരോ ആരപ്പാ?? ആ ആര്‍ക്കറിയാം??? ആരെങ്കിലും ആകട്ടെ. ഇനി ഇപ്പോള്‍ അറിഞ്ഞിട്ട്‌ ഒരു പ്രയോജനവും ഇല്ല. അതല്ലല്ലോ നമ്മുടെ വിഷയവും....

അങ്ങനെ ഹിസ്റ്ററി പരീക്ഷയും എഴുതി പുറത്ത്‌ വന്നപ്പോളാണു മറ്റൊരു വാര്‍ത്ത ഞങ്ങളുടെ ചെവിയില്‍ എത്തിയതു. നമ്മുടെ വീടിന്റെ അക്കരയില്‍, [പുളിക്കീഴ്‌], ‘കരിമ്പിന്‍പൂവിനക്കരെ’ എന്ന സിനിമയുടെ ഷൂട്ടിംങ്ങ്‌ നടക്കുന്നു. നാളെ ജോഗ്രഫി പരീക്ഷ. ജോഗ്രഫി പരീക്ഷ ഇനിയും വരും. പക്ഷെ ഷൂട്ടിംങ്ങ്‌...നമ്മള്‍ ഷൂട്ടിങ്ങിനെ പറ്റി നാനായില്‍ കൂടി വായിച്ചറിഞ്ഞിട്ടേയുള്ളു. ആദ്യമായിട്ടാണു എന്റെ അറിവില്‍ ഞങ്ങളുടെ ഗ്രാമത്തില്‍ ഷൂട്ടിംങ്ങ്‌ വരുന്നത്‌. പിന്നെ ഒട്ടും ചിന്തിച്ചില്ല. പൊടിയാടിയില്‍ ബസ്സിറങ്ങാതെ കൂട്ടുകാര്‍ക്കൊപ്പം പുളിക്കീഴില്‍ ബസ്സിറങ്ങി. അങ്ങനെ ഞങ്ങള്‍ ഷൂട്ടിംഗ്‌ സ്ഥലത്തെത്തി. പക്ഷെ അവിടെ മൊട്ടുസൂചി കുത്താന്‍ സ്ഥലമില്ല. പണ്ടേ നുഴഞ്ഞ്‌ കയറ്റത്തില്‍ എക്സ്‌പേര്‍ട്ടായ ഞാന്‍ ഒരു നിമിഷം കൊണ്ട്‌ ഷൂട്ടിങ്ങുകാര്‍ തീര്‍ത്ത വേലിക്കരികിലെത്തി.ചുറ്റുപാടുകള്‍ സൂക്ഷിച്ച്‌ നോക്കിയപ്പോള്‍ ദേ നില്‍ക്കുന്നു നമ്മുടെ ഉര്‍വ്വശി ചേച്ചി. അച്ചുവിന്റെ അമ്മയില്‍ അഭിനയിച്ച പ്രായം ചെന്ന ഉര്‍വ്വശിയല്ല ഇത്‌. മുന്താണെ മുടിച്ചു എന്ന ചിത്രത്തില്‍ നടിച്ച ഗ്ലാമര്‍ നടി. ഞാന്‍ ഒരു ചിരി ഉര്‍വ്വശി ചേച്ചിക്ക്‌ നേരെ എറിഞ്ഞു. പക്ഷെ അതു എങ്ങാണ്ടേക്ക്‌ പോയി. വീണ്ടും വേലിയില്‍, നമ്മുടെ കോംപ്ലാന്‍ പരസ്യത്തിലെ, ‘തൂങ്ങും രാജുവിനെ’ പോലെ തൂങ്ങി കിടന്ന് ദൃശ്യങ്ങള്‍ നോക്കിയപ്പോള്‍ ഞങ്ങളുടെ നാട്ടില്‍ വള്ളത്തില്‍ മീന്‍ വില്‍ക്കുന്ന പാപ്പന്‍, കൈലി ഒക്കെ മടക്കി കുത്തി നിന്ന് നമ്മുടെ സ്വന്തം മമ്മൂക്കായോട്‌ കൂളായി വര്‍ത്തമാനം പറയുന്ന കാഴ്ച്ച കണ്ടു. ഇങ്ങേരു എങ്ങനെ ഇതിനകത്ത്‌ കയറി പറ്റി? പാപ്പനെങ്കില്‍ പാപ്പന്‍..കൂയ്യ്‌!!! പാപ്പോ എന്ന് വിളിച്ചാല്‍ പാപ്പന്‍ കരുതും പാപ്പനെ താന്‍ കളിയാക്കിയതാണെന്ന്..കാരണം പാപ്പന്റെ ട്രേഡ്‌ മാര്‍ക്കാണല്ലോ ഈ കൂയ്യ്‌!!! പിന്നെ ഇത്രയും ആള്‍ക്കൂട്ടത്തിന്റെ നടുക്ക്‌ വെച്ച്‌ ഇത്രയും പ്രായമായ ഇങ്ങേരെ എങ്ങനെ പാപ്പായെന്ന് വിളിക്കും. പാപ്പനങ്കിള്‍ എന്ന് വിളിക്കണോ....തല പുകഞ്ഞു നിന്നപ്പോള്‍ ആ വീടിന്റെ ഉടയവന്‍ [എന്റെ അപ്പയുടെ സുഹൃത്ത്‌] എന്നെ കണ്ടു. പിന്നെ ഒട്ടും താമസിച്ചില്ല ഞാന്‍ ഷൂട്ടിംഗ്‌ മുറ്റത്ത്‌. ഞാന്‍ വീടിന്റെ ഉടയവന്റെ കൈയില്‍ നിന്ന് ചാടി മമ്മൂക്ക നിന്ന സ്ഥലത്തേക്ക്‌ പാഞ്ഞു. അപ്പോഴും നമ്മുടെ പാപ്പന്‍ മമ്മൂക്കയുമായി ഭയങ്കര വര്‍ത്തമാനം. നമ്മളെ കണ്ടിട്ടും പാപ്പനു യാതൊരു മൈന്‍ഡും ഇല്ല. ലാലേട്ടന്‍ ദേണ്ട്‌ ആരും മിണ്ടാനും പറയാനും ഇല്ലാതെയിരിക്കുന്നു. ഞാന്‍ ഒരു കോളിനോസ്‌ പുഞ്ചിരി ഒക്കെ പൊഴിച്ച്‌ ലാലേട്ടന്റെ അടുത്തു കൂടി ഒന്ന് റാകി പറന്നു. അത്‌ ക്ലിക്ക്‌ ചെയ്തു.. ലാലേട്ടന്‍ എന്നെ വിളിച്ചു. എന്റെ പേരും, നാളും, വീടും ഒക്കെ തിരക്കി. എനിക്ക്‌ വലുതാകുമ്പോള്‍ ആരാകെണമെന്ന് ഒരു ചോദ്യം കൂടി ലാലേട്ടന്‍ ചോദിച്ചു... കിട്ടുന്ന മാര്‍ക്ക്‌ പതിനെട്ടും, പതിനേഴരയാണെങ്കിലും..ഡോക്ടര്‍ എന്ന് ഒട്ടും ശങ്കിക്കാതെ പറഞ്ഞപ്പോള്‍ എനിക്ക്‌ എന്നോട്‌ തന്നെ മതിപ്പ്‌ തോന്നി. ‘ഐ.വി.ശശി’, സീമ ചേച്ചി, ‘ഭരത്‌ ഗോപി’, സുകുമാരി ചേച്ചി, മീന ചേച്ചി ഇവരൊക്കെ അങ്ങോട്ടും ഇങ്ങോട്ടും നടക്കുന്നു. ഷൂട്ടിംഗ്‌ ഒരു വശത്ത്‌ നടക്കുന്നു. നമ്മള്‍ അതിനിടയില്‍ കൂടി അങ്ങോട്ടും ഇങ്ങോട്ടും നടന്ന് നാട്ടുക്കാരുടെ ഇടയില്‍ മിന്നും താരമായി മാറി സമയം പോയതറിഞ്ഞില്ല.

നേരം ഇരുട്ടിയ പാടെ, വീട്ടിലേക്ക്‌ വെച്ച്‌ പിടിച്ചു. വീടിന്റെ ഗേറ്റ്‌ എത്തിയപ്പോള്‍, സമയം ഏറെയായിട്ടും തന്നെ കാണാത്ത വിഷമത്തില്‍ ഗേറ്റിന്റെ അവിടെ അമ്മ നില്‍പ്പുണ്ട്‌. അമ്മ അല്‍പം ദേഷ്യപ്പെട്ടെങ്കിലും, എന്റെ സമയോചിതമായ പെരുമാറ്റവും, സംസാരാവും അമ്മയെ മയപ്പെടുത്തി. അമ്മയോടും, ചേച്ചിയോടു ഷൂട്ടിംഗ്‌ വിശേഷങ്ങള്‍ പറഞ്ഞു. വേഗന്നു കുളിച്ച്‌, ജോഗ്രഫി പഠിക്കാനിരുന്നപ്പോള്‍..പെട്ടെന്ന് ഒരു വയറു വേദന.. കടിച്ച്‌ പിടിച്ച്‌ ഇരുന്നിട്ടും കുറയുന്നില്ല. കക്കൂസ്സില്‍ പോയി. തിരിച്ച്‌ വന്ന് അല്‍പം കഴിഞ്ഞപ്പോള്‍ തലവേദന...അമ്മയോട്‌ പോയി പരാതി പറഞ്ഞു. എന്റെയല്ലേ അമ്മ...അമ്മയ്ക്ക്‌ ഞാന്‍ വാലു പൊക്കിയപ്പോളെ കാര്യം മനസ്സിലായി. വേണ്ട മോനെ..വേണ്ട മോനെ എന്ന് പറയുന്നതിനു മുന്‍പു വീണ്ടും പഠിക്കാനിരുന്നു. ജോഗ്രഫിയിലെ ‘ലോഞ്ചിറ്റ്യ്യൂടും, ലാറ്റിറ്റ്യ്യൂടും‘ എന്റെ പഠിക്കാനുള്ള ‘ആറ്റിറ്റ്യ്യൂടെ‘ കളഞ്ഞു. കുറേ നേരം പുസ്തകങ്ങള്‍ക്ക്‌ മുന്‍പില്‍ കുത്തിയിരുന്നെങ്കിലും തലയിലേക്ക്‌ ഒന്നും കയറിയില്ല. പിറ്റേന്ന് അമ്മയുടെ കൈയ്യില്‍ നിന്നും പത്ത്‌ രൂപാ എക്സ്ട്രാ വാങ്ങി. പരൂക്ഷ ഒരു പരുവത്തില്‍ എഴുതി ഒരു ഓട്ടോഗ്രാഫും വാങ്ങി നേരെ ഷൂട്ടിംഗ്‌ സ്ഥലത്തേക്ക്‌ പാഞ്ഞു.

അവിടെ ചെന്നപ്പോള്‍ ഇന്നലത്തേതിന്റെ ഇരട്ടി ആളുകള്‍, ഒപ്പം പോലീസുകാരും. തിരക്കു കാരണം ഒരു കൂട്ടം ചെറുപ്പക്കാര്‍ ആറ്റിറമ്പിന്റെ അടുത്തുള്ള പ്ലാവിലും സ്ഥാനം പിടിച്ചിട്ടുണ്ട്‌. സീമ ചേച്ചിയും, സുകുമാരി ചേച്ചിയും ആറ്റില്‍ നിന്ന് തുണി നനയ്ക്കുന്നു. ഏതായാലും തുണികള്‍ നനച്ച്‌ കഴിയുമ്പോള്‍ അവര്‍ കുളിക്കും. അത്‌ ലൈവായി കാണാനാണു ഇത്രയും ജനങ്ങള്‍ ഇവിടെ കൂടിയിരിക്കുന്നത്‌. ഷോട്ടുകള്‍ ഒരോന്നു കഴിയുമ്പോഴും സീമ ചേച്ചി കുളിക്ക്‌…., ഒത്തിരി നേരം തലയില്‍ എണ്ണയും പുരട്ടി ഇങ്ങനെ നിന്നാല്‍ പനി വരും... നേരം ഇരുട്ടി വരുന്നു….എന്നൊക്കെ അവളുടെ രാവുകള്‍ ഇരുപതില്‍ കൂടുതല്‍ പ്രാവശ്യം കണ്ടിട്ടുള്ള ഞങ്ങളുടെ നാട്ടിലെ സീമചേച്ചിയുടെ ആരാധകന്മാരായ ‘വിജയന്മാര്‍’ [നാടോടിക്കാറ്റ്‌ ഫേം] ഓര്‍മ്മിപ്പിച്ചു കൊണ്ടിരുന്നു. നാട്ടുകാര്‍ക്കു സീമയോടുള്ള സ്നേഹവും, കരുതലും ഒക്കെ കണ്ട്‌, കോള്‍മയിര്‍ കൊണ്ട്‌, ‘കണ്ണില്‍ ചോരയുള്ള ഐ.വി.ശശി’, സീമ ചേച്ചിക്ക്‌ കുളിക്കാനുള്ള നിര്‍ദ്ദേശങ്ങള്‍ കൊടുത്തതും അവിടെ ഉന്തും തള്ളും ആയി. പ്ലാവിന്റെ കൊമ്പുകള്‍ ആടി. ഏതായാലും സീമ ചേച്ചി കുളിക്കുന്നതിനു മുന്‍പ്‌, പ്ലാകൊമ്പ്‌ ഒടിഞ്ഞ്‌ സീമേച്ചിയെക്കാള്‍ മുന്‍പെ നാലഞ്ചു പേര്‍ വെള്ളത്തില്‍ വീണു. ഇവര്‍ വെള്ളത്തില്‍ വീണതും, സീമേച്ചിയും, സുകുമാരി ചേച്ചിയും പേടിച്ച്‌ കരയ്ക്ക്‌ കയറി. പിന്നെ ഉന്തും, തെള്ളും...പോലിസ്‌ ഇടപെട്ടു. അവസാനം ഞങ്ങളുടെ നാട്ടിലെ ചിലര്‍ സീമ ചേച്ചിയുടെ കുളി കാരണം 'രക്തസാക്ഷികളായി' അറസ്റ്റ്‌ വരിച്ചു. ഇങ്ങനെ പല സംഭവങ്ങളുമായി പരീക്ഷയും, ഷൂട്ടിങ്ങും തീര്‍ന്നു.

അവസാനം ജോഗ്രഫി പരീക്ഷ ഫലം വന്നപ്പോള്‍ ഭൂമി ഉരുണ്ടത്‌...മാര്‍ക്കും അതു പോലെ തന്നെ ഉരുണ്ടത്‌. ഇവരെന്നാ സയാമീസ്‌ ഇരട്ടകളോ ഇത്ര സാമ്യം വരാന്‍.. പിന്നെ അപ്പ ജോലി സംബന്ധമായി അന്ന് ദോഹയില്‍..അമ്മയുടെ ഒപ്പ്‌ കണ്ണടച്ച്‌ എനിക്ക്‌ ഇടാന്‍ അറിയാവുന്ന ഒറ്റ കാരണത്താല്‍ ഈ മൊട്ടയും അമ്മയുടെ ലിസ്റ്റില്‍പെട്ടില്ലായെന്ന് സാരം. ഈശ്വരോ രക്ഷതുഃ



"സീമ ചേച്ചി കക്ക വാരുന്ന ഒരു ഫോട്ടം".

കടപ്പാട്:- ഐ.വി.ശശിയോട് മാത്രം.

Friday 1 August 2008

ചിരിപ്പിക്കാനായി ഒരു ലണ്ടന്‍ യാത്ര.

ഇതു എന്റെ അനുഭവ കഥയല്ല. ഈ യാത്ര വിവരണം എന്റെ സുഹൃത്ത്‌ എന്നോട്‌ പറഞ്ഞപ്പോള്‍ ആദ്യം കരുതിയത്‌ ബി.ബി.സിയില്‍ കൊടുത്ത്‌ ലോകത്തെ മുഴുവന്‍ ഈ ലണ്ടന്‍ യാത്ര അറിയിക്കണമെന്നാണു. പിന്നീട്‌ ഇംഗ്ലീഷിന്റെ കാര്യത്തിലെ റിസ്ക്ക്‌ മാനിച്ച്‌ പി.ബി.സി [പഴമ്പുരാണംസ്‌ ബ്രോഡ്‌കാസ്റ്റ്‌ കോര്‍പ്പറേഷന്‍] തന്നെ മതിയെന്ന് തോന്നി. ആയതിനാല്‍ ഈ സഞ്ചാര കഥ നിങ്ങള്‍ക്കായി 'വെടിക്കേറ്റ്‌' ചെയ്യുന്നു.

എന്റെ സുഹൃത്ത്‌ എന്നും ഒരു ദേശാടനപക്ഷി ആയിരുന്നു. അര ദിവസം ഒഴിവ്‌ കിട്ടിയാല്‍ ഒരു ടൂര്‍. കേരളത്തില്‍ തങ്കമണി മുതല്‍ മുത്തങ്ങ വരെ, പ്ലാച്ചിമടയിലെ മയിലമ്മ മുതല്‍ അറ്റ്‌ലസ്‌ ജൂവലറിയിലെ രാമചന്ദ്രന്‍ ചേട്ടനെ വരെ ടിയാന്‍ നേരിട്ട്‌ കണ്ടിട്ടുണ്ട്‌. അവന്റെ കാല്‍ പാദത്തില്‍ മറുക്‌ ഉള്ളതിനാല്‍ അവനു അടങ്ങിയിരിക്കാന്‍ പറ്റില്ലായെന്ന് പെറ്റമ്മയുടെ സാക്ഷ്യം കൂടിയായപ്പോള്‍ അവനു ഊരു ചുറ്റനുള്ള ലൈസന്‍സായി. കേരളത്തിലെ സ്ഥലങ്ങള്‍ കവര്‍ ചെയ്തു കഴിഞ്ഞപ്പോള്‍, തന്റെ സന്ദര്‍ശനം അയല്‍ സംസ്ഥാനങ്ങളിലേക്ക്‌ വ്യാപിപ്പിച്ചു. പിന്നീട്‌ വിദേശ നാടുകളോടായി കമ്പം. ആയതിനാല്‍ കിട്ടുന്ന കൈക്കൂലി കൃത്യമായി ബാങ്കില്‍ നിക്ഷേപിച്ച്‌ പൈസ സ്വരൂപിക്കാന്‍ തുടങ്ങി. ആയതിനാല്‍ കറക്കത്തിനു താത്ക്കാലിക ബന്ദ്‌ പ്രഖ്യാപിച്ചു..അങ്ങനെയിരിക്കെ ഇംഗ്ലണ്ടില്‍ നിന്നും ഉപരി പഠനം കഴിഞ്ഞ്‌ വന്ന സുഹൃത്ത്‌ ഇംഗ്ലണ്ട്‌ വിശേഷങ്ങള്‍ വിളമ്പാന്‍ തുടങ്ങിയപ്പോള്‍ മുതല്‍ ഇംഗ്ലണ്ട്‌ യാത്ര, സ്വപ്നം കണ്ട്‌ തുടങ്ങി. ഇംഗ്ലണ്ടില്‍ സെക്സ്‌ വളരെ ഫ്രീയാണു. ടെലിഫോണ്‍ ബൂത്തുകളില്‍ പെണ്‍ക്കുട്ടികളുടെ ഫോട്ടോകളും, ഫോണ്‍ നമ്പരും കാണും. നമ്മള്‍ വിളിച്ചാല്‍....ദാ വന്നെത്തി കഴിഞ്ഞു എയിഡ്സ്‌ ഇല്ലായെന്ന സര്‍ട്ടിഫിക്കേറ്റുമായി നമ്മള്‍ വിളിച്ച കിളി പെണ്ണ്‍. ഇവിടെ റെയ്ഡില്ല, മറ്റ്‌ തലവേദനകള്‍ ഒന്നുമില്ല. ഇനി ഇതില്‍ കൂടുതല്‍ എന്ത്‌ വേണം ആര്‍മാദിക്കാന്‍. ഇനി മൊബെയില്‍ ഫോണ്‍ എടുക്കുമ്പോള്‍ അപേക്ഷ ഫോറം പൂരിപ്പിക്കുമ്പോള്‍ കല്യാണം കഴിച്ചിട്ടുണ്ടോ? ഡേറ്റിങ്ങില്‍ താത്‌പര്യമുണ്ടോ? മുതലായ കാര്യങ്ങള്‍ ഫില്‍ ചെയ്താല്‍ എസ്‌.എം.എസ്സായും പെണ്ണുങ്ങളുടെ പേരും ഇതര വിവരണങ്ങളും വരുമത്രേ...തേടി നടന്ന് സമയം കളയാതിരിക്കാന്‍ സായിപ്പന്മാര്‍ കണ്ട്‌ പിടിച്ച ആ വഴിയും കേട്ട്‌ കോള്‍മയിര്‍ കൊണ്ട്‌ എന്റെ കൂട്ടുകാരന്‍ ദിവാസ്വപനങ്ങള്‍ കണ്ട്‌ ഇംഗ്ലണ്ടിലേക്കുള്ള വിസയ്ക്കായി ഓടി നടന്നു. അവസാനം ആ വലിയ ദിവസം വന്നു. എന്റെ കൂട്ടുകാരന്‍ കേട്ടറിഞ്ഞ കാര്യങ്ങളുടെ എടുത്താപൊക്കാത്ത ഭാരവുമായി ഇംഗ്ലണ്ടില്ലേക്ക്‌....

അങ്ങനെ സുഹൃത്ത്‌ ഇംഗ്ലണ്ടിലെ ഗാറ്റ്‌വിക്ക്‌ എയര്‍പ്പോര്‍ട്ടില്‍ ചെന്നിറങ്ങി. അതിനു ശേഷം കൃത്യമായി തന്റെ 3 ബാഗുകളും കൈപറ്റി. എയര്‍പോര്‍ട്ടില്‍ കൂടി മറ്റുള്ളവര്‍ പോകുന്നതിനു പിന്നാലെ അവനും വെച്ചു പിടിച്ചു. നടന്നിട്ടും നടന്നിട്ടും തീരുന്നില്ല. ഇത്‌ പണ്ട്‌ തിരുവനന്തപുരത്ത്‌ സായിപ്പ്‌ വന്നപ്പോള്‍ ഓട്ടോക്കാരന്‍ 5 വട്ടം സെക്രട്ടറിയേറ്റിനു ചുറ്റും കറക്കിയ പോലെയുള്ള ഏര്‍പ്പാടു വല്ലതുമാണോ?? ആഹ...മലയാളിയെ പറ്റിക്കുന്ന സായിപ്പോ? ചോദിച്ചിട്ട്‌ തന്നെ കാര്യം. തന്റെ മുന്‍പില്‍ കൂടി പോയ സായിപ്പിനെ വിളിച്ചു വെളിയിലേക്കു ഇറങ്ങാന്‍ എന്താ വഴിയെന്ന് തിരക്കിയപ്പോള്‍ സുഹൃത്തിന്റെ ഇംഗ്ലീഷ്‌ പുള്ളിക്കും, പുള്ളിയുടെ ഇംഗ്ലീഷ്‌ ലവനും മനസ്സിലായില്ല. അവസാനം സായിപ്പു ചോദിച്ചു:- “യു ക്നോ ഇംഗ്ലിഷ്‌? ഐ ക്നോ ഇംഗ്ലീഷ്‌ ഒണ്‍ലി” യെന്ന് പറഞ്ഞ്‌ സായിപ്പു നടന്ന് നീങ്ങിയപ്പോള്‍ കോളെജു വരെ ഇംഗ്ലീഷ്‌ പഠിപ്പിച്ച സകല ഇംഗ്ലീഷ്‌ ഗുരുക്കളെയും പച്ച മലയാളത്തില്‍ മനസ്സില്‍ തെറി പറഞ്ഞ്‌ നിന്നപ്പോള്‍ മൊബയില്‍ ഫോണിന്റെ സിം കാര്‍ഡ്‌ വില്‍ക്കുന്ന വെന്‍ഡിംഗ്‌ മെഷീന്‍ കണ്ടു. ആഹ്‌ വരുന്നത്‌ വരട്ടെ. ഇനി സിം മേടിച്ചിട്ട്‌ തന്നെ കാര്യം. അവിടെ എഴുതി വെച്ചിട്ടുള്ള കാര്യങ്ങള്‍ വ്യക്തമായി വായിച്ച്‌ മനസ്സില്ലാക്കിയ ശേഷം പൈസ കൃത്യമായി ഇട്ടു കൊടുത്തു. ദാ!!! സിം കാര്‍ഡ്‌ വന്നു കഴിഞ്ഞു. നാട്ടില്‍ ഒരു സിം കാര്‍ഡ്‌ വേണമെങ്കില്‍ പാസ്സ്‌പ്പോര്‍ട്ടിന്റെ കോപ്പി വേണം, റേഷന്‍ കാര്‍ഡ്‌ വേണം, പാന്‍ കാര്‍ഡ്‌ വേണം അങ്ങനെ നൂറു നൂറു കടലാസുകള്‍. എന്നാല്‍ ദേ ഇവിടെ പൗണ്ട്‌ മാത്രം മതി. അയ്യോ...പണ്ടാരം!!! ഇവിടുന്ന് സിം കാര്‍ഡ്‌ ഇങ്ങനെ എടുത്ത കാരണം നാട്ടില്‍ വെച്ച്‌ സുഹൃത്ത്‌ പറഞ്ഞ 'ഫോം' ഫില്‍ ചെയ്തില്ല. ശോ..അപ്പോള്‍ ഫോണ്‍ വഴിയുള്ള പ്രതീക്ഷ ഇനി വേണ്ട. കൈക്കൂലി വാങ്ങിച്ച കാശല്ലേ..അതിങ്ങനെയൊക്കയേ പോകു. ഏതായാലും പറ്റിയത്‌ പറ്റി. സിം ഫോണില്‍ ഇട്ട്‌ നാട്ടിലേക്ക്‌ വിളിച്ച്‌ അമ്മക്ക്‌ ഇംഗ്ലണ്ടിലെ ഫോണ്‍ നമ്പര്‍ കൊടുത്തു. അമ്മയും അമ്മാവനും ഇംഗ്ലണ്ട്‌ യാത്രക്ക്‌ എതിരായിരുന്നു. ആയതിനാല്‍ അമ്മാവനെയും വിളിച്ച്‌ പറഞ്ഞ്‌ ദണ്ഡി യാത്ര വീണ്ടും തുടര്‍ന്നു.

അല്‍പം കൂടി മുന്‍പോട്ട്‌ നടന്നപ്പോള്‍ ദേ; പ്രകൃതിയുടെ വിളി ഇംഗ്ലണ്ടിലും കൃത്യമായി വിസ പോലുമില്ലാതെ അവനെ തേടിയെത്തി. കക്കൂസ്സ്‌ കൃത്യമായി കണ്ടെത്തിയപ്പോള്‍ അടുത്ത പ്രശനം...വെള്ളമില്ല. പകരം തുടപ്പാണു. അതിനായി പേപ്പറും കെട്ടി തൂക്കിയിട്ടിട്ടുണ്ട്‌. ഉം മിക്കവാറും….തന്റെ പട്ടി തുടയ്ക്കും. പിന്നെ തന്റെ പെട്ടികള്‍ ഒന്ന് ഒതുക്കി വെച്ചിട്ട്‌ നേരെ മിനറല്‍ വാട്ടര്‍ തേടി നടന്നപ്പോള്‍ ഒരു കൊക്കകോളായുടെ മെഷീന്‍ കണ്ണില്‍പ്പെട്ടു. നേരെ പോയി പൈസ ഇട്ട്‌ നാട്ടിലെ നൂറു രൂപയ്ക്ക്‌ ഒരു കൊക്കക്കോളാ വാങ്ങി. കൊക്കക്കോളായുടെ ബലത്തില്‍ ധൈര്യമായി കാര്യം സാധിച്ചു. അതിനു ശേഷം താന്‍ ഒരു മഹാ സംഭവം തന്നെയെന്ന ഭാവത്തില്‍ കൊക്കക്കോളാ പൊട്ടിച്ചു. ക്യാന്‍ പൊട്ടിച്ചപ്പോള്‍ ഉണ്ടായ ഠീശും***** ശബ്ദം കക്കൂസ്സില്‍ നിന്നായപ്പോള്‍, ദേ ഇതു മറ്റൊന്നുമല്ലേ...ഞാന്‍ കക്കൂസ്സിലിരുന്ന് കൊക്കകോളാ പൊട്ടിച്ചതാണേ എന്ന് വെളിയില്‍ കൂടി നില്‍ക്കുന്ന ജനങ്ങളോട്‌ ഒരു വിശദീകരണം കൊടുക്കണോയെന്ന് സുഹൃത്ത്‌ ഒരു നിമിഷം ചിന്തിച്ച്‌ പോയി. പിന്നെ!!! - പോയി പണി നോക്കാന്‍ പറ!!!. ഈ രാജ്യത്ത്‌ തനിക്ക്‌ എന്ത്‌ ഫേസ്‌ വാല്യു? വായില്‍ നിന്നും പോയ വാക്കും, ക്യാനില്‍ നിന്നും പോയ ‘ഠീശും*****’ തിരിച്ചെടുക്കാന്‍ പറ്റില്ലല്ലോ? വരാനുള്ളത്‌ വഴിയില്‍ തടയാന്‍ പറ്റത്തില്ലല്ലോ? അതു കൊണ്ടല്ലേ ഇപ്പോള്‍ തന്നെ ഈ പ്രഷര്‍ വന്നത്‌!!! കൊക്കകോള വെച്ച്‌ പുതിയ ഒരു 'ഉപയോഗ'ക്രമം നടത്തി വിജയശ്രീലാളിതനായി പുറത്ത്‌ വന്ന് വീണ്ടും യാത്ര തുടര്‍ന്നു. കുറച്ച്‌ നടന്ന് കഴിഞ്ഞപ്പോള്‍ കൊക്കകോള പറ്റിയ പ്രദേശങ്ങള്‍ ഒട്ടി പിടിക്കാന്‍ തുടങ്ങി. ആകെ മൊത്തം അസ്വസ്തത. പിന്നെ ഒരു മിനറല്‍ വാട്ടറിന്റെ മെഷീന്‍ കണ്ടതും, അത്‌ വാങ്ങി വീണ്ടും ‘സര്‍വ്വീസ്‌’ നടത്തി ആത്മവിശ്വാസത്തോടെ പുറത്ത്‌ വന്നു. ഏറ്റവുമൊടുവില്‍ സുഹൃത്ത്‌ തന്റെ പിതാമഹന്മാര്‍ ചെയ്ത സുകൃതം കൊണ്ട്‌ എയര്‍പ്പോര്‍ട്ടിനു വെളിയില്‍ കടന്നു. പിന്നെയും പെട്ടികള്‍ തൂക്കി റെയില്‍വേ സ്റ്റേഷനിലേക്ക്‌ നടന്നപ്പോള്‍ നാട്ടില്‍ സുലഭമായി കാണുന്ന നീല ഉടുപ്പുമിട്ട്‌ തലയില്‍ കെട്ടും കെട്ടി നടക്കുന്ന ഒറ്റ 'ദൈവ ദൂതന്മാരെ' പോലും കണ്ടില്ല. അവസാനം നിരങ്ങിയും വലിഞ്ഞും റയില്‍വേ സ്റ്റേഷനിലെത്തി. കിറു കൃത്യമായി ലാലുവങ്കിളിന്റെ ഗാറ്റ്‌വിക്ക്‌ എക്സ്പ്രസ്സ്‌ വന്നു. അതില്‍ കയറി ലണ്ടനില്‍ എത്തി. ലണ്ടനിലേക്കുള്ള ട്രയിന്‍ യാത്രയില്‍ വളരെ ആകാംക്ഷയോടെ കാഴ്ച്ചകള്‍ കണ്ടു. പോച്ചയും കാടും ഒക്കെ പിടിച്ച്‌ നില്‍ക്കുന്ന സ്ഥലങ്ങള്‍, പഴയ വീടുകള്‍...അങ്ങനെ ആകെ മൊത്തം ഒട്ടും പരിഷ്ക്കാരമില്ലാത്ത ഒരു നാട്ടിന്‍പുറത്തിന്റെ പ്രതീതി ജനിപ്പിച്ചു കൊണ്ടുള്ള ഒരു യാത്ര. ഇന്റര്‍നെറ്റില്‍ കൂടി നേരത്തെ ഹോട്ടല്‍ ബുക്ക്‌ ചെയ്തിരുന്നതിനാല്‍ ടാക്സിക്കാരന്‍ വളരെ മര്യാദയോടെ ഓക്സ്‌ഫോര്‍ഡ്‌ സ്റ്റ്രീറ്റിലുള്ള റാഡിസണ്‍ എഡ്വേര്‍ഡിയന്‍ ഹോട്ടലില്‍ അവനെ കൊണ്ടാക്കി പറഞ്ഞ പൗണ്ടും വാങ്ങി സ്ഥലം വിട്ടു. 4 സ്റ്റാര്‍ ഹോട്ടല്‍. പക്ഷെ ഒടുക്കത്തെ ചാര്‍ജ്ജും, പിന്നെ അതിന്റെ പുറത്ത്‌ ടാക്സും. വൈകിട്ട്‌ ചുമ്മാതെ ഒന്ന് കറങ്ങാനിറങ്ങി. ഒരു ടെലിഫോണ്‍ ബൂത്ത്‌ കണ്ടതും അതിലേക്ക്‌ വളരെ പ്രതീക്ഷയോടെ ചാടി കയറി…. .സുഹൃത്ത്‌ നാട്ടില്‍ വെച്ച്‌ പറഞ്ഞ പെണ്ണുങ്ങളുടെ ഫോട്ടോ കാണാന്‍. സമയം നല്ലതായതു കൊണ്ട്‌ ഒറ്റ ഫോട്ടോ അതില്‍ കണ്ടില്ല.[നാട്ടിലത്തെ പോലെ കോണ്‍ഗ്രസ്സോ , സി.പി.ഐ യോ ഒക്കെ ഇലക്ഷനു വേണ്ടി ബുക്ക്‌ ചെയ്തിട്ടിരിക്കുന്ന ചുമരു പോലെ ക്ലീന്‍]. ഈശ്വരാ...ഇത്‌ എന്ത്‌ പരീക്ഷണം? വിഷമം തീര്‍ക്കാന്‍ അടുത്ത്‌ കണ്ട ഹോട്ടലില്‍ കയറി രണ്ട്‌ സ്മിര്‍നോഫ്‌ വോഡ്‌ക പിടിപ്പിച്ചു. മെനു ഓടിച്ച്‌ നോക്കിയപ്പോള്‍ മനസ്സിലായത്‌ ഗ്രില്‍ഡ്‌ ചിക്കന്‍ മാത്രം. ബാക്കി എല്ലാം രാവിലെ വായില്‍ വെള്ളം ഒഴിച്ച്‌ കുലുക്കൊഴിയുമ്പോള്‍ മാത്രം വായിക്കാവുന്ന പേരുകള്‍. അങ്ങനെ ഗ്രില്‍ഡ്‌ ചിക്കനു ഓര്‍ഡര്‍ ചെയ്തു. വന്നപ്പോള്‍ അത്‌ അതിലും കഷ്ടം. ഏതോ പൂവന്‍ കോഴി ചത്ത വിഷമത്തില്‍ സതി അനുഷ്ഠിച്ച പിടക്കോഴിയെ പോലെ തോന്നി-എന്നു വെച്ചാല്‍ ഒട്ടും ഉപ്പും, എരിവും പുളിയും ഒന്നുമില്ലതെ കോഴിയെ ചുമ്മാതെ തീയിലിട്ട്‌ ചുട്ട്‌ എടുത്തിരിക്കുന്നു. വോഡ്‌കാ ചെന്നപ്പോള്‍ ഉണ്ടായ ആ എരിച്ചിലില്‍ സതി കോഴിയുടെ മുക്കാല്‍ പങ്കും തിന്നു. ഒരു ബക്കാര്‍ഡി റമ്മും അതിന്റെ പുറത്ത്‌ ഫിറ്റ്‌ ചെയ്ത്‌ അവിടുന്നിറങ്ങി. വോഡ്‌ക Vs ബക്കാര്‍ഡി റം പ്രവര്‍ത്തനം തുടങ്ങിയതിനാല്‍ റോഡില്‍ കൂടി അധികം സവാരി ഗിരി ഗിരി നടത്താതെ ഹോട്ടലില്‍ ചെന്ന് കയറി. പെട്ടെന്ന് അവന്റെ ഫോണ്‍ പ്രവര്‍ത്തിച്ചു. ആരോ എസ്‌.എം.എസ്‌ അയയ്ച്ചിരിക്കുന്നു. ദൈവമേ...വളരെ പ്രതീക്ഷയോടെ മെസ്സേജ്‌ ഓപ്പണ്‍ ചെയ്തു. മെസ്സേജ്‌ ഇങ്ങനെ:- ഏലിയാമ്മ'സ്‌ ആന്‍ഡ്‌ ഡോട്ടേഴ്‌സ്‌ നമ്പര്‍. ഏലിയാമ്മ…......മഞ്ചു….....പ്രീതി........ഹോ!!! അപാര സെറ്റപ്പ്‌ തന്നെ. ചിലപ്പോള്‍ താന്‍ സിം എടുത്തപ്പോള്‍ തന്നെ ലവന്മാര്‍ ഫോട്ടോ എടുത്തു കാണും. എന്നിട്ട്‌ ദേ! ഇതേ!! മലയാളിയായ തനിക്ക്‌ മലയാളി പെണ്മക്കളുടെ തന്നെ നമ്പര്‍ അയയ്ച്ചു തരുന്നു. ആദ്യം മഞ്ചുവിനെ വിളിച്ചു. അവള്‍ ഫോണ്‍ എടുത്തതേയില്ല. പ്രീതിയെ ട്രൈ ചെയ്തു. പ്രീതി 'നോട്ട്‌ റീച്ചബിള്‍...'. ഇവളുമാരൊക്കെ ഓട്ടം പോയിരിക്കുകയായിരിക്കും. ഗതി കെട്ടാല്‍ പുലി പുല്ലും തിന്നും. അങ്ങനെ തീരെ നിവൃത്തിയില്ലാതെ ഏലിയാമ്മയെ തന്നെ വിളിച്ചു. ഹലോ...ഏലിയാമ്മ ഫോണ്‍ എടുത്തു... ചങ്കിടിപ്പ്‌ ഏലിയാമ്മ കേള്‍ക്കാതിരിക്കാന്‍ ഫോണ്‍ അല്‍പം മാറ്റി പിടിച്ച്‌ ചോദിച്ചു: ക്യാന്‍ ഐ റ്റോക്ക്‌ റ്റു ഏലിയാമ്മ? പറഞ്ഞു തീര്‍ന്നതും സോറി..റോങ്ങ്‌ നമ്പര്‍ എന്ന് പറഞ്ഞ്‌ മറുതലയ്ക്കലെ സ്ത്രീ ഫോണ്‍ കട്ട്‌ ചെയ്തു. സംസാരത്തില്‍ അതു മലയാളി ശബ്ദം എന്ന് സുഹൃത്ത്‌ തിരിച്ചറിഞ്ഞു. ആ ചിലപ്പോള്‍ തനിക്ക്‌ വോഡ്‌കയുടെ റിയാക്ഷനില്‍ നമ്പര്‍ തെറ്റിയതായിരിക്കും. വീണ്ടും എസ്‌.എം.എസ്‌ നോക്കി വിളിച്ചു. അതേ സ്ത്രീ വീണ്ടും ഫോണെടുത്തപ്പോള്‍ മലയാളത്തിലാക്കി ചോദ്യം..അതെ അവിടെ ഏലിയാമ്മ ഉണ്ടോ? ഇല്ലായെന്ന് പറഞ്ഞ്‌ വീണ്ടും ഫോണ്‍ കട്ട്‌ ചെയ്തു. ഓഹോ അപ്പോള്‍ ഇതു കളിപ്പീരാണെല്ലേ....അയയ്ച്ചവനോടു തന്നെ ചോദിച്ചിട്ടു കാര്യം. എസ്‌.എം.എസ്‌ വന്ന നമ്പര്‍ നോക്കിയപ്പോള്‍, അതു ഇന്റര്‍നാഷണല്‍ നമ്പറില്‍ നിന്നാണു വന്നതെന്ന് മനസ്സിലായി. പിന്നെ ആ നമ്പറില്‍ വിളിച്ചു. മറുതലയ്ക്കല്‍ നിന്നും ഒരു മുരട്ട്‌ ശബ്ദം. “ഹലോ... ഐ ആം കോളിംഗ്‌ ഫ്രം ഇംഗ്ലണ്ടേ” [മല്ലു ഇംഗ്ലീഷ്‌]. അപ്പോള്‍ മറുതല്യ്ക്കല്‍ നിന്ന് :-“എടാ മലയാളത്തില്‍ പറ..ഇത്‌ അമ്മാവനാ”...ഹേ അമ്മാവനോ....[അപ്പോള്‍ ഇതാരാ ഈ ഏലിയാമ്മയും മക്കളും]... “അതേ അമ്മാവാ ഈ അയയ്ച്ചു തന്ന നമ്പര്‍ ഏതു ഏലിയാമ്മയുടെയാ?” “നിനക്ക്‌ ഇതു എന്തു പറ്റി? എടാ അത്‌ ഏലിയാമ്മയല്ല നിന്റെ ഇളയമ്മയാണു.” “ഇളയമ്മയോ?” മെസ്സേജ്‌ വീണ്ടും നോക്കിയപ്പോള്‍ [Eleyamma] എളയമ്മയെന്നും, ഏലിയാമ്മയെന്നും ഈ സാധനത്തെ വിളിക്കാമെന്ന് മനസ്സിലായതോടെ തല നന്നായി മന്ദിച്ചു. പിന്നെ ആ ഹാങ്ങോവറില്‍ പോയി കിടന്നുറങ്ങി. ഏതായാലും ഇംഗ്ലണ്ടില്‍ വന്ന് പോയില്ലേ. തന്റെ കൂടെ പഠിച്ച ഇംഗ്ലണ്ടില്‍ ഉള്ള 2-3 പേരെ വിളിച്ചു. രണ്ട്‌ പേര്‍ RNRD- റജിസ്റ്റേര്‍ഡ്‌ നേഴ്സായ ഭാര്യയുടെ റജിസ്റ്റേര്‍ഡ്‌ ഡ്രൈവറന്മാരായി ജോലി ചെയ്യുന്നു. ഭാര്യയുടെ ഡ്യൂട്ടിയും, പിള്ളാരെ നോട്ടവും ഒക്കെ കൊണ്ട്‌ പാവങ്ങള്‍ വളരെ ബിസിയാ. ഹൊ!!! ഇവനൊക്കെ നാട്ടില്‍ വരുമ്പോള്‍ കാണിക്കുന്ന ജാഡകള്‍ കണ്ടാല്‍ ലണ്ടനില്‍ ഇവനൊക്കെ ഗിണ്ടന്‍ ജോലിയായിരിക്കുമെന്നല്ലെ നമ്മള്‍ കരുതിയിരുന്നത്‌. വേറൊരുത്തനാണെങ്കില്‍ ലണ്ടനിലെ ഏതോ കുഗ്രാമത്തില്‍ താമസം. 1-2 ദിവസം മിസ്സായി പോയതിന്റെ ക്ഷീണം തീര്‍ക്കാന്‍ സിറ്റി ടൂറുകാരുടെ കൂടെ പോയി ഇംഗ്ലണ്ട്‌ കറങ്ങി കണ്ടു. ഗൈഡന്മാര്‍ എല്ലാം വാര്‍ദ്ധക്ക്യ പെന്‍ഷന്‍ മേടിക്കുന്ന, നടക്കാന്‍ പോലും വയ്യാത്തവര്‍. പിന്നെ ആകെ ആശ്വാസം രാത്രി പത്ത്‌ മണി കഴിഞ്ഞുള്ള റ്റിവി സിനിമകളായിരുന്നു. മിക്ക സിനിമകളും വിദ്യാഭ്യാസ സിനിമകളായിട്ടാണു പ്രദര്‍ശിപ്പിക്കുന്നത്‌. ഓഹ്‌ !!! ഈ സിനിമകള്‍ക്ക്‌ മുന്‍പില്‍ നമ്മുടെ ഷക്കീലായന്റി ചിത്രങ്ങള്‍ എത്രയോ വിശുദ്ധം. ആന്റിക്ക്‌ അറ്റ്‌ലീസ്റ്റ്‌ ഒരു ടര്‍ക്കി ടവ്വലെങ്കിലും കാണും. ആയതിനാല്‍ രാത്രി 10.00 മണി കഴിഞ്ഞ്‌ അവനും ഉറക്കമിളച്ചു പഠിച്ചു. അങ്ങനെ അറിയാത്ത പല കാര്യങ്ങളും പഠിച്ച്‌, 'ജീനിയസ്സായി'.

പാര്‍ക്കും, തേംസ്‌ നദിയും, മ്യൂസിയവും, പാര്‍ലമെന്റും, കൊട്ടാരവും ഒക്കെ കറങ്ങി കണ്ട്‌ കൈയിലുള്ള പൗണ്ടും തീര്‍ന്ന് പോരുന്നതിനു തലേ ദിവസം അമ്മാവന്‍ വിളിച്ചു ചോദിച്ചു:-എന്താടാ ഇത്രയും ദിവസം നീ അവിടെ കറങ്ങിയിട്ടും ഇളയമ്മയെയും മക്കളെയും വിളിക്കാഞ്ഞതെന്ന്??? ഇളയമ്മയെ പറ്റി ഒരക്ഷരം സംസാരിച്ചു പോകരുതെന്ന് അമ്മാവനോടു പറയണമെന്ന് തോന്നിയെങ്കിലും താന്‍ ഭയങ്കര ബിസിയായിരുന്നുവെന്ന് കള്ളം പറഞ്ഞപ്പോള്‍, "ഓഹ്‌!! എന്ന് പറഞ്ഞാല്‍ നീ അവിടെ ഗോള്‍ഡന്‍ ബ്രവണുമായി ആണവ കരാറിനെ പറ്റി ചര്‍ച്ചയ്ക്ക്‌ പോയതല്ലേ-; ബിസിയാകാന്‍? “ എന്ന് പിറുപിറുത്തു അമ്മാവന്‍ ഫോണ്‍ കട്ട്‌ ചെയ്തു.

അവസാനം കൊച്ചിയില്‍ വിമാനമിറങ്ങിയപ്പോള്‍ അറിയുന്നു ഹര്‍ത്താലാണെന്ന്.!!! ഏഴാം ക്ലാസ്സിലെ മതമില്ലാത്ത ജീവന്‍ എന്ന പുസ്തകം പിന്‍വലിക്കണമെന്നാവശ്യപ്പെട്ടുള്ള ഹര്‍ത്താല്‍ . ദൈവമേ!!! ലണ്ടനില്‍ രാത്രി 10.00 മണിക്ക്‌ ശേഷം സംപ്രേക്ഷണം ചെയ്യുന്ന “വിദ്യാഭ്യാസ സിനിമകള്‍” ഈ സമര നേതാക്കള്‍ കണ്ടാല്‍, റ്റിവിയുടെ മുന്‍പില്‍ കുത്തിയിരുന്ന് സത്യാഗ്രഹം നടത്തി ജീനിയസ്സായേനെ!!! ബേബി സാറെ...നമ്മള്‍ക്ക്‌ ഇനി ഈ സിനിമകള്‍ കൂടി ഒന്ന് ട്രൈ ചെയ്താലോ???

Tuesday 15 July 2008

കുടിയനപ്പച്ചനും...കുരുത്തക്കേടുകളും

അമ്മ പതിവു പോലെ രാവിലെ എഴുന്നേറ്റ്‌, കാപ്പി ഇട്ട്‌, പട്ടികളെ പൂട്ടി, പത്രം എടുക്കാന്‍ ഗേറ്റിന്റെ അടുത്ത്‌ ചെന്നു. അവിടെ ചെന്നപ്പോള്‍ ഗേറ്റിന്റെ പുറത്ത്‌ ഒരു മണ്‍ക്കുടം/കലം പൊട്ടി കിടക്കുന്നത്‌ കണ്ടു. ഇത്‌ എന്ത്‌ മറിമായം? അമ്മ സംഭവ സ്ഥലം വളരെ വിദഗ്ദമായി പരിശോധിച്ചു. അന്വേഷണത്തില്‍ ഒരു പുരോഗതിയും ഇല്ലാഞ്ഞതിനെ തുടര്‍ന്ന്, അപ്പ സംഭവസ്ഥലത്തെത്തി. പൊട്ടിയ കുടത്തിന്റെ അവശിഷ്ടങ്ങള്‍ നോക്കി അതിന്റെ 'ഫേസ്‌ കട്ട്‌' മനസ്സില്ലാക്കാന്‍ ഒരു വൃഥാശ്രമം നടത്തി. അവസാനം അപ്പയും എഴുന്നേറ്റ്‌ കൈ മലര്‍ത്തി. പിന്നെ അമ്മ നേരെ പട്ടികളുടെ അടുത്തേക്ക്‌ ചെന്ന് അവറ്റകളോട്‌ ചൂടായി:- വെറുതെ തീറ്റയും തിന്ന് കിടക്കുന്നു...'പടിക്കല്‍ കൊണ്ട്‌ കുടം ഒടച്ചിട്ട്‌ അതാരാണെന്ന് പോലും അറിയില്ല'. ഇന്ന് നോക്കിക്കോ...ഞാന്‍ തീറ്റ തരില്ല എന്നൊക്കെ പറയുന്നത്‌ കേട്ടിട്ടും മലയാളം ഞങ്ങളുടെ മാതൃഭാഷയല്ല...നീ രാവിലെ വെറുതെ ഇങ്ങനെ വെറുതെ കുരച്ചിട്ട്‌ ഒരു കാര്യവുമില്ലായെന്ന ഭാവത്തില്‍ അവറ്റകള്‍ കിടന്നു. ശബ്ദകോലാഹലങ്ങള്‍ കേട്ട്‌ ഞാനും ചേച്ചിയും സ്പോട്ടിലെത്തി. കാര്യങ്ങള്‍ ചോദിച്ച്‌ മനസ്സിലാക്കി. ഈ സംഭവം നടക്കുന്നതിനു കുറച്ച്‌ ദിവസങ്ങള്‍ക്ക്‌ മുന്‍പാണു ഞങ്ങള്‍ ‘മുക്കവനെ സ്നേഹിച്ച ഭൂതം’ എന്ന സിനിമാ കണ്ടത്‌. അതിലെ ചില രംഗങ്ങള്‍ എന്റെ മനസ്സില്‍ കൂടി മിന്നി മറിഞ്ഞു. ഞാന്‍ അപ്പയോട്‌ വിളിച്ച്‌ പറഞ്ഞു:- അപ്പേ!!! ഇനി അതു പോലെ വല്ല ഭൂതത്തിന്റെയും കുടമായിരിക്കുമോയിത്‌? എങ്കില്‍ നമ്മള്‍ രക്ഷപ്പെട്ടു. ഞാന്‍ പൊട്ടിയ കുടത്തില്‍ തൊട്ട്‌ ഭൂതത്തെ വിളിച്ചു കൊണ്ടിരുന്നു. അപ്പയക്ക്‌ എന്റെ പ്രവര്‍ത്തനങ്ങള്‍ അത്ര ബോധിച്ചില്ല. അപ്പ സ്റ്റാര്‍ട്ട്‌, ക്യാമറ, 'ആക്ഷന്‍' പറയുന്നതിനു മുന്‍പെ ഞാന്‍ ആ ഭൂതത്തെക്കാള്‍ ഫാസ്റ്റായി സ്ഥലം കാലിയാക്കി. നമ്മുടെ ജോലിക്കാര്‍ വന്നു. പണി ചെയ്യാതെ സമയം കളയാന്‍ കിട്ടിയ ഈ സുവര്‍ണ്ണാവസരം അവര്‍ ശരിക്കും എന്‍ജോയി ചെയ്തു. അവസാനം എല്ലാവരും ഒറ്റ കണ്‍ക്ലൂഷ്യനില്‍ എത്തി-കൂടോത്രം. അതും മണ്‍ക്കുടത്തില്‍. അതി ഭയങ്കരമായ ക്ഷുദ്ര പ്രയോഗമാണത്‌. അഭിപ്രായങ്ങള്‍ പലത്‌ വന്നതോടെ അമ്മ അതിനെ മറികടക്കാന്‍ ഒരു 7 ദിവസത്തെ ഉപവാസം പ്രഖ്യാപിച്ചു...കൂടാതെ ആള്‍രൂപങ്ങള്‍, മെഴുകുതിരികള്‍, പിടിപ്പണം അങ്ങനെ പുറത്ത്‌ പറയാത്ത നേര്‍ച്ചകള്‍ വേറെ. അമ്മ ഉപവാസം പ്രഖ്യാപിച്ചതോടെ അപ്പയും ഉപവാസം ഉറപ്പിച്ചു. എനിക്ക്‌ പണ്ടേ ഭക്ഷണം വേണ്ടാത്തതു കൊണ്ട്‌ ഞാനും ഉപവാസം ഏറ്റെടുത്തു. പിന്നെ വീട്ടിലെ നായ്ക്കള്‍ക്ക്‌ ശിക്ഷണ നടപടിയായി നിര്‍ബന്ധിത ഉപവാസം. അങ്ങനെ ഉപവാസത്തിലും പ്രാര്‍ത്ഥനയിലും ദിനങ്ങള്‍ കഴിച്ച്‌ നീക്കി. ഏതായാലും കൂടോത്രത്തിന്റെ സൈഡ്‌ എഫെകറ്റ്‌സ്‌ ഒന്നും വീട്ടില്‍ കണ്ടില്ല.

മാസങ്ങള്‍ കടന്ന് പോയി. ഒരു ദിവസം ഞാനും അപ്പയും കൂടി തിരുവല്ലയില്‍ ഷോപ്പിങ്ങും ഒക്കെ നടത്തി സാധനങ്ങള്‍ വണ്ടിയില്ലേക്ക്‌ വെയ്ക്കുമ്പോള്‍, നമ്മുടെ ബന്ധത്തിലുള്ള ഒരു അപ്പച്ചന്‍ അടിച്ച്‌ കോണ്‍ തെറ്റി നില്‍ക്കുന്നു. [ഓഹ്‌ അതിനു ഞാന്‍ ഈ അപ്പച്ചന്‍ പച്ചയായി നില്‍ക്കുന്നത്‌ കണ്ടിട്ടേയില്ല.] എത്ര ഫിറ്റായാലും അപ്പച്ചന്‍ വാള്‍ വെക്കില്ല, റോഡില്‍ കിടക്കുകയില്ല, ചീത്തയും തെറിയും ഒന്നും പറയില്ല. അതാണു അപ്പച്ചന്റെ സ്പെഷ്യാലിറ്റി. ചിലപ്പോള്‍ അടിച്ച്‌ ഫിറ്റായി കഴിഞ്ഞാല്‍ നമ്മുടെ വീട്ടില്‍ വരും. ഇപ്പോള്‍ കുറേ നാളായി അപ്പച്ചനെ കണ്ടിട്ടും. അപ്പച്ചനെ കണ്ടതും അപ്പ പോയി അപ്പച്ചനെ പിടിച്ചു. അല്‍പനേരത്തെ കുശലാന്വേഷണത്തിനു ശേഷം അപ്പച്ചനെ പിടിച്ച്‌ അപ്പ വണ്ടിയില്‍ കൊണ്ടിരുത്തിയിട്ട്‌ വീണ്ടും ബാക്കി സാധനങ്ങള്‍ എടുക്കാന്‍ കടയിലേക്ക്‌ പോയി. കടയില്‍ നിന്നിറങ്ങിയപ്പോള്‍ അപ്രതീക്ഷിതമായി പെട്ടെന്ന് മഴ. ആയതിനാല്‍ ഞങ്ങള്‍ ആ കടതിണ്ണയില്‍ ഏറേ നേരം നിന്നു. മഴ ഒന്ന് തോര്‍ന്നപ്പോള്‍, ഞങ്ങള്‍ ചെന്നപ്പോള്‍, വണ്ടിയില്‍ അപ്പച്ചനില്ല. അപ്പ ചുറ്റും നോക്കി. അപ്പച്ചനെ കണ്ടില്ല. വീണ്ടും അടിക്കാന്‍ പോയതായിരിക്കും... അഹ്‌..നമ്മള്‍ക്ക്‌ പോകാം. അപ്പ വണ്ടിയില്‍ കയറി, സാധനങ്ങള്‍ എല്ലാം പെറുക്കി വെച്ച്‌ വണ്ടി ഓടിക്കാന്‍ താക്കോല്‍ നോക്കിയപ്പോള്‍ താക്കോല്‍ കാണുന്നില്ല. അപ്പ പോക്കറ്റില്‍ നിന്ന് പൈസയും ബില്ലും എല്ലാം വലിച്ച്‌ വാരിയിട്ട്‌ നോക്കി. പിന്നെ കൊണ്ട്‌ വന്ന് വെച്ച സാധനങ്ങള്‍ എല്ലാം ഒന്ന് മാറ്റി നോക്കി. അവിടെയും കണ്ടില്ല. പിന്നെ വീണ്ടും കടയിലേക്ക്‌ പോയി. അവിടുത്തെ കൗണ്ടറിലും പരിസരത്തും ഒക്കെ നോക്കി. പിന്നെ കാണാതെ പോയ അപ്പച്ചനെ തപ്പാന്‍ തന്നെ നിശ്ചയിച്ചു. ഇപ്പോഴത്തെ ചാലക്കുഴി ബസാറിന്റെ അകത്ത്‌ ഒരു ഷാപ്പുണ്ട്‌. പക്ഷെ അപ്പയ്ക്ക്‌ അവിടെ കയറി അപ്പച്ചനെ തിരക്കാന്‍ മടി. കോളെജില്‍ പഠിക്കുമ്പോള്‍ A പടം കാണാന്‍ പോകുന്ന കോളെജ്‌ കുമാരനെ പോലെ അപ്പ ചുറ്റും നോക്കി, ഷാപ്പിനുള്ളില്‍ എന്റെ കൈ പിടിച്ച്‌ കയറി. [ഞാനാരാ മോനെന്ന് ഇപ്പോള്‍ നിങ്ങള്‍ക്ക്‌ മനസ്സിലായോ]. ഷാപ്പിന്റെ ഉടമസ്ഥനോട്‌ അപ്പച്ചനെ തിരക്കിയപ്പോള്‍, ഇന്നത്തെ ക്വോട്ടാ കഴിഞ്ഞ്‌ പോയിയെന്ന് പറഞ്ഞു. ഇനി ഉള്ളത്‌ ഒരു ബാര്‍ ഹോട്ടലാണു. അവിടെയും എന്നെയും കൊണ്ട്‌ അപ്പ പോയി. അവിടെ ചെന്നപ്പോള്‍ മാരാമണ്‍ കണ്‍വെന്‍ഷന്‍ നടക്കുന്ന പ്രതീതി. ‘ഷിയോന്‍ ഷഞ്ചാഴി ഞാന്‍...യേഷുവില്‍ ചാഴി ഞാന്‍...പോകുന്നു കുരിഷിന്റെ പാഴയില്‍... നിന്നെന്ന് പാട്ടു പാടി, ആ പാതയില്‍ വീണു കിടക്കുന്ന സഞ്ചാരിയെ തട്ടി ഞങ്ങള്‍ ബാറിനുള്ളില്‍ പ്രവേശിച്ചു. ആ ബാറിലെ ഇരുണ്ട വെളിച്ചത്തില്‍ അപ്പച്ചനെ തിരഞ്ഞു. ഇല്ല, അവിടെയും ഇല്ല...ഇത്‌ ‘റോഡില്‍ നിന്ന പാമ്പിനെ എടുത്ത്‌ കാറില്‍ വെച്ചെ’ന്ന് പറഞ്ഞ പോലെയായല്ലോ....അപ്പ പിറുപിറുത്തു. ഇനി ട്രാന്‍സ്പ്പോര്‍ട്ട്‌ സ്റ്റാന്‍ഡില്‍ ഒന്ന് നോക്കാമെന്ന് പറഞ്ഞ്‌ സ്റ്റാന്‍ഡില്‍ കയറി നോക്കിയപ്പോള്‍, സ്റ്റാന്‍ഡിന്റെ ഒരു മൂലയില്‍, നമ്മുടെ വണ്ടിയില്‍ നിന്നെടുത്ത ഒരു കവര്‍ തലയ്ക്ക്‌ മുകളില്‍ പിടിച്ച്‌ നില്‍ക്കുന്ന അപ്പച്ചനെ കണ്ടു. അപ്പച്ചന്റെ അടുത്ത്‌ ചെന്ന് അപ്പ പറഞ്ഞു, അച്ചായന്‍ നല്ല പണിയാ കാണിച്ചത്‌. വണ്ടിയുടെ താക്കോല്‍ എന്തിയേ? താക്കോലോ...ഞാന്‍ എങ്ങും എടുത്തില്ല. പിന്നെ ഈ ഒരു കൂട്‌ സാധനം എടുത്തു. മഴ നനയാതെയിരിക്കാന്‍. വേറെ ഒന്നും ഞാന്‍ എടുത്തില്ല. അപ്പച്ചന്‍ കൈ മലര്‍ത്തി. അപ്പ താണു വീണു. അച്ചായാ... അച്ചായന്‍ അത്‌ എടുത്തെങ്കില്‍ ഇങ്ങ്‌ താ... ഇല്ലെടോ കുഞ്ഞുമോനെ..ഞാന്‍ എടുത്തില്ല. സംശയമുണ്ടെങ്കില്‍ താന്‍ തപ്പിക്കോ എന്ന് പറഞ്ഞ്‌ ആ സ്റ്റാന്‍ഡില്‍ അപ്പച്ചന്‍ സുവിശേഷ പ്രവര്‍ത്തകനെ പോലെ ആകാശത്തേക്ക്‌ കൈകള്‍ ഉയര്‍ത്തി നിന്നു. അപ്പ ആ ജുബ്ബയുടെ പോക്കറ്റില്‍ കൈയിട്ട്‌ നോക്കി. കുറച്ച്‌ നോട്ടുകളും, ചില്ലറ പൈസയും കൈയില്‍ തടഞ്ഞതല്ലാതെ താക്കോല്‍ കൈയില്‍ മുട്ടിയില്ല. അവസാനം അപ്പ പറഞ്ഞു, അച്ചായന്‍ താക്കോല്‍ എടുത്തില്ലായെങ്കില്‍ ഞാന്‍ വര്‍ക്‌ക്‍ഷോപ്പില്‍ നിന്ന് ആളിനെ കൊണ്ട്‌ വന്ന് ബാറ്ററി യില്‍ നിന്ന് നേരിട്ട്‌ കറന്റ്‌ എടുത്ത്‌ ശരിയാക്കാന്‍ പോവുകയാ...അച്ചായന്‍ താക്കോല്‍ എടുത്തെങ്കില്‍ ഇങ്ങ്‌ താ... ശെ!!! ഇതെന്താ ഈ കുഞ്ഞുമോനോട്‌ പറഞ്ഞാല്‍ മനസ്സിലാകില്ലേ...കുഞ്ഞുമോനും കുടിച്ചിട്ടുണ്ടോ? ഞാന്‍ എടുത്തില്ലാന്നെല്ലേ പറഞ്ഞത്‌...അങ്ങനെ അവസാനം അപ്പ മനസ്സില്ലാ മനസ്സോടെ വര്‍ക്‌ക്‍ഷോപ്പില്‍ നിന്ന് ഒരു പയ്യനെ കൊണ്ട്‌ വന്ന് ഏറെ നേരത്തെ അദ്ധ്വാനത്തിനു ശേഷം വണ്ടി സ്റ്റാര്‍ട്ടാക്കി. വണ്ടി സ്റ്റാര്‍ട്ടായതും അപ്പച്ചന്‍ ചാടി വണ്ടിയുടെ മുന്‍സീറ്റില്‍ സ്ഥാനം പിടിച്ചു. വീടു വരെ ആരും ഒന്നും സംസാരിച്ചില്ല. വീട്ടില്‍ ചെന്ന് കയറിയിട്ട്‌ അപ്പ അമ്മയോട്‌ ഒരു ചൂട്‌ കാപ്പി ഇടാന്‍ പറഞ്ഞിട്ട്‌ ഞങ്ങള്‍ക്ക്‌ നേരിട്ട്‌ കരളലിയിക്കുന്ന കഥ പറഞ്ഞു. കഥയ്ക്കിടയ്ക്ക്‌ വെച്ച്‌ അപ്പച്ചന്‍ പറഞ്ഞു...ഞാന്‍ ആ താക്കോല്‍ ഒന്നും എടുത്തില്ല. വണ്ടിയില്ലാത്ത എനിക്ക്‌ എന്തിനാ താക്കോല്‍? അതെന്താ നിങ്ങള്‍ ആരും മനസ്സിലാക്കാത്തെ? ഇത്രയും പറഞ്ഞ്‌ അപ്പച്ചന്‍ തന്റെ ജുബ്ബ പൊക്കി, മുണ്ട്‌ ഒന്ന് മുറുക്കി കുത്തിയപ്പോള്‍, ക്നിം, ണിം ശബ്ദത്തോടെ എളികുത്തില്‍ നിന്നും താക്കോല്‍ താഴെ. താക്കോല്‍ താഴെ വീണത്തും അപ്പ ചാടി അതെടുത്ത്‌ അപ്പച്ചനെ വായില്‍ വന്നതെല്ലാം പറഞ്ഞു. അവസാനം അപ്പച്ചന്‍ പറഞ്ഞു, എനിക്ക്‌ കുഞ്ഞുമോനോട്‌ നല്ല ദേഷ്യം ഉണ്ടായിരുന്നു. അപ്പയ്ക്ക്‌ ഇതും കൂടി കേട്ടപ്പോള്‍ പിന്നെയും ദേഷ്യം വന്നു. ഞാന്‍ എന്താ അച്ചായന്റെ വല്ലോം മോഷ്ടിച്ചോ? എന്നോട്‌ ദേഷ്യം ഉണ്ട്‌ പോലും...അപ്പ പിറുപിറുത്തു. അതിനു അപ്പച്ചന്‍ പറഞ്ഞു:- കുറച്ച്‌ മാസങ്ങള്‍ക്കു മുന്‍പ്‌ ഞാന്‍ ഒരു രാത്രിയില്‍ പെരുന്തുരുത്തി ഷാപ്പില്‍ നിന്നും കുടിച്ചിട്ട്‌ വണ്ടി കിട്ടാതെ നടന്ന് വന്ന്, ദേവസ്വം ബോര്‍ഡ്‌ സ്‌ക്കൂളിന്റെ അടുത്തുള്ള ആ മുറുക്കാന്‍ കടയുടെ മൂലയ്ക്ക്‌ വെള്ളം വെച്ചിരുന്ന വലിയ ഒരു കുടവും ചുമ്മി ഞാന്‍ ഇവിടെ വന്നപ്പോള്‍ ഗേറ്റിന്റെ അവിടെ കുരച്ചും കൊണ്ട്‌ പട്ടി. അവസാനം അത്രയും പാടുപ്പെട്ട്‌ ചുമ്മി കൊണ്ട്‌ വന്ന ആ കുടം പട്ടിക്ക്‌ എറിഞ്ഞ്‌ കൊടുത്തിട്ട്‌ ഞാന്‍ പോയി. അത്രയും കഷ്ടപ്പെട്ട്‌ ഞാന്‍ കൊണ്ട്‌ വന്ന ആ കുടം പൊട്ടിയപ്പോള്‍ എനിക്കുണ്ടായ ആ ദേഷ്യം ഇന്നാണു തീര്‍ന്നത്‌..സത്യം. പിന്നെ അപ്പയ്ക്ക്‌ അപ്പച്ചന്‍ വക ഒരു താക്കീതും..വണ്ടി കൊണ്ട്‌ നടക്കുന്നവന്‍ താക്കോല്‍ സൂക്ഷിക്കണം. ഏതായാലും ഈ സംഭവത്തോടെ അപ്പ രണ്ട്‌ കാര്യം പഠിച്ചു..1] താക്കോല്‍ സൂക്ഷിക്കാനും...2]. വെള്ളം അടിച്ചവരെ വണ്ടിയില്‍ കയറ്റാതിരിക്കാനും. ഈ കഥയുടെ ക്ലൈമാക്സ്‌ കേട്ടപ്പോള്‍ ഹര്‍ബജന്റെ അടി കൊണ്ട്‌ കവിള്‍ വീര്‍ത്ത ശ്രീശാന്തിനെ പോലെ അമ്മയുടെ കവിളുകള്‍ ദേഷ്യം കൊണ്ട്‌ വീര്‍ത്തു. കണ്ണുകള്‍ നിറഞ്ഞു... 7 ദിവസത്തെ ഉപവാസം, പിടിപ്പണം, ആള്‍രൂപം ഇവയൊക്കെയാണു ആ കുടം പൊട്ടിയതിനേക്കാള്‍ ഉച്ചത്തില്‍ പൊട്ടി വീണതെന്ന് ഇനിയും പ്രത്യേകിച്ച്‌ പറയേണ്ടതില്ലല്ലോ...